ഈറോഡ്: വെള്ളിയാഴ്ച ഈറോഡ് കോടതിവളപ്പിലെത്തിയ ആളുകൾ അപരിചിതനായ ഒരു ചായ വിൽപനക്കാരനെ കണ്ടു. കൈകൾ വൃത്തിയായി മടക്കിവെച്ച വെളുത്ത മുഴുക്കൈ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച്, കഴുത്തിൽ കറുത്തഷാളും ഞാത്തിയിട്ട് സൈക്കിളിൽക്കൊണ്ടുവന്ന ചായ കപ്പുകളിലാക്കി വിൽക്കുന്നയാൾ ഒരു സ്ഥിരം ചായവിൽപനക്കാരനല്ലെന്ന് ആളുകൾക്ക് ആദ്യകാഴ്ചയിലേ തോന്നി.

പിന്നീട് മറ്റാരോ പറഞ്ഞാണ് അഭിഭാഷകരടക്കം അറിഞ്ഞത്, 41 വർഷം ചെന്നൈ ഹൈക്കോടതി അഭിഭാഷകനായിരുന്ന 69-കാരനായ സയ്ദ്ഹാറൂണാണ് ഈറോഡ് കോടതിവളപ്പിൽ ചായക്കച്ചവടം തുടങ്ങിയിരിക്കുന്നതെന്ന്. ഏത്‌ തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്ന് വിശ്വസിക്കുന്ന സയ്ദിന് പക്ഷേ, ആളുകളുടെ കൗതുകമോ എത്തിനോട്ടമോ ഒരു പ്രശ്നമേ അല്ലായിരുന്നു.

കോവിഡ് പ്രതിസന്ധിമൂലം ചെന്നൈ ഹൈക്കോടതി പ്രവർത്തനം നിലച്ചതിനാൽ മാർച്ച്‌ 22-ാം തീയതി ഇദ്ദേഹം ഭാര്യവീടായ ഈറോഡിലേക്ക്‌ വന്നിരുന്നു. ഈറോഡ് തിരുനഗർ കോളനിയിലാണിവർ താമസം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ചെന്നൈയിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത സ്ഥിതിയായി. ചെന്നൈയിൽനിന്ന്‌ വരുമ്പോൾ 69,000 രൂപ കൈവശമുണ്ടായിരുന്നു. ഇത് തീർന്നതോടെയാണ് രണ്ടാമതൊന്നാലോചിക്കാതെ സയ്ദ് ചായവിൽക്കാനിറങ്ങിയത്. മുതിർന്ന ഒരു മകനും രണ്ട് പെൺമക്കളും ഉണ്ടെങ്കിലും തന്റെയും ഭാര്യയുടെയും ചെലവിന് ആരെയും ആശ്രയിക്കാൻ ഇഷ്ടമില്ലാത്തയാളായിരുന്നു സയ്‌ദ്‌.

ഇവിടെവന്ന്‌ മറ്റ്‌ തൊഴിലോ വരുമാനമാർഗങ്ങളോ ഇല്ലാതെ ജീവിതം കഷ്ടപ്പാടിലേക്ക്‌ നീങ്ങിയതിനാലാണ് ഈ തൊഴിലിനിറങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു. അതിനിടയിലും ലോക്ഡൗൺമൂലം ദുരിതമനുഭവിക്കുന്ന അഭിഭാഷകർക്കും കോടതിജീവനക്കാർക്കും വേണ്ടി സംസാരിക്കാൻ വക്കീൽ മറക്കുന്നില്ല. ഉടൻ നിബന്ധനകളോടെ കോടതികൾ തുറക്കണമെന്നും ജോലിയില്ലാത്ത അഭിഭാഷകർക്ക് മാസന്തോറും പതിനായിരം രൂപയും അടിയന്തരമായി ഒരുലക്ഷംരൂപ സ്വകാര്യവായ്പയും അനുവദിക്കണമെന്നും സയ്ദ് അഭിപ്രായപ്പെട്ടു. ചായവിൽപനയ്ക്കുവന്ന സൈക്കിളിൽ കോടതികൾ ഉടൻ തുറക്കാൻ നടപടി വേണമെന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Chennai High Court Advocate selling tea to survive covid crisis