ബിരിയാണി എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ബിരിയാണി ഒരു വികാരമായി കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അതിന്റെ യഥാർഥ തീവ്രത അറിയണമെങ്കിൽ കർണാടകയിലേയ്ക്ക് വച്ചുപിടിച്ചാൽ മതി. പുലർച്ചെ അഞ്ചുമണിമുതൽ ഇവിടെ ബിരിയാണിക്കായി ക്യൂ നിൽക്കുന്നവരുണ്ട്. 

ഹൊസ്കൊട്ടെയിലെ പ്രധാന ബിരിയാണി വിൽപനശാലയിലേക്കാണ് ഈ ക്യൂ മുഴുവൻ എന്നറിയുമ്പോഴാണ് അതിശയം ഇരട്ടിക്കുക. ആനന്ദ് ബിരിയാണി ഷോപ്പിനു മുന്നിൽ ക്യൂ നിൽക്കുന്നവരുടെ നിരവധി ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്. ബിവറേജസിനു മുന്നിലും ജോലി സംബന്ധമായ അഭിമുഖങ്ങൾക്കും മത്സരപരീക്ഷകൾക്കുമൊക്കെ കാണുന്നതിന് സമാനമാണ് ഈ ബിരിയാണിക്കടയ്ക്കു മുന്നിലെ ആൾത്തിരക്ക്. 

ഞായറാഴ്ച്ചയിലാണ് ഇവിടെ ബിരിയാണി പ്രിയരെ കാത്ത് മട്ടൺ ദം ബിരിയാണി തയ്യാറാക്കുന്നത്. ആയിരം കിലോയിൽപരം ബിരിയാണി വരെ ഉണ്ടാക്കാറുണ്ടെന്ന് കടയുടമ ആനന്ദ് പറയുന്നു. കഴിഞ്ഞ പതിനൊന്നു വർഷമായി താൻ തയ്യാറാക്കുന്ന മട്ടൺ ബിരിയാണിയുടെ രുചിതേടി നിരവധി പേരാണ് എത്തുന്നത്. രാത്രിയിലാണ് ബിരിയാണി തയ്യാറാക്കുന്നത്. അഞ്ചുമണിയോട് കട തുറക്കുകയും ചെയ്യും. ഇവിടുത്തുകാരുടെ പ്രിയ പ്രാതലിലൊന്നുമാണ് ആനന്ദിന്റെ മട്ടൺ ബിരിയാണി. 

ബെം​ഗളൂരു സ്വദേശികളുടെ വാരാന്ത്യ കേന്ദ്രമാണ് ആനന്ദ് ബിരിയാണി ഷോപ്പെന്നും ക്യൂ കണ്ടാൽ ബിരിയാണി സൗജന്യമായി നൽകുകയാണ് എന്നു തോന്നുമെന്നും മദ്യക്കടയിലെ ക്യൂവിനെ വെല്ലുന്ന ക്യൂ ആദ്യമാണ് കാണുന്നതെന്നുമൊക്കെ പോകുന്നു വീഡിയോക്കും ചിത്രങ്ങൾക്കും കീഴെ വരുന്ന കമന്റുകൾ. 

Content Highlights: Bangaloreans Line Up In Queues For Hoskote’s 6AM Biryani