ജാംസ് ഗ്രൂപ്പ് ന്യൂട്രിമിക്സ് നിർമാണ യൂണിറ്റിലെ അംഗങ്ങൾ
മലപ്പുറം: 'പെണ്ണുങ്ങക്ക് അങ്ങനെ മുറി തരാനൊന്നും പറ്റില്ല, പെണ്ണുങ്ങള് കച്ചോടം തൊടങ്ങ്യാ എത്ര കാലം ഉണ്ടാവുംന്ന് ഞങ്ങക്കറിയ....' അമൃതം പൊടി നിര്‍മാണ യൂണിറ്റ് തുടങ്ങാനായി കടമുറി അന്വേഷിച്ച് നട്ടംതിരിഞ്ഞ അംബികയും കൂട്ടരും പലയിടത്തുനിന്നായി കേട്ട വാക്കുകള്‍.
അന്വേഷണത്തിനൊടുവില്‍ മഞ്ചേരി നെല്ലിക്കുത്തില്‍ വളപ്പൊടി സൂക്ഷിക്കാന്‍ നിര്‍മിച്ച ഷീറ്റ് മേഞ്ഞ മുറി കിട്ടി. ഈ മുറിയില്‍ തുടങ്ങിയ ഉത്പാദന യൂണിറ്റാണ് പിന്നീട് അത്യാധുനിക യന്ത്രങ്ങളോടെ ഐ.എസ്.ഒ. അംഗീകാരമുള്ള ജാംസ് ഗ്രൂപ്പ് ന്യൂട്രിമിക്സ് വ്യവസായമായി വളര്‍ന്നത്.
തുടക്കം 2006-ല്‍
2006 ജൂലായിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് അമൃതം പൊടി നിര്‍മാണ പരിശീലനം ലഭിച്ചത്. ആലപ്പുഴയിലായിരുന്നു പരിശീലനം. അതുകഴിഞ്ഞ് അവര്‍ രംഗത്തിറങ്ങി.
തുടക്കത്തില്‍ വീടുകളില്‍ വറുത്ത് മിക്സിയില്‍ പൊടിച്ചായിരുന്നു പാക്ക് ചെയ്തത്. 250 രൂപയുടെ പാക്കറ്റ് അയല്‍ക്കൂട്ടങ്ങള്‍ വഴി വിതരണം ചെയ്തു. 30 രൂപയുടെ ഒരു പാക്കിന് മൂന്നു രൂപ കമ്മീഷന് വ്യവസ്ഥയില്‍.
ഒഴിവുവേളയില്‍ 'ബ്രേക്ക് ഫാസ്റ്റ് കിറ്റ്'
കുടുംബശ്രീ വായ്പയുടെ സഹായത്താല്‍ ക്രമേണ യന്ത്രവത്കൃത യൂണിറ്റ് തുടങ്ങാന്‍ ആലോചനയായി. അപ്പോഴാണ് മുറി കിട്ടുന്ന പ്രശ്നം വന്നത്. പലര്‍ക്കും 'സ്ത്രീകളെന്തു ചെയ്യാന്‍' എന്ന പുച്ഛം. മഞ്ചേരിയില്‍ മുറി തരപ്പെട്ട് പൊടിക്കല്‍ യന്ത്രത്തിലേക്ക് മാറിയതോടെ ജോലി എളുപ്പമായി. പക്ഷേ, മറ്റൊരു പ്രശ്നം തലപൊക്കി. 15 ദിവസമേ ജോലിയുള്ളൂ. ബാക്കി ദിവസങ്ങള്‍ വെറുതെയിരിക്കണം. എന്തു ചെയ്യുമെന്ന ചിന്തയില്‍നിന്നാണ് ബ്രേക്ക് ഫാസ്റ്റ് കിറ്റിന്റെ തുടക്കം.
പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി എന്നിവയുടെ അരക്കിലോ വീതമുള്ള കിറ്റിന് ആവശ്യക്കാരേറെയുണ്ടായിരുന്നു.
മാസച്ചന്തകളിലും മേളകളിലും വിപണി കണ്ടെത്തി.
യാത്രയ്ക്കായി സ്വന്തം ഗുഡ്സ് ഓട്ടോ
ജില്ലയില്‍ പല ഭാഗത്തായി നടക്കുന്ന മേളകളിലേക്ക് സാധനങ്ങളുമായി പോകുന്നത് സ്ത്രീകള്‍തന്നെ ഓടിക്കുന്ന