ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒരാളും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് കാലാവസ്ഥാ മാറ്റങ്ങള്‍ തടയാനായി പറഞ്ഞ ആശയത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. യഥാര്‍ത്ഥ മാംസം ഭക്ഷണമാക്കുന്നതിന് പകരം കൃത്യമ മാംസം ശീലമാക്കാനാണ് ബില്‍ ഗേറ്റ്‌സിന്റെ നിര്‍ദേശം.

ബില്‍ഗേറ്റ്‌സിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ ഹൗ ടു അവോയിഡ് ക്ലൈമറ്റ് ചേഞ്ച് എന്ന പുസ്തകത്തില്‍ കാലാവസ്ഥാമാറ്റം തടയാനുള്ള പ്രധാന ഉത്തരം കൃതൃമമായി ഉണ്ടാക്കുന്ന മാംസത്തെ പറ്റിയാണ്.

എം.ഐ.ടി ടെക്‌നോളജിയില്‍ നടന്ന പുസ്തക പരിചയ ചടങ്ങിലാണ് ബില്‍ഗേറ്റ്‌സ് ഈ ആശയത്തെ പറ്റി തുറന്ന് സംസാരിച്ചത്. മീഥേന്‍ ഉത്പാദനം എങ്ങനെ കുറക്കാനാവും എന്ന ചര്‍ച്ചക്കിടെയാണ് ബില്‍ഗേറ്റ്‌സിനോട് അവര്‍ കാലാവസ്ഥാമാറ്റത്തെ തടയാന്‍  പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ പറ്റി ചോദ്യമുന്നയിച്ചത്. 'സമ്പന്ന രാജ്യങ്ങള്‍ 100 ശതമാനം കൃതൃമമായി നിര്‍മിച്ച ബീഫിലേക്ക് മാറണം. രുചി അല്‍പം വ്യത്യസ്തമാണെങ്കിലും പിന്നീട് അത് ശീലമാകും. പതിയെ അത് വ്യാപകമാകുകയും ചെയ്യും.' അദ്ദേഹം പറയുന്നു.

'ശരിക്കുള്ള മൃഗങ്ങളെ കൊല്ലാതെ സസ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മാംസം തയ്യാറാക്കുന്നത്. നിങ്ങള്‍ക്കിനി ഇറച്ചിക്കുവേണ്ടി പശുവിനെപ്പോലുള്ള മൃഗങ്ങളെ വളര്‍ത്തേണ്ടി വരില്ല.' ബില്‍ഗേറ്റ്‌സ് തുടരുന്നു. 

2013 ല്‍ യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ മനുഷ്യര്‍ മൂലമുണ്ടാകുന്ന 14.5 ശതമാനം മീഥേന്‍ ഉത്പാദനത്തില്‍ നാല്‍പത്തിയൊന്ന് ശതമാനം ഭാഗവും ഗോമാസം ഉത്പാദിപ്പിക്കുന്നതിലൂടെയാണ് എന്നാണ് കണ്ടെത്തിയത്. 

കൃതൃമമാംസം ലാബില്‍ പ്രത്യേകമായി തയ്യാറാക്കിയ അന്തരീക്ഷത്തില്‍ കോശങ്ങള്‍ വളര്‍ത്തിയാണ് നിര്‍മിക്കുന്നത്. ഇത് പ്രകൃതിക്ക് അപകടകരമാകില്ല എന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വാദം.

Content Highlights: Bill Gates Wants Switch to Synthetic Meat to Fight Climate Change