-
ബക്കറ്റ് ചിക്കനാണ് ലോക്ക്ഡൗണ്‍ കാലത്തെ പുതിയ ട്രെന്‍ഡ്. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും കൂട്ടംകൂടി ഉള്‍പ്രദേശങ്ങളില്‍ ബക്കറ്റ് ചിക്കന്‍ പാചകം തകൃതി. നീളന്‍ വാഴയിലയില്‍ ബക്കറ്റ് ചിക്കനോ പൊരിച്ച കോഴിയോ ഇട്ട് ചുറ്റും ബ്രെഡ് നിരത്തിയുള്ള ചിത്രം യുവാക്കളില്‍ പലരുടെയും സ്റ്റാറ്റസ് ആണ്. സ്റ്റാറ്റസിനൊപ്പം ചിലര്‍ പോലീസിനെ വെല്ലുവിളിക്കാനും തുടങ്ങിയതോടെ കളിയാകെ മാറി. പലരുടെയും പിന്നാലെ ഡ്രോണ്‍ പറന്നെത്തി. പോലീസ് ഓടിച്ചിട്ടുപിടിച്ചു. ഒഴാഴ്ചക്കാലത്ത് കൂട്ടംകൂടി പാചകം ചെയ്ത 42 പേരെയാണ് ജില്ലയില്‍ പോലീസ് പൊക്കിയത്. ആളൊഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും അസമയങ്ങളില്‍ ഉയരുന്ന പുക കണ്ട് വ്യാജ വാറ്റാണെന്നുകരുതി പോലീസ് നടത്തിയ ആകാശ നിരീക്ഷണങ്ങളിലാണ് ഇത്തരക്കാര്‍ കൂടുതലും പിടിയിലായത്. ഒരു മുഴുവന്‍ കോഴി അരപ്പുചേര്‍ത്ത് കമ്പിയില്‍ കുത്തി ഇരുമ്പുബക്കറ്റ് ഉപയോഗിച്ചു മൂടി, ചുറ്റിലും മുകളിലും വിറക് കത്തിച്ചുവേവിച്ചാണ് ബക്കറ്റ് ചിക്കന്‍ നിര്‍മിക്കുന്നത്. ചൂടോടെ ചിക്കന്‍ കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ഡ്രോണ്‍ പറന്നെത്തുന്നത്. അതോടെ ബക്കറ്റ് ചിക്കനും പൊരിച്ച കോഴിയും ഉപേക്ഷിച്ച് കണ്ടം വഴി ഓടുന്നവര്‍ സ്ഥിരം കാഴ്ചയായി.

ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 42 പേര്‍, വെല്ലുവിളി സമൂഹമാധ്യമങ്ങളിലൂടെ
ചിക്കന്‍ പൊരിക്കുവാടാ ഞങ്ങള്‍. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം, ചങ്കൂറ്റം ഉണ്ടെങ്കില്‍ എന്തും ചെയ്യാം. അല്ലാത്തവര്‍ക്ക് വീട്ടിലിരിക്കാം. തുടങ്ങിയ വെല്ലുവിളികള്‍ നടത്തി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയവര്‍ പോലീസ് എന്തുന്നതോടെ കേസ് ഒഴിവാക്കാന്‍ കാലില്‍വീഴും. ടിക് ടോക്കിലൂടെ ബിരിയാണിവെച്ച 20 പേരെയാണ് പോലീസ് വ്യാഴാഴ്ച മൂന്നീയൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ ആറുപേരെ ഞായറാഴ്ച വേങ്ങര പോലീസും നാലുപേരെ കോട്ടയ്ക്കല്‍ പോലീസും അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടിയില്‍ ഏഴുപേരെയും പരപ്പനങ്ങാടിയില്‍ അഞ്ചുപേരെയുമാണ് ഈ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. എടപ്പാള്‍ തുയ്യത്ത് 25 പേരടങ്ങുന്ന സംഘത്തെ ചൊവ്വാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചുവിടുകയും ചെയ്തു.
Content Highlights: Bucket chicken cooking people arrested by police, Food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..