പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Sreejith P. Raj)
എന്തൊക്കെ പുത്തന്‍ വിഭവങ്ങള്‍ അവതരിപ്പിച്ചാലും ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഇഷ്ടം തെല്ലും കുറയില്ല. സെലബ്രിറ്റികളും സാധാരണക്കാരുമുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ബിരിയാണി.
ഇപ്പോഴിതാ, 2022-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത വിഭവമേതെന്ന കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത വിഭവം ബിരിയാണിയാണ്. ഒരു മിനിറ്റില്‍ 137 ബിരിയാണിയുടെ ഓഡറാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സ്വിഗ്ഗി വെളിപ്പെടുത്തി. തൊട്ട് പിന്നില്‍ മസാല ദോശയും മൂന്നാമതായി സമൂസയും ഇടം പിടിച്ചു.
2021-ല്‍ മിനിറ്റില്‍ ശരാശരി 115 ബിരിയാണിക്കാണ് സ്വിഗ്ഗിയിലൂടെ ഓഡര്‍ ലഭിച്ചതെങ്കില്‍ 2022-ല്‍ ഇതും മറികടന്ന് പുതിയ റെക്കോഡ് നേടിയിരിക്കുകയാണ് ബിരിയാണി. വിദേശ വിഭവങ്ങളായ, സുഷി, മെക്‌സിക്കൻ ബൗള്‍സ്, കൊറിയന്‍ സ്‌പൈസി രാമന്‍, ഇറ്റാലിയന്‍ പാസ്ത എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്ന് സ്വിഗ്ഗിയുടെ ആന്വല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേര്‍ട്ട് ഗുലാബ് ജാമുനാണ്. 2022-ല്‍ 27 ലക്ഷം തവണയാണ് ഗുലാബ് ജാമുന്‍ സ്വിഗ്ഗിയിലൂടെ ഓഡര്‍ ചെയ്തിരിക്കുന്നത്. എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് ഇത്. 16 ലക്ഷം തവണ ഓഡര്‍ ചെയ്യപ്പെട്ട രസ്മലായ് രണ്ടാം സ്ഥാനത്തും 10 ലക്ഷം തവണ ഓഡറുകളുമായി ചോക്കോ ലാവ കേക്കുമാണ് മൂന്നാം സ്ഥാനത്ത്. ഐസ്‌ക്രീം, ചോക്കോ ചിപ്, അല്‍ഫോന്‍സോ മാംഗോ, ഇളനീര്‍ എന്നിവയും കൂടുതലായി ഓഡര്‍ ചെയ്യപ്പെട്ടു.
തിരുവനന്തപുരത്തുനിന്നുള്ള മനോജ് വി.കെ., ട്രിച്ചി സ്വദേശിയായ ദിനേഷ് കുമാര്‍, പാനിപത്തില്‍നിന്നുള്ള സച്ചിന്‍ സെയ്‌നി എന്നിവരാണ് 2022-ല്‍ ഏറ്റവും കൂടുതല്‍ തവണ ഭക്ഷണം ഡെലിവറി ചെയ്ത എക്‌സിക്യുട്ടിവുകള്‍. 8300-ല്‍ പരം ഓഡറുകളാണ് ഇവര്‍ കൃത്യമായി ഡെലിവറി പോയിന്റില്‍ എത്തിച്ചു നല്‍കിയത്. തിരുവനന്തപുരത്തുനിന്നുള്ള ത്രേസ്യ, വിജി എന്നിവരാണ് ഏറ്റവും കൂടുതല്‍ ഓഡറുകള്‍ ഡെലിവറി ചെയ്ത വനിതാ ഫുഡ് എക്‌സിക്യുട്ടിവുകള്‍. 6000 ഓഡറുകളാണ് ഇവര്‍ 2022-ല്‍ വിതരണം ചെയ്തത്.
Content Highlights: most favorite food for indians, biryani was the most ordered dish on swiggy, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..