കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ കര്‍ശനനിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് ലോകരാജ്യങ്ങള്‍. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞു. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും കര്‍ശനനിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളില്‍ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പോലും പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ട്. 

നിയന്ത്രണങ്ങൾ മൂലം ചൈനയില്‍ പലയിടത്തും രൂക്ഷമായ ഭക്ഷ്യക്ഷാമം നിലനില്‍ക്കുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷ്യക്ഷാമം നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ലെന്നാണ് അവിടുന്നുള്ള റിപ്പോര്‍ട്ടുകള്‍. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ ആളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിക്കുന്നുമുണ്ട്. 

ഭക്ഷ്യക്ഷാമം കടുത്തതോടെ ആളുകള്‍ ബാര്‍ട്ടര്‍ സംവിധാനത്തിലേക്ക് നീങ്ങുകയാണെന്നും ബി.ബി.സി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഗരറ്റിനും മൊബൈല്‍ഫോണിനും പകരം ചൈനക്കാര്‍ പച്ചക്കറികള്‍ വാങ്ങുന്ന ചിത്രങ്ങള്‍ ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയില്‍ പങ്കുവയ്ക്കുന്നുണ്ട്. അധികൃതര്‍ സൗജന്യമായി വീടുകളില്‍ ഭക്ഷണമെത്തിച്ച് നല്‍കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണെന്ന പരാതികള്‍ ഉയരുന്നുണ്ട്. 

സിഗരറ്റിനു പകരം കാബേജും പാത്രം കഴുകുന്ന ലോഷന് പകരം ആപ്പിളും സാനിറ്ററി പാഡിന് പകരം പച്ചക്കറികളും വാങ്ങുന്ന ചിത്രങ്ങള്‍ വെയ്‌ബോയില്‍ ആളുകള്‍ പങ്കുവെച്ചു. 

ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന ആളുകള്‍ പരസ്പരം സാധനങ്ങള്‍ കൈമാറുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. കാരണം, അവരുടെ പക്കല്‍ വിശപ്പുമാറ്റുന്നതിനുള്ള ഭക്ഷണം ഇല്ല-റേഡിയോ ഫ്രീ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ചൈനീസ് സ്വദേശി പറഞ്ഞു. മറ്റൊരാള്‍ സ്മാര്‍ട്ട്‌ഫോണിനും ടാബ്‌ലെറ്റിനും പകരം അരി വാങ്ങിയതായും റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടു ചെയ്തു. 

ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 23 മുതല്‍ ഏകദേശം 13 മില്ല്യണ്‍ ആളുകള്‍ വീടുകളില്‍ അടച്ചുപൂട്ടപ്പെട്ട അവസ്ഥയിലാണുള്ളത്. ഭക്ഷണം വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഇവര്‍ക്ക് അനുവാദമില്ല.

Content highlights: covid 19 restrictions in china, impose strict restrictions, barter system in china