കണ്ണൂർ: കൊറോണക്കാലത്ത് നേരാം തണ്ണീർമത്തൻ പിറന്നാളാശംസകൾ. ജന്മദിനകേക്ക് കിട്ടാതെവന്നപ്പോൾ പലയിടത്തും പകരക്കാരനായത് തണ്ണീർമത്തൻ.

കാമ്പിന്റെ പുറം പല നിറമാണെങ്കിലും ഉള്ളിലെ ചുവപ്പിൽ കത്തികൊണ്ട് ചിത്രപ്പണിചെയ്താണ് തണ്ണീർമത്തൻ 'കേക്ക്'മുറി. രാംദാരി, ഇറാൻ, അംഗോള, മഞ്ഞ തണ്ണീർമത്തൻ ഇനങ്ങൾ വിപണിയിൽ സുലഭമാണ്. അകക്കാമ്പിലെ നിറത്തിലും മധുരത്തിലും ഇവയ്‍ക്ക് വ്യത്യാസമുണ്ട്.

തമിഴ്നാട്ടിൽനിന്നും മൈസൂരുവിൽനിന്നുമാണ് എത്തുന്നത്. പച്ചനിറമുള്ള അംഗോളയും വരയുള്ള രാംദാരിയും കടുംപച്ചനിറള്ള ഇറാനുമൊപ്പം മഞ്ഞ നിറമുള്ളവയും എത്തുന്നു. 20-25 രൂപയാണ് കിലോയ്‍ക്ക് വില. മഞ്ഞയ്‍ക്ക് അൽപം വില കൂടും. കേക്ക് മുറിക്കാൻ മഞ്ഞ ഉപയോഗിക്കുന്നവർ കുറവാണ്.

തണ്ണീർമത്തൻ കേക്ക്മുറി വൈറലായതോടെ കുട്ടികൾക്കും അതിഷ്ടമായി. ഒരാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നതിനാൽ പിറന്നാൾദിവസത്തിനുമുമ്പേ വീട്ടിലെത്തിക്കും. ഗൂഗിളിൽ തപ്പി ചിത്രപ്പണികൾ ചെയ്‌യും.

ചേമ്പോലയിലെ ദേവികയുടെ ഒൻപതാം പിറന്നാളും ശ്രീദേവ് ടി.സജിത്തിന്റെ അഞ്ചാം പിറന്നാളും തണ്ണീർമത്തൻ മുറിച്ചാണ് ആഘോഷിച്ചത്. ഗൾഫിലുള്ള പിണറായി സ്വദേശി രതീഷിന്റെ പിറന്നാൾ മടിക്കൈ കൂലോറോഡിലെ വീട്ടിൽ തണ്ണിമത്തൻ മുറിച്ച് ആഘോഷിച്ചപ്പോൾ വീഡിയോ കോളിലൂടെ രതീഷും വീട്ടുകാരെ കണ്ടു.

Content Highlights:Celebrating birthday with a Watermelon