കഴക്കൂട്ടം: ടെക്നോപാര്‍ക്കിലെ ഒരു ഭക്ഷണക്കടയില്‍ വിളമ്പിയ ബിരിയാണിയില്‍ക്കണ്ടത് മുറിവുപൊതിഞ്ഞ ബാന്‍ഡ് എയ്ഡ്. നിള മന്ദിരത്തിലെ രംഗൊലിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഭക്ഷണം കഴിക്കാന്‍ ചെന്ന ഐ.ടി. ജീവനക്കാരനാണ് ഈ ദുരനുഭവം.

ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി പാര്‍ക്ക് സെന്ററില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് രംഗൊലി അനിശ്ചിതകാലത്തേക്ക് പൂട്ടിച്ചു.

ഈ ഭക്ഷണക്കട കരാര്‍കൊടുത്താണ് നടത്തുന്നത്. പല പരാതികളും ഇതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മുന്‍പ് ഉണ്ടായിട്ടുണ്ട്. ആറുമാസംമുന്‍പ് ഭക്ഷണത്തില്‍ പുഴു കാണപ്പെട്ടിരുന്നു. പരാതികള്‍ ഉണ്ടായപ്പോള്‍ ചുരുക്കംദിവസങ്ങള്‍ അടപ്പിക്കുകമാത്രമായിരുന്നു നടപടി. വൃത്തിയാക്കിയെന്നു വരുത്തിത്തീര്‍ത്ത് നടത്തിപ്പുകാര്‍ വീണ്ടും തുറക്കുകയും കാര്യങ്ങള്‍ പഴയ പടിയാകുകയും ചെയ്തു.

ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെപ്പറ്റി പരിഗണനയില്ലാത്ത ആളുകളെ ടെക്നോപാര്‍ക്കിലെ ഭക്ഷണക്കടകളുടെ നടത്തിപ്പില്‍നിന്ന് സ്ഥിരമായി മാറ്റണമെന്ന് പ്രതിധ്വനി ആവശ്യപ്പെട്ടു.

പത്തുദിവസം മുന്‍പ് ടെക്നോപാര്‍ക്കിനു മുന്നില്‍ റോഡരികിലുള്ള ഒരു സ്വകാര്യ കടയില്‍നിന്ന് ആഹാരംകഴിച്ച അന്‍പതോളം ഐ.ടി. ജീവനക്കാര്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളെത്തുടര്‍ന്ന് ചികിത്സതേടിയിരുന്നു.

എട്ടുമാസം മുന്‍പ് ടെക്നോപാര്‍ക്ക് വളപ്പിലും പുറത്തുമുള്ള കടകളില്‍നിന്ന് ഭക്ഷണംകഴിച്ച നാന്നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി.

Content Highlights: band aid in biriyaani, food news, food updates