തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണപദ്ധതിക്ക് നടപ്പുവര്‍ഷം 342 കോടി രൂപയുടെ കേന്ദ്രാനുമതി. ഇതില്‍ 219 കോടി കേന്ദ്രവിഹിതമാണ്. മാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകള്‍ക്കും 5000 രൂപ വീതം അനുവദിച്ചു. 1285 സ്‌കൂളുകളില്‍ പാചകപ്പുരകള്‍ നവീകരിക്കുന്നതിന് സ്‌കൂള്‍ ഒന്നിന് 10,000 രൂപ വീതവും കിട്ടും.

3031 സ്‌കൂളുകളില്‍ ഇക്കൊല്ലം പാചകപ്പുര നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും തീരുമാനിച്ചു. അതേസമയം, ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഓണറേറിയം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന്‍മേല്‍ അനുകൂല തിരുമാനം ഉണ്ടായില്ല.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റെതെന്ന് യോഗം വിലയിരുത്തി. കൃഷിവകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്ന പദ്ധതി, ഭക്ഷണസാമ്പിളുകളുടെ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുഖാന്തരം പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിശീലനം എന്നിവയും പ്രശംസിക്കപ്പെട്ടു.

പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജെസി ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ കെ.ജി. ശ്രീലത, എസ്.ജി. ശ്രീകുമാര്‍, കെ. സജീകൃഷ്ണന്‍ എന്നിവരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

Content Highlights: noon meal project in school, food news, food updates