തെന്മല : അതിര്‍ത്തിയില്‍ ചക്ക ചിപ്‌സ് വ്യാപാരം പൊടിപൊടിക്കുന്നു. കേരളത്തില്‍ ചക്ക സീസണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ തമിഴകം ഇരുകൈയും നീട്ടിയാണ് ചക്കയെയും ചക്ക ഉത്പന്നങ്ങളെയും സ്വീകരിക്കുന്നത്. അതിനാല്‍ ലോഡുകണക്കിന് ചക്കയാണ് അതിര്‍ത്തി കടന്നുപോകുന്നത്.

തമിഴ്‌നാട്ടില്‍ അത് ചുളയും ചക്കയുമായി വിറ്റഴിക്കും. കേരളത്തില്‍ മഴ ആരംഭിച്ചുകഴിഞ്ഞാല്‍ വ്യാപാരികള്‍ ചിപ്‌സ് വ്യാപാരത്തിലേക്ക് തിരിയുകയാണ് പതിവ്. ദേശീയപാതയോരത്ത് കോട്ടവാസല്‍, പുളിയറ, ചെങ്കോട്ട ഭാഗങ്ങളിലാണ് ചിപ്‌സ് വ്യാപാരം തകൃതിയായി നടക്കുന്നത്. ഒരു കിലോ ചിപ്‌സിന് 300 രൂപയാണ്. കൂടുതലെടുത്താല്‍ വില കുറയും. പലകടയിലും ആറും ഏഴും സ്ത്രീത്തൊഴിലാളികളാണ് ചക്കയരിയുന്ന ജോലി ചെയ്യുന്നത്.

തമിഴ്‌നാട്ടിലും ചക്ക കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എല്ലാം ദേശീയപാതവഴിയുള്ള സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള കച്ചവടം തന്നെ. കുറ്റാലം, പാലരുവി വെള്ളച്ചാട്ടം സജീവമായാല്‍ കടകളില്‍ നല്ലതിരക്കായിരിക്കും.

ContentHighlights: Jackfruit chips production in tenmala