സോഹ അലി പഠിച്ചത് എന്‍ജിനിയറിങ്, ജോലി ബേക്കിങ് ആര്‍ട്‌സും. രണ്ടും ചേര്‍ത്ത് ബന്ധുവിന്റെ വിവാഹനിശ്ചയച്ചടങ്ങിലൊരു സര്‍പ്രൈസ് സമ്മാനിച്ചു. അതിപ്പോള്‍ നാട്ടിലാകെ പാട്ടാകുകയാണ്. തൂക്കനാം കേക്ക് എന്ന ഷാങ്‌ലിയര്‍ കേക്കുകളാണ് തൃശ്ശൂര്‍ തൊയക്കാവിലെ സോഹയെ താരമാക്കിയ താരം.

സഹോദരിയുടെ മകളുടെ വിവാഹനിശ്ചയത്തിന് കേക്ക് തന്റെ വകയാണെന്ന് സോഹ മുമ്പേ പറഞ്ഞിരുന്നു. ചടങ്ങ് നടക്കുന്ന മണ്ഡപവേദിയില്‍ കേക്ക് മുറിക്കാന്‍ പ്രത്യേകം അലങ്കരിച്ച മേശയും ഇവന്റ് മാനേജ്‌മെന്റുകാര്‍ ഒരുക്കി. എന്നാല്‍, സ്ഥലത്തേക്ക് സോഹ എത്തിയത് കേക്ക് ഇല്ലാതെ. നിശ്ചയം കഴിഞ്ഞിട്ടും കേക്കുമേശ ശൂന്യം. മണ്ഡപവേദിക്കു സമീപം ഒരിടത്ത് പത്തടി ഉയരത്തില്‍ മറച്ചിരുന്ന കര്‍ട്ടന്‍ സോഹ നീക്കി. അതില്‍ ഒളിച്ചിരിക്കുകയായിരുന്നു തൂങ്ങിയാടുന്ന മൂന്നു കൂറ്റന്‍ കേക്കുകള്‍. വലിയ ഇരുമ്പ് ഫ്രെയിമില്‍ ചങ്ങലയില്‍ തൂക്കിയിരുന്ന ഷാങ്‌ലിയര്‍ കേക്കിന് ഭാരം 60 കിലോഗ്രാം. ചെലവ് ഒന്നര ലക്ഷത്തിലേറെ. അലങ്കാരങ്ങള്‍ കണ്ടവര്‍ അന്തംവിട്ടു. നാല് തട്ടുണ്ട് കേക്കുകള്‍ക്ക്.

കുറ്റിപ്പുറത്തെ കോളേജില്‍നിന്ന് എന്‍ജിനിയറിങ്ങും ന്യൂയോര്‍ക്കില്‍നിന്ന് പേസ്റ്ററി ആന്‍ഡ് ബേക്കറി ആര്‍ട്‌സ് പഠനവും പൂര്‍ത്തിയാക്കിയ സോഹ തിരിഞ്ഞത് ബേക്കിങ് ആര്‍ട്‌സിലേക്കാണ്. ഒന്നരവര്‍ഷത്തോളം ലീല ഗ്രൂപ്പിന്റെ ബെംഗളൂരു ഹോട്ടലില്‍ കേക്ക്, ചോക്ലേറ്റ് എന്നിവയുടെ ഷെഫ് ജോലിയും ചെയ്തു. അതുവിട്ട് ബെംഗളൂരുവില്‍ വൈല്‍ഡ് കക്കാവോ എന്ന ചോക്ലേറ്റ്‌കേക്ക് കേന്ദ്രവും തുറന്നു. 12 ദിവസം എട്ടു മണിക്കൂര്‍ വീതം ചെലവിട്ടാണ് കൂറ്റന്‍ കേക്ക് സോഹ ഒരുക്കിയത്. ഈ വരുമാനംകൊണ്ട് മൂന്ന് മക്കളെ നല്ലനിലയില്‍ വളര്‍ത്താനാകുന്നുണ്ടെന്ന് സോഹ പറയുന്നു. മുഹമ്മദ് അലിയുടെയും റംലയുടെയും മകളാണ് സോഹ.

Content Highlights: chandelier cake