ഒരൊറ്റ വീഡിയോ കൊണ്ട് ജീവിതം മാറിമറിഞ്ഞവരാണ് ഡൽഹിയിലെ മാളവ്യ നഗറിൽ ബാബാ കാ ദാബ എന്ന പേരിൽ ചായക്കട നടത്തിവന്ന കാന്താപ്രസാദും ഭാര്യയും. യൂട്യൂബർ ഗൗരവ് വാസനാണ് ഇവരുെ ദുരിതകഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയും നാനാഭാഗത്തു നിന്നും കാന്താപ്രസാദിനെ തേടി സഹായഹസ്തങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് വധഭീഷണി നേരിടുന്നുവെന്ന് വ്യക്തമാക്കി പരാതി സമർപ്പിച്ചിരിക്കുകയാണ് കാന്താപ്രസാദ്.
ചായക്കട തീയിൽ ചാമ്പലാക്കുമെന്ന് ഭീഷണി വന്നുവെന്നും തനിക്ക് വീടുവിട്ടു പുറത്തുപോകാൻ ഭയം തോന്നുന്നുവെന്നുമാണ് കാന്താപ്രസാദ് പരാതിയിൽ പറയുന്നത്. തന്റെ വളർച്ചയിൽ നിരവധി പേർ അസൂയാലുക്കളാണെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണിലൂടെ നിരവധി പേർ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും കാന്താപ്രസാദ് മാളവ്യ നഗർ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഭീഷണികൾക്ക് പുറകിൽ യൂട്യൂബർ ഗൗരവ് വാസൻ ആണെന്നാണ് കരുതുന്നതെന്ന് കാന്താപ്രസാദിന്റെ വക്കീൽ പ്രേം ജോഷി പറയുന്നു. എന്നാൽ കാന്താപ്രസാദിനെ ആരെല്ലാമോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പോലീസ് ഈ വിഷയത്തിൽ സത്യം തെളിയിക്കുമെന്നാണ് കരുതുന്നതെന്നും ഗൗരവ് വാസൻ പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ കാന്താപ്രസാദിന്റെ പരാതിയിൽ ഗൗരവ് വാസനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ച ഗൗരവ് തനിക്കു വേണ്ടി സഹായങ്ങൾ അഭ്യർഥിക്കുകയും സ്വന്തം അക്കൗണ്ട് നമ്പർ നൽകുകയുമാണ് ചെയ്തതെന്നു കാണിച്ചാണ് കാന്താപ്രസാദ് പരാതി നൽകിയത്.
ഗൗരവ് വാസന്‍ പകര്‍ത്തിയ വീഡിയോയാണ് ട്വിറ്ററിലൂടെ ബാബയുടെ ദുരിതം ലോകത്തെ അറിയിച്ചത്. ഭാര്യ ബദാമി ദേവിക്കൊപ്പം ഏറെക്കാലമായി ധാബ നടത്തുകയാണ് ബാബ. ഇവരുടെ അധ്വാനം ദിവസവും രാവിലെ ആറരയ്ക്കു തുടങ്ങും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും. എന്നാല്‍, കോവിഡ് കാലത്ത് നിത്യവൃത്തിക്കുള്ള പണംപോലും കച്ചവടത്തിലൂടെ കിട്ടുന്നില്ലെന്ന് ബ്ലോഗറോടു സംസാരിക്കവേ ബാബയുടെ മുഖം കണ്ണീരില്‍ക്കുതിരുകയായിരുന്നു. കോവിഡ് തകര്‍ത്തെറിഞ്ഞ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ദൃശ്യവിവരണം ട്വിറ്ററില്‍ വൈറലായി. ക്രിക്കറ്റ്താരം ആര്‍ അശ്വിന്‍, ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രവീണ ടണ്ഠന്‍, സുനില്‍ ഷെട്ടി തുടങ്ങിയവരും കാന്താപ്രസാദിന്റെ വീഡിയോ പങ്കുവച്ചിരുന്നു.
Content Highlights: Baba Ka Dhaba owner says receiving death threats