‘മെൽറ്റിങ് ഹാർട്സ്’ ബേക്കറി യൂണിറ്റിൽ കേക്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഓവനിൽനിന്ന് ബ്രഡ്ഡും ബണ്ണുമെല്ലാം പുറത്തെടുക്കുമ്പോൾ ആദ്യമെല്ലാം അവരുടെ മുഖത്ത് അമ്പരപ്പായിരുന്നു... പതിയെ പതിയെ ആ രുചിയുടെ ഇടങ്ങൾ അവർക്ക് സുപരിചിതമായി. ചപ്പാത്തിയിലും ബ്രഡ്ഡിലും ബണ്ണിലും തുടങ്ങി ഇപ്പോൾ രുചിയൂറും കേക്കുകളും ഇവരുടെ കൈകളിലൂടെ പുറത്തേക്കു വരുന്നു. നാടൊട്ടുക്ക് ബേക്കറി യൂണിറ്റുകളുണ്ടെങ്കിലും ഉദയംപേരൂരിലെ ‘മെൽറ്റിങ് ഹാർട്സ്’ എന്ന ബേക്കറി യൂണിറ്റിലെ ബ്രഡ്ഡിന്റെയും ബണ്ണിന്റെയുമൊക്കെ രുചി മനസ്സലിയിപ്പിക്കും.
ഇവിടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നത് 13 ഭിന്നശേഷിക്കാരാണ്. എല്ലാവർക്കും 18 വയസ് കഴിഞ്ഞു. അവരുടെ കരസ്പർശമില്ലാതെ ഇവിടെനിന്ന് ഒരു ചപ്പാത്തിയോ കേക്കോ പുറത്തിറങ്ങുന്നില്ല. മാവ് കുഴയ്ക്കുന്നതിൽ തുടങ്ങി, നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഏതെങ്കിലുമൊരു ജോലി ഇവർ ചെയ്യുന്നു. അതുതന്നെയാണ് ഉദയംപേരൂരിൽ പ്രവർത്തിക്കുന്ന മെൽറ്റിങ് ഹാർട്സ് എന്ന ബേക്കറി യൂണിറ്റിനെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ഇവിടെ നിന്ന് സ്നേഹത്തിൽ പൊതിഞ്ഞ് നൽകുന്ന ഓരോ ബണ്ണിനും ബ്രഡ്ഡിനും ഒട്ടേറെ കഥകൾ പറയാനുണ്ട്.
പോരായ്മകൾ പടിക്കുപുറത്ത്
ബേക്കറി യൂണിറ്റിനുള്ളിൽ എല്ലാവരും കഠിനാധ്വാനികളാണ്. ബേക്കിങ് മുതൽ ബില്ലിങ്ങിൽ വരെ ഇവരുണ്ട്. തൃപ്പൂണിത്തുറ കുരീക്കാട് പ്രവർത്തിക്കുന്ന ‘ആദർശ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ നേതൃത്വത്തിലുള്ള ‘ആദർശ് സെന്റർ ഫോർ എംപവർമെൻറി’ന്റെ നേതൃത്വത്തിലാണ് ഉദയംപേരൂരിൽ ഈ ബേക്കറി യൂണിറ്റും വിതരണ കേന്ദ്രവും പ്രവർത്തിക്കുന്നത്.
ബേക്കറി ഉത്പന്ന നിർമാണം പഠിപ്പിക്കാനായി വിദഗ്ദ്ധനായ ബേക്കറി ഷെഫിന്റെ സേവനവും സഹായത്തിന് ജീവനക്കാരുമുണ്ടിവിടെ. ബേക്കറി യൂണിറ്റിനോടു ചേർന്ന് ഔട്ട്ലെറ്റും പ്രവർത്തിക്കുന്നു. ഇവിടെ പണം വാങ്ങുന്നതും സാധനങ്ങൾ പൊതിഞ്ഞുനൽകുന്നതുമെല്ലാം ഭിന്നശേഷിക്കാർ തന്നെ. ഉത്പന്ന നിർമാണം പൂർണമായി ചെയ്യാൻ ഇവർക്കാവില്ല. ഒരോ ഘട്ടത്തിലും ആവശ്യമായ സഹായം നൽകുകയാണ് ചെയ്യുന്നത്. ചിലർ മാവു കുഴയ്ക്കും, മറ്റു ചിലർ പൊതിഞ്ഞുകൊടുക്കും, ചിലർ സാൻഡ്വിച്ചിനായി പച്ചക്കറികൾ അരിഞ്ഞുനൽകും. അങ്ങനെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഓരോരുത്തരും ഇടപെടുന്നുണ്ട്.
