ഴങ്ങളിലും പച്ചക്കറികളിലും സുരക്ഷയില്ലാത്ത പശ ഉപയോഗിച്ചുള്ള സ്റ്റിക്കർ പതിക്കുന്നതിനെതിരേ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്. സൂപ്പർ മാർക്കറ്റുകളിലടക്കം ആവശ്യമെങ്കിൽ പഴങ്ങൾ കനം കുറഞ്ഞ കവറുകളിൽ പൊതിഞ്ഞ ശേഷം സ്റ്റിക്കർ പതിക്കുന്നതാണ് അഭികാമ്യമെന്നും ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫെസായ്) നിർദേശം നൽകി.

നേന്ത്രപ്പഴം, ആപ്പിൾ, കിവി, മാങ്ങ, ഓറഞ്ച്, പിയർപഴം, കാപ്സിക്കം എന്നിവയിലാണ് വ്യാപകമായി സ്റ്റിക്കർ പതിക്കുന്നത് കണ്ടെത്തിയത്. ഇത് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണ നിലവാര നിയമപ്രകാരം ക്രിമിനൽക്കുറ്റമാണ്. ഉത്പന്ന നാമം, ടെസ്റ്റഡ് ഒ.കെ., മികച്ച ഗുണ നിലവാരം, പേര് എന്നിവയാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പഴങ്ങളിലെ സ്റ്റിക്കറുകളിൽ കണ്ടു വരുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം.

വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിൽ സൂപ്പർ മാർക്കറ്റുകളിലും മറ്റും വില മനസ്സിലാക്കുന്നതിനുള്ള കോഡ് (പി.എൽ.യു. കോഡ്) അടങ്ങിയ സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. ഇവ നേരിട്ട് പഴങ്ങളിൽ ഒട്ടിക്കുന്നതിന് അനുമതിയില്ല.

അപകടം, ഈ പശ

പഴങ്ങളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതിന് സൂഷ്മ സംവേദക ശക്തിയുള്ള പശകളാണ് ഉപയോഗിക്കുന്നത്. പശ നിർമിക്കുന്ന രാസവസ്തുക്കളുടെ സുരക്ഷ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഈ രാസവസ്തുക്കൾ മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രത്യുത്പാദന വ്യവസ്ഥയെ വരെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പഴങ്ങളുടെ തൊലിയിൽ നിന്ന് രാസവസ്തുക്കൾ നേരിട്ട് ഭക്ഷണത്തിൽ കലരും. സ്റ്റിക്കർ പതിച്ച പഴങ്ങളും പച്ചക്കറികളും വിപണികളിൽ വെയിലത്തിരുന്ന് ചൂടാവുമ്പോൾ പശയിലെ രാസപദാർഥങ്ങൾ നേരിട്ട് ഇവയ്ക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടും. 

വാങ്ങുന്നവർക്ക്

*കഴിക്കുന്നതിന് മുമ്പ് സ്റ്റിക്കറും പശയും പൂർണമായും നീക്കുക

*സ്റ്റിക്കർപതിച്ച ഭാഗത്തെ തൊലി മുറിച്ചുനീക്കുന്നത് അഭികാമ്യം

*സ്റ്റിക്കർമാറ്റിയ പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകുക

വ്യാപാരികൾക്ക് ജാഗ്രത വേണം

സ്റ്റിക്കറിന്റെ ഉടമകളെക്കുറിച്ച് സാധാരണ സൂചനകളുണ്ടാവാറില്ല. ഇക്കാരണത്താൽ ഏത് ഘട്ടത്തിലാണ് ഇവ പതിക്കുന്നതെന്ന് കണ്ടെത്താൻ പ്രയാസമാണ്. പഴം വിൽക്കുന്ന വ്യാപാരികളാണ് കൂടുതൽ ജാഗ്രത പാലിക്കണ്ടത്. നിർദേശം ലംഘിച്ചാൽ ക്രിമിനൽ നിയമനടപടി ഉണ്ടാവുമെന്ന് ഫെസായ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 

content highlight: banned fruit stickers