-
കൊറോണ ഭീതി പലഹാരഗ്രാമമായ മാഞ്ഞാലിയേയും ബാധിച്ചുതുടങ്ങി. പ്രളയത്തെവരെ അതിജീവിച്ച ഇവിടത്തെ സമ്പദ്വ്യവസ്ഥ കൊറോണയെന്ന മഹാമാരി തകര്‍ത്തുകളയുമോ എന്ന ആശങ്കയിലാണ് മാഞ്ഞാലിയിലെ പാചകക്കാര്‍. ഹല്‍വ നിര്‍മാണത്തിന് പേരുകേട്ട ഗ്രാമമാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി. മാഞ്ഞാലി ബിരിയാണിയും പ്രസിദ്ധമാണ്. കൂടാതെ കായ ഉപ്പേരി മുതല്‍ ലഡു, ജിലേബി തുടങ്ങിയ മധുരപലഹാരങ്ങള്‍ തയ്യാറാക്കി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്കും ഇവിടെനിന്ന് എത്തിക്കുന്നുണ്ട്. മാഞ്ഞാലി ഹല്‍വ കടല്‍കടന്നും പോകുന്നുണ്ട്.
നെടുമ്പാശ്ശേരി പറവൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മാഞ്ഞാലിപ്പാലം കഴിഞ്ഞാല്‍ കാണുന്ന ബിരിയാണി ഹട്ടുകള്‍ ഭക്ഷണപ്രിയരെയെല്ലാം ആകര്‍ഷിക്കും. ബിരിയാണി തയ്യാറാക്കി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ ഭാഗത്തുതന്നെ നിരവധിയുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് സമീപപ്രദേശങ്ങളിലുള്ളവരെല്ലാം അഭയംപ്രാപിച്ചത് ഉയരമുള്ള ഈ പ്രദേശത്താണ്. അവര്‍ക്കെല്ലാം സ്ഥിരമായി അന്നംവിളമ്പിയും മാഞ്ഞാലിയിലെ പാചകക്കാര്‍ പേരുകേട്ടു.
പ്രളയകാലത്ത് കച്ചവടം തീരെക്കുറഞ്ഞെങ്കിലും എല്ലാത്തില്‍നിന്നും കരകയറിവരുന്നതിനിടെയാണ് കൊറോണ ഭീഷണി. സംസ്ഥാനത്തൊട്ടാകെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ബാധിച്ചിരിക്കുന്ന മാന്ദ്യം ഗ്രാമത്തിലും പ്രതിഫലിക്കുന്നുണ്ട്. എല്ലാ ഭാഗത്തേക്കും പലഹാരങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്ന മാഞ്ഞാലിയില്‍നിന്ന് ഇപ്പോള്‍ ഒരു വണ്ടിപോലും നീങ്ങുന്നില്ല. ഹല്‍വ നിര്‍മാണ യൂണിറ്റുകള്‍ പലതും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും ഉത്പാദനം പകുതിയായി കുറച്ചു. അതുപോലെതന്നെ ബിരിയാണിക്കടകളിലും ആളുകള്‍ തീരെ കയറുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Content Highlights: Corona Affects Food Village
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..