ശശി തരൂർ, പ്രതീകാത്മകചിത്രം | Photo: facebook.com|ShashiTharoor, Gettyimages.in
തെന്നിന്ത്യൻ പ്രാതൽ പട്ടികയെടുത്താൽ മുന്നിലുണ്ടാവും ഇഡ്ഡലിയും ദോശയുമെല്ലാം. സാമ്പാറിലും തേങ്ങാചട്നിയിലും മുക്കി ഇഡ്ഡലി കഴിക്കുന്ന രുചി എല്ലാവർക്കും ഒരുപോലെയാകണമെന്നുമില്ല. ഇപ്പോൾ ട്വിറ്ററിലെ വലിയൊരു സംവാദം തന്നെ ഇഡ്ഡലിക്കു പുറകെയാണ്. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ചർച്ചയാകുന്നത്. എന്തിനധികം എംപി ശശി തരൂർ പോലും ഇഡ്ഡലി വിവാദത്തിൽ കമന്റുമായെത്തി.
പ്രൊഫസർ എഡ്വാർഡ് ആൻഡേഴ്സൺ എന്നയാളാണ് ഇഡ്ഡലിയെ വിമർശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തിൽ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാർഡിന്റെ ട്വീറ്റ്. ഈ ട്വീറ്റ് മകൻ ഇഷാൻ തരൂർ പങ്കുവച്ചതോടെയാണ് ശശി തരൂരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മറുട്വീറ്റുമായെത്തി തന്റെ ഇഡ്ഡലിയോടുള്ള വികാരം പങ്കുവച്ചു.
''അതെ മകനേ, ശരിയാണ് ലോകത്ത് യഥാർഥത്തിൽ വെല്ലുവിളികൾ നേരിടുന്ന ചിലരുണ്ട്. സംസ്കാരം എന്നത് നേടിയെടുക്കാൻ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്‌ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യർക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ''
അവിടെയും അവസാനിച്ചില്ല ഇഡ്ഡലി കഴിക്കേണ്ട വിധത്തെക്കുറിച്ചും എഡ്വേർഡിനായി തരൂർ ട്വീറ്റ് ചെയ്തു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്നിയും ചുവന്നമുളകും ഉള്ളിയും ചേർത്ത ചമ്മന്തിയും നെയ്യും ചേർത്തു കഴിച്ചുനോക്കൂ എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ ലോകത്തിലെ സ്വർഗമാണ് അതെന്നും ട്വീറ്റ് ചെയ്തു.
ഇതിനു പിന്നാലെ മറുപടിയുമായി എഡ്വേർഡ് എത്തുകയും ചെയ്തു. താൻ സാമ്പാറിന്റെയും ചട്നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി രംഗത്തെത്തി. ദോശയും അപ്പവും തനിക്ക് ഇഷ്ടമാണെന്നും ഇഡ്ഡലിയും പുട്ടുമാണ് സഹിക്കാനാവാത്തതെന്നും എഡ്വാർഡ് കുറിച്ചു.
തരൂരിനു പിന്നാലെ നിരവധി പേർ ഇഡ്ഡലി പ്രണയത്തെ പങ്കുവച്ച് ട്വീറ്റുമായെത്തുകയും ചെയ്തു.
Content Highlights: British citizen calls Idli boring in viral post Shashi tharoor is offended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..