ചൗ മിഠായി... പേരു കേള്‍ക്കുമ്പോഴേ കുട്ടിക്കാലത്തേറെ രുചിച്ച ആ മധുരം നാവിലേയ്ക്ക് ഓടി വരുന്നില്ലേ.. ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതരീതിയില്‍ ചൗ മിഠായികളൊരുക്കുകയാണ് പൊയ്യയിലെ കാനാടി വീട്ടില്‍. തലമുറകള്‍ക്കിപ്പുറവും ഈ മിഠായിയോടുള്ള പ്രിയമേറുകയാണ്. ശര്‍ക്കര മിഠായി, ചൗ മിഠായി, പല്ലൊട്ടി, അമ്മായി മിഠായി എന്നിങ്ങനെ വ്യത്യസ്തമായ പേരുകളുണ്ട് ചൗ മിഠായിക്ക്.

കാനാടി വീട്ടില്‍ 1951-ലാണ് മിഠായിനിര്‍മാണം തുടങ്ങിയത്. ആദ്യം കുഞ്ഞാണ്ടിയുടെ നേതൃത്വത്തിലാണ് മിഠായി നിര്‍മാണം തുടങ്ങിയത്. തുടര്‍ന്ന് മകന്‍ കൃഷ്ണന്‍കുട്ടിവഴി ഇപ്പോഴത്തെ തലമുറയായ ശിവശങ്കരന്‍, വിശ്വംഭരന്‍ എന്നിവരിലെത്തി നില്‍ക്കുന്നു ഈ മിഠായിമധുരം. തലമുറകള്‍ കൈമാറിയിട്ടും തനിമയും കൈപ്പുണ്യവും ഇഴചേര്‍ന്ന സ്വാദ് ഒട്ടും നഷ്ടമായിട്ടില്ല. അന്നുമുതല്‍ ഇന്നുവരെ പരമ്പരാഗതമായ രീതിയില്‍ കൈകൊണ്ട് തന്നെയാണ് നിര്‍മാണം.

ശിവശങ്കരനും വിശ്വംഭരനും 35 വര്‍ഷമായി ഈ രംഗത്തുണ്ട്. ഇളയച്ഛന്റെ മകന്‍ കാനാടി അശോക് കുമാറും മിഠായി നിര്‍മാണത്തിന് ഒപ്പമുണ്ട്. കപ്പലണ്ടി മിഠായി, എള്ളുണ്ട, ഇഞ്ചി മിഠായി എന്നിവയും കാനാടി കുടുംബത്തിലെ മറ്റു സഹോദരന്മാര്‍ നിര്‍മിക്കുന്നുണ്ട്.

തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നത്. ഇപ്പോള്‍ ഇഞ്ചി, ഈന്തപ്പഴം രുചികളിലുള്ള ചൗ മിഠായികളാണ് നിര്‍മിക്കുന്നത്. ചൗ മിഠായിയില്‍ ചേര്‍ക്കുന്നത്: ഗുണമേന്മയുള്ള ചിറ്റൂര്‍ ശര്‍ക്കര, നാളികേരം, ചുക്ക്, ജീരകം, ഏലക്കായ, നെയ്യ്, ലിക്വിഡ് ഗ്ലൂക്കോസ്, ഈന്തപ്പഴം അല്ലെങ്കില്‍ ഇഞ്ചി. കൃത്രിമമായ യാതൊന്നും ഈ മിഠായി നിര്‍മാണത്തിന് ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകതയുണ്ട്.

നിര്‍മാണരീതി: ദ്രവരൂപത്തിലാക്കിയ ശര്‍ക്കര വറ്റിച്ച് ചേരുവകള്‍ ചേര്‍ത്ത് കട്ടിയാകുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് പകര്‍ത്തും. തുടര്‍ന്ന് ചെറുചൂടോടെ നിശ്ചിത അളവില്‍ മുറിച്ചെടുത്ത് കടലാസില്‍ പൊതിയും. ഒരു ദിവസം 75 എണ്ണം വീതമുള്ള 600 ടിന്‍ വരെ ചൗ മിഠായി കാനാടി കുടുംബത്തില്‍നിന്ന് വിപണിയിലെത്തുന്നുണ്ട്.

Content highlights: chow sweets avialble at thirssure kanadi house