പള്ളിമുക്കിലെ ബി.ടെക്. ചായക്കട
കൊല്ലം: പാടാനും നൃത്തം ചെയ്യാനും പ്രസംഗിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും ആത്മവിശ്വാസമുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്തവരാണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്ക് കൊല്ലത്തെ ബി.ടെക്. ചായക്കടകളുടെ മുന്നിലേക്ക് പോരാം. ചെറുസദസ്സിനുമുന്നിൽ പാടിയും പ്രസംഗിച്ചുമെല്ലാം തെളിയാം. തെറ്റുകൾ തിരുത്താം.
മൂന്ന് ബി.ടെക്. ബിരുദധാരികളായ അനന്തുവും മുഹമ്മദ് ഷാഫിയും ഷാനവാസും കോവിഡ് കാലത്തെ തൊഴിൽപ്രതിസന്ധിവേളയിൽ കൊല്ലം പള്ളിമുക്കിലും ഇരുമ്പുപാലത്തിനടുത്തും തുടങ്ങിയ ബി.ടെക്. ചായക്കടകളാണ് ഇനി കലാമേളത്തിനും അരങ്ങാകുക. ചായകുടിക്കാനും സൊറപറഞ്ഞിരിക്കാനും വിവിധപ്രായക്കാർ ധാരാളമായി എത്തുന്നുണ്ട്. പലതരക്കാർ, പല കഴിവുകളുള്ളവർ. പലർക്കും സഭാകമ്പംമൂലം വേദികളെ ഭയമാണ്. അവരെ എങ്ങനെ തട്ടിലെത്തിക്കാമെന്ന് മൂവർസംഘം കൂടിയാലോചിച്ചു. ചായയിലെ പുതുരുചികളെപ്പറ്റി തലപുകഞ്ഞുള്ള ചിന്തകൾക്കിടയിലേക്ക് ഇതും കടന്നുകൂടി. 'സ്റ്റാൻഡപ് കൊല്ലം' കൂട്ടായ്മയെന്ന ആവിപറക്കുന്നൊരു ആശയം ഒടുവിൽ പിറന്നു. ചായക്കടകൾക്കുമുന്നിൽത്തന്നെ കലാവതരണത്തിനു വേദിയൊരുക്കാൻ അവർ തീരുമാനിച്ചു. ആശയങ്ങൾ ഭയാശങ്കയില്ലാതെ അവതരിപ്പിക്കുന്ന പുതിയ കാലത്തിന്റെ കലയായ സ്റ്റാൻഡപ് കോമഡിയിൽ എല്ലാവർക്കും പരിശീലനം നൽകാനുമായി സ്റ്റാൻഡപ് കൊല്ലം കൂട്ടായ്മയും ബി.ടെക്. കൂട്ടുകാർ ഒരുക്കിയിട്ടുണ്ട്.
നന്നായി സംസാരിക്കാനാഗ്രഹിക്കുന്നവർക്ക് ഇനി കടമുറ്റത്തെത്താം. ചെറുകൂട്ടങ്ങളായിരുന്ന് കാര്യങ്ങൾ അവതരിപ്പിക്കാം. തെറ്റുകൾ തിരുത്താനും ഭാഷ മെച്ചപ്പെടുത്താനും സഹായികളുണ്ടാകും. കഴിവുതെളിയിക്കുന്നവർക്ക് ചാനലുകളിലുംമറ്റും അവസരങ്ങളുണ്ടാക്കും. പ്രചാരണപരിപാടികളടക്കം നടത്താനും ഉദ്ദേശ്യമുണ്ട്. പാട്ട്, നൃത്തം, സംഗീതപരിപാടികൾ, അനുകരണകല എന്നിവയ്ക്കെല്ലാം ഇനി ബി.ടെക്. ചായക്കടമുറ്റങ്ങളിൽ അരങ്ങൊരുങ്ങും. എഴുപതിലധികംതരം ചായകൾ, പത്തുതരം കോഫി ഇവയും കാണികൾക്കായി ചായക്കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..