ബെംഗളൂരു: കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഇന്ദിരാ കാന്റീനുകളില്‍ ആവശ്യത്തിന് ഭക്ഷണമില്ലെന്ന് പരാതി. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ കാന്റീനുകളില്‍ കഴിക്കാനെത്തുന്നവര്‍ ഭക്ഷണമില്ലാതെ തിരിച്ചുപോകുന്ന സ്ഥിതിയാണിപ്പോള്‍.
 
ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി രണ്ടര മാസത്തിനുള്ളില്‍ തന്നെ പരാതികള്‍ക്കിടയാക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുകയാണ്. ബെംഗളൂരു നഗരത്തില്‍ 134 കാന്റീനുകളാണുള്ളത്. ഇവിടേക്ക് ഭക്ഷണമെത്തിക്കുന്നത് 12 അടുക്കളകളില്‍ നിന്നാണ്.
 
ഇത്രയും കാന്റീനുകളിലേക്ക് ആവശ്യമായ ഭക്ഷണം പാകംചെയ്യാന്‍ ഈ അടുക്കളകളില്‍ സൗകര്യമില്ല. അതേസമയം ഭക്ഷണത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതായും പല കാന്റീനുകളിലും വൃത്തിയില്ലെന്നും പരാതിയുണ്ട്.
 
ഭക്ഷണത്തിന്റെ വൃത്തി, അളവ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവ പരിശോധിക്കാന്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. കര്‍ശനപരിശോധന നടക്കുന്നുണ്ടെന്ന് പറയുമ്പോഴും അപാകങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.

നവംബര്‍ മാസത്തോടെ 62 കാന്റീനുകള്‍കൂടി തുറക്കാനാണ് ബെംഗളൂരു കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നത്. 15 അടുക്കളകളും തുറക്കും. ഇതോടെ അടുക്കളകളുടെ എണ്ണം 27 ആകും. പിന്നീട് കാന്റീനുകളിലെ ഭക്ഷണവിതരണം സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
 
സംസ്ഥാനത്തെ 171 താലൂക്കുകളില്‍ ഇന്ദിരാ മൊബൈല്‍ കാന്റീനുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി ഉടന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ക്കിടയിലാണ് ഇത്തരം മൊബൈല്‍ കാന്റീനുകള്‍ എത്തുക.
 
ബെംഗളുരു നഗരത്തിനു പുറത്ത് തുറക്കുന്ന കാന്റീനുകളില്‍ ചായയും കാപ്പിയും ലഭ്യമാക്കാനുള്ള പദ്ധതിയുമുണ്ട്. പ്രഭാത ഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചയ്ക്കും രാത്രിയും പത്തുരൂപയുമാണ് ഇന്ദിരാ കാന്റീനുകളിലെ ഭക്ഷണത്തിന്റെ വില.
 
ദിവസവും ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. രാവിലെ ഏഴരമുതല്‍ 10.30 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെയും രാത്രി ഏഴര മുതല്‍ ഒമ്പതുവരെയുമാണ് ഭക്ഷണം ലഭിക്കുക.
 
300 മുതല്‍ 500 പേര്‍ക്ക് വരെയാണ് ഒരു നേരം ഭക്ഷണം നല്‍കാനുള്ള സംവിധാനമുള്ളത്. എന്നാല്‍ ഇതിനേക്കാര്‍ ആളുകള്‍ എത്തുന്നതും വലിയ തിരക്കുമാണ് ഇവയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്. പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 
 
Content Highlights: Indira Canteen, food shortage, Bengaluru Indira canteen, Amma Canteen TN, Rahul Gandhi, Indira Gandhi, Indira Canteen Bengaluru, food, Bengaluru Food, Indira Canteen Menu