കോയമ്പത്തൂര്‍: ഒരുവര്‍ഷമായി അടഞ്ഞു കിടന്ന ജയില്‍ ബസാര്‍ വീണ്ടും സജീവമായി. ഗാന്ധിപുരം സെന്‍ട്രല്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശം സെന്‍ട്രല്‍ ജയില്‍ പരിസരത്താണ് ബസാര്‍ പ്രവര്‍ത്തനം.
 
അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നതാണ് തടവുകാര്‍ നടത്തിയിരുന്ന ബസാര്‍. 50 തടവുകാര്‍ ബസാറില്‍ ജോലിക്കാരായുണ്ട്. ബസാറില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കിട്ടും.
 
വാഹനപാര്‍ക്കിങ് സ്റ്റാന്‍ഡ്, ടീസ്റ്റാള്‍, ഹെയര്‍ സലൂണ്‍, ബേക്കറി, ഇസ്തിരിക്കട എന്നിവയുമുണ്ട്. ആരോപണം സംബന്ധിച്ച് മുന്‍ എ.ഡി.ജി.പി. സി. ശൈലേന്ദ്രബാബു നടത്തിയ അന്വേഷണങ്ങള്‍ക്കു ശേഷമാണ് ബസാര്‍ തുറക്കാന്‍ തിരുമാനമായത്.
 
തടവുകാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ അവസരം നല്‍കുന്നതു കൂടിയാണ് ബസാറിന്റെ പ്രവര്‍ത്തനം. ഒരു കപ്പ് ചായയും രണ്ടുവടയും പത്തു രൂപയ്ക്ക് ടീസ്റ്റാളില്‍ ലഭിക്കും. രണ്ടു ബജിക്കും വില അഞ്ചു രൂപ തന്നെ. തലമുടി വെട്ടാന്‍ 40 രൂപയും ഷേവു ചെയ്യാന്‍ 20 രൂപയുമാണ് സലൂണില്‍ ഈടാക്കുക.

നിത്യേന രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ ബസാര്‍ പ്രവര്‍ത്തിക്കും. നഗരപ്രദേശത്ത് എവിടെയും ഇത്രയും കുറഞ്ഞ നിരക്കില്‍ ചായയും ലഘുഭക്ഷണവും കിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് എം. സെന്തില്‍കുമാര്‍ പറയുന്നു.

പണം നല്‍കി വാഹനപാര്‍ക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇരുചക്രവാഹനം പത്തു രൂപയ്ക്ക് 12 മണിക്കൂറും 15 രൂപയ്ക്ക് 24 മണിക്കൂറും പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ നിര്‍ത്താം. 250 രൂപ നിരക്കില്‍ ഒരുമാസത്തേക്ക് ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യാം. കാര്‍പാര്‍ക്കിങ് ചാര്‍ജ് 12 മണിക്കൂറിന് 25 രൂപയും 24 മണിക്കൂറിന് 50 രൂപയുമാണ്. 
 
Content Highlights: Coimbatore Central Prison Bazar, Prison Bazaar, Coimbatore Central Prison, food, tasty, Coimbatore, Coimbatore Bazar