കാര്‍ഷിക മേഖലയില്‍ ഏറെ സ്വാധീനമുണ്ട് ഇന്ത്യന്‍ വിപണിക്ക്. കാര്‍ഷികമേഖലയില്‍ ഏറെ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഇടം കൂടിയാണ് ഇന്ത്യ. ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ബ്രിമറ്റോ എന്ന പുത്തന്‍ ചെടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ആണ് ഈ കണ്ടുപിടിത്തത്തിന് ചുക്കാന്‍ പിടിച്ചത്. പച്ചക്കറികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നത് ഏറെ വിജയസാധ്യതയുള്ള മാര്‍ഗങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള ഗ്രാഫ്റ്റിങ് രീതിയെന്ന് ഐ.സി.എ.ആര്‍. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കി. 

ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ബ്രിമാറ്റോയുടെ ചിത്രങ്ങള്‍ ഐ.സി.എ.ആര്‍. ട്വിറ്ററില്‍ പങ്കുവെച്ചു. വഴുതന ചെടിക്ക് 25 മുതല്‍ 30 ദിവസം പ്രായവും തക്കാളിച്ചെടിക്ക് 22 മുതല്‍ 25 ദിവസം വരെ പ്രായവുമുള്ളപ്പോഴാണ് ഗ്രാഫ്റ്റിങ് നടത്തിയത്. ഈ തൈകള്‍ ആദ്യത്തെ ഒരാഴ്ച നിയന്ത്രിത അന്തരീക്ഷ താപനിലയില്‍ സൂക്ഷിച്ചു. ഗ്രാഫ്റ്റിങ് നടത്തി 15 മുതല്‍ 18 ദിവസങ്ങള്‍ക്കുശേഷം ഈ ചെടികള്‍ മണ്ണിലേക്ക് മാറ്റി നട്ടു. ഒരു ചെടിയില്‍നിന്ന് 2.3 കിലോഗ്രാം തക്കാളിയും 2.6 കിലോഗ്രാം വഴുതനങ്ങയും വിളവെടുത്തതായി ഐ.സി.എ.ആര്‍. വ്യക്തമാക്കി.

നഗര, അര്‍ധനഗരമേഖലകളില്‍ ഈ രീതി മികച്ചമാര്‍ഗമായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാണിജ്യതലത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കൂടുതല്‍ ഗവേഷണം അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Content highlights: brinjal and tomato growing in same plant in varanasi brimato