തു നാട്ടില്‍ ജീവിച്ചാലും സ്വന്തം നാടിനൊരാവശ്യം വന്നാല്‍ ഒറ്റക്കെട്ടാണു മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക കണ്ടെത്താന്‍ മലയാളികള്‍ ലണ്ടനില്‍ നടത്തിയത് ബിരിയാണി ചലഞ്ച്.

നോര്‍താംപ്ടണിലെ 'സമീക്ഷ' മലയാളി സമാജമാണ് ചലഞ്ച് നടത്തിയത്. മലയാളികള്‍ക്കു മാത്രം പരിചയമുള്ള ബിരിയാണി ചലഞ്ച് ബ്രിട്ടീഷുകാര്‍ക്കു പുതുമയായി.

രുചി നാട്ടിലേതുപോലെയാണെങ്കിലും ലണ്ടനില്‍ ബിരിയാണിക്ക് ഗമയും വിലയും കൂടുതലാണ്. മലയാളികള്‍തന്നെ അപൂര്‍വമായാണ് ബിരിയാണി തയ്യാറാക്കാറുള്ളത്. 600 ബിരിയാണിപ്പൊതിയാണു ചലഞ്ചിലൂടെ വിറ്റത്. ഒരു പൊതിക്ക് ആറുപൗണ്ട്. നമ്മുടെ നാട്ടിലെ 600 രൂപയ്ക്കുമേല്‍.

മലയാളി ബിരിയാണി ഇംഗ്ലീഷുകാര്‍ക്കിടയിലും പ്രിയമുള്ളതാണ്. ബ്രിട്ടീഷുകാരും ബിരിയാണി വാങ്ങി ചലഞ്ചില്‍ പങ്കാളികളായി. മലയാളികളുടെ സേവനപാതയിലെ വേറിട്ടവഴി അവര്‍ക്കു കൗതുകമായി. ബിരിയാണി തയ്യാറാക്കിയതും വിതരണംചെയ്തതും സമാജം പ്രവര്‍ത്തകര്‍ തന്നെയാണ്.

ചലഞ്ചിലൂടെ രണ്ടുലക്ഷം രൂപയിലേറെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കാനായെന്നു സമീക്ഷ ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിലെ മിക്ക ജില്ലയിലുള്ളവരും ചലഞ്ചിന്റെ ഭാഗമായതായി സമാജം പ്രസിഡന്റ് അഡ്വ. ദിലീപ്കുമാര്‍ പറഞ്ഞു.

ഭാരവാഹികളായ ശരത് രവീന്ദ്രന്‍, ആന്റോ കുന്നിപറമ്പില്‍, ഡെന്നീസ് ജോസഫ്, നാഷി പൂക്കോടന്‍, നജീബ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Content Highlights:  Biryani Challenge was held in London by the Malayalees