ശുചിത്വത്തോടും ശുദ്ധിയോടുമുള്ള പച്ചമത്സ്യവുമായി ഫിഷറീസ് വകുപ്പിന്റെ ’അന്തിപ്പച്ച’ മൊബൈൽ ഫിഷ്‌ മാർട്ട് ഡിസംബർ ഒന്നു മുതൽ  കൊല്ലം ജില്ലയില്‍ പ്രവർത്തനമാരംഭിക്കും. ക്രിസ്‌മസ്-നവവത്സര സമ്മാനമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നാണ് അന്തിപ്പച്ചയ്ക്കുള്ള മത്സ്യം സംഭരിക്കുന്നത്. അതത് ദിവസത്തെ മത്സ്യം സംഭരിച്ച് വിൽപ്പന നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

മത്സ്യം കേടാകാതിരിക്കാൻ കൃത്യമായ ഫ്രീസിങ്‌ സംവിധാനം വാഹനത്തിൽ ഉണ്ടാകും. രാസപദാർഥങ്ങൾ ചേർക്കാത്ത മത്സ്യം വിതരണം ചെയ്യുന്നതിന് ഇത് സഹായകമാകും. മുഴുവനായ മത്സ്യം, പാചകത്തിന് തയ്യാറാക്കിയ റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യം, മറ്റ് മത്സ്യ ഉത്‌പന്നങ്ങൾ എന്നിവ ന്യായമായ വിലയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും.

കുണ്ടറ ആശുപത്രിമുക്ക്‌, ഇളമ്പള്ളൂർ, കരിക്കോട്, കളക്ടറേറ്റ്, ലിങ്ക്‌റോഡ്, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ വാഹനമെത്തുന്ന രീതിയിലാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ആരോഗ്യത്തിന് ഹാനികരമാകുന്ന അമോണിയ, ഫോർമാലിൻ, മറ്റു രാസവസ്തുക്കൾ എന്നിവ ചേർക്കാത്ത ഗുണനിലവാരമുള്ള പച്ചമത്സ്യങ്ങളും ഉണക്കമത്സ്യങ്ങളും മൂല്യ വർധിത ഉത്‌പന്നങ്ങളും മൊബൈൽ മാർട്ടിൽ നിന്ന് ലഭിക്കും.

കാഞ്ഞിരകോട് കായലിലെ രുചിയേറിയ കരിമീൻ പ്രത്യേകം ബ്രാൻഡ്‌ ചെയ്ത് ലഭ്യമാക്കും. ചാള, അയല, നെത്തോലി, നെയ്‌മീൻ, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതത് ദിവസത്തെ ലഭ്യതയ്ക്കനുസരിച്ച്‌ അന്തിപ്പച്ചയിൽ ലഭിക്കും.

മീന്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കഴുകി വൃത്തിയാക്കി മുറിച്ചുനല്‍കും. ഓണ്‍ലൈനായോ നേരിട്ടോ പണം നല്‍കി മീന്‍വാങ്ങാം.

ഓണത്തിന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നീണ്ടുപോവുകയായിരുന്നു. പച്ചമീന്‍ രാസവസ്തുക്കള്‍ കലര്‍ത്താതെ ജനങ്ങളില്‍ എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് അന്തിപ്പച്ച എന്നപേരില്‍ ഫ്രഷ് മീന്‍കച്ചവടം നടത്തുന്നുണ്ട്.

അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി മീന്‍ ഓര്‍ഡര്‍ ചെയ്യാനാകുമെന്നും മത്സ്യഫെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി. സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതി വിജയമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ മത്സ്യവിപണികൂടി ആരംഭിക്കാന്‍ മത്സ്യഫെഡ് തീരുമാനിച്ചത്.

'അന്തിപ്പച്ച' യ്ക്കായി സംഭരിക്കുന്ന മീനാണ് ഓണ്‍ലൈന്‍വഴി ആവശ്യപ്പെടുന്നവര്‍ക്ക് വൃത്തിയായി മുറിച്ച് ന്യായവിലയ്ക്ക് വീട്ടിലെത്തിക്കുക.

content highlight: anthipacha mobile fish market