കൊറോണ വൈറസ് പടരുന്നേതാടെ പലരും വ്യക്തി ശുചിത്വത്തിന്റെയും വീടും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെയുമൊക്കെ കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാവുന്നുണ്ട്. പച്ചക്കറികളിലെ വിഷാംശം നീക്കാന്‍ ഉപയോഗിക്കും മുമ്പ് നന്നായി കഴുകുന്നവരുണ്ട്. ഇതു നല്ലതാണ്, എന്നാല്‍ കഴുകാനായി അല്‍പം കടന്ന കൈകള്‍ പ്രയോഗിച്ചാലോ? പഴങ്ങളും പച്ചക്കറികളും ബ്ലീച്ച് ഉപയോഗിച്ചു വൃത്തിയാക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍  വൈറലാകുന്നത്. 

പലയിടങ്ങളിലും കൊറോണഭീതിയെത്തുടര്‍ന്ന് പഴങ്ങളും പച്ചക്കറികളും ബ്ലീച്ച് പോലെയുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയാണ്. സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച സര്‍വേ പുറത്തുവന്നിരിക്കുന്നത്. കടകളില്‍ നിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കാനായി ബ്ലീച്ച് ഉപയോഗിക്കാറുണ്ടെന്ന് പത്തൊമ്പതു ശതമാനം പേര്‍ അഭിപ്രായപ്പെട്ടുവെന്ന് സര്‍വേയില്‍ പറയുന്നു. 

എന്നാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഇവ സൃഷ്ടിക്കുന്നത്. ബ്ലീച്ചിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇതിനകം പലരും ചര്‍മ പ്രശ്‌നങ്ങള്‍, തലവേദന, ശ്വാസതടസ്സം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.  അതിലുപരി ഭക്ഷണവസ്തുക്കളിലൂടെ കോവിഡ് പകരുമെന്നതിന് തെളിവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ചില ഗുരുതരമായ കണ്ടെത്തലുകളും സര്‍വേയിലുണ്ട്. നാലുശതമാനം പേര്‍ ബ്ലീച്ച് ലായനികളോ, സോപ്പുവെള്ളമോ മറ്റെന്തെങ്കിലും അണുനാശിനികളോ ഗാര്‍ഗിള്‍ ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണത്. നേര്‍പ്പിച്ച ബ്ലീച്ച് ലായനികള്‍ ഉപരിതലങ്ങളും പരിസരവുമൊക്കെ വൃത്തിയാക്കാന്‍ ഉപയോഗിക്കാമെങ്കിലും പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ളവയില്‍ ഉപയോഗിക്കരുത്. 

Content Highlights: bleach on food to kill coronavirus