ഒപ്പം വരുമാനവും...
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്, ചെറിയ വരുമാനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യമെന്ന് ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ പറയുന്നു. ഭിന്നശേഷിക്കാർക്ക് മാസം 1,000 രൂപ വീതവും ജോലിക്കുവരുന്ന അമ്മമാർക്ക് മാസം 3,000 രൂപ വീതവും നൽകും. അവർക്കിണങ്ങുന്ന മേഖലകളിൽ മതിയായ പരിശീലനം നൽകി സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. ചപ്പാത്തി , ബ്രഡ്ഡ്, ബൺ, കേക്ക്, ഫ്രഷ് ക്രീം കേക്ക് എന്നിവ ഇവിടെ ഉണ്ടാക്കുന്നു. അമ്മമാർ ഇവിടെ സഹായത്തിനായുണ്ട്. രണ്ട് അമ്മമാർ ഇവിടെ സ്ഥിരംജോലിക്ക് വരുന്നുണ്ട്.
ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കുരീക്കാടുള്ള കേന്ദ്രത്തിലെ അംഗങ്ങളായ അജയ് ശങ്കർ, അർച്ചന, ശ്രീലക്ഷ്മി, അനുരാജ്, കിരൺ, അശ്വൻ, സൂര്യൻ, അരുൺ, ഗ്രിഗറി, ചാന്ദ്നി, ഫിറോസ് എന്നിവരാണ് ഇപ്പോൾ ബേക്കറി യൂണിറ്റിൽ പ്രവർത്തിക്കുന്നത്.
ഇവരെ രാവിലെ വീട്ടിൽനിന്ന് ആദർശിന്റെ വാഹനത്തിൽ കൊണ്ടുവന്ന് തിരിച്ച് വീട്ടിൽകൊണ്ടുപോയി വിടും.
ആദർശ് ചാരിറ്റബിൾ സൊസൈറ്റി
25 വർഷം മുമ്പാണ് തൃപ്പൂണിത്തുറയ്ക്ക് സമീപം കുരീക്കാട് ‘ആദർശ് ചാരിറ്റബിൾ ട്രസ്റ്റ്’ ഭിന്നശേഷിക്കാരായ ഏഴു കുട്ടികളുമായി പ്രവർത്തനം തുടങ്ങിയതെന്ന് ഫൗണ്ടർ െസക്രട്ടറി സി.ആർ. മഹാദേവൻ പറഞ്ഞു. മൂന്നു മാസം മുതൽ 30 വയസ്സുവരെ പ്രായമുള്ള 550 കുട്ടികൾ ഇപ്പോൾ ഇവിടുണ്ട്.
സെറിബ്രൽ പാൾസി, ഓട്ടിസം, ഡൗൺസിൻട്രോം എന്നിവ ബാധിച്ചവർക്കുള്ള കേന്ദ്രമാണിത്. അതിൽത്തന്നെ 80 കുട്ടികളെ സാധാരണജീവതത്തിലേക്ക് കൊണ്ടുവരാൻ ആദർശിന് കഴിഞ്ഞിട്ടുണ്ട്. പൂർണരീതിയിലുള്ള ഒരു പുനരധിവാസത്തിനാണ് ‘ആദർശ്’ ശ്രമിക്കുന്നത്.
Content Highlights: bakery run by specially abled youths training for differently abled
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..