ഭക്ഷണം അധികം കഴിച്ചതിന് ഫുഡ് വ്‌ളോഗര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനയിലെ സീഫുഡ് റെസ്‌റ്ററന്റ്. 

കാങ് എന്നറിയപ്പെടുന്ന ഫുഡ് വ്‌ളോഗര്‍ക്കാണ് വിലക്ക്. റെസ്‌റ്ററന്റ് ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ കാങ് അവിടെനിന്ന് ഒന്നര കിലോ ഗ്രാം പന്നിയിറച്ചികൊണ്ടുള്ള വിഭവം കഴിച്ചു. അടുത്തതവണ എത്തിയപ്പോഴാകട്ടെ മൂന്നര കിലോഗ്രാമിനു മുകളില്‍ കൊഞ്ചു കൊണ്ടുള്ള വിഭവം കഴിച്ചു. 

കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ആളുകളോട് റെസ്‌റ്ററന്റ് വേര്‍തിരിവ് കാണിക്കുകയാണെന്ന് കാങ് ആരോപിച്ചു. 'എനിക്ക് ഒരുപാട് ഭക്ഷണം കഴിക്കാന്‍ കഴിയും. അത് തെറ്റാണോ'-കാങ് ചോദിച്ചു. ഒരു നുള്ള് ഭക്ഷണം പോലും താന്‍ പാഴാക്കി കളഞ്ഞില്ലെന്നും കാങ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, കാങ് തന്റെ കീശ കാലിയാക്കിയതായി റെസ്‌റ്ററന്റ് ഉടമ വിശദീകരിച്ചു. ഓരോ തവണ കാങ് ഇവിടെ വരുമ്പോഴും എന്റെ കയ്യിലെ യുവാന്‍ നഷ്ടപ്പെടുന്നു. സോയ പാല്‍ ആണ് കുടിക്കുന്നതെങ്കില്‍ 20 മുതല്‍ 30 കുപ്പിവരെ അകത്താക്കും. പന്നിയിറച്ചികൊണ്ടുള്ള വിഭവമാമെങ്കില്‍ ട്രേയിലുള്ളത് മുഴുവന്‍ കഴിക്കും. സാധാരണഗതിയില്‍ ആളുകള്‍ ടോങ്‌സ് ഉപയോഗിച്ചാണ് അത് കഴിക്കുക. കാങ്ങാകട്ടെ ട്രേ മുഴുവനായുമാണ് എടുക്കുക-ഹോട്ടലുടമ വ്യക്തമാക്കി. തന്റെ റെസ്‌റ്ററന്റില്‍ നിന്ന് ലൈവായി വ്‌ളോഗിങ് പോലുള്ള പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇനി ആരെയും അനുവദിക്കുകയില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. 

അധികം ഭക്ഷണം കഴിച്ചതിന് വ്‌ളോഗറെ വിലക്കിയ വാര്‍ത്തയ്ക്ക് ചൈനയില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. വാര്‍ത്തയോട് സമ്മിശ്ര പ്രതികരണമാണ് ആളുകള്‍ അറിയിച്ചത്. ചിലര്‍ ഹോട്ടലുടമയോട് അനുഭവം പ്രകടിപ്പിച്ചപ്പോള്‍ മറ്റുചിലരാകട്ടെ വ്‌ളോഗറെ കുറ്റപ്പെടുത്തി. 

കഴിഞ്ഞ വര്‍ഷം ഫുഡ് വ്‌ളോഗര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഭക്ഷണം പാഴാക്കുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു അത്. 

Content highlights: chinese food vloger man banned, a seafoof resturant, eating too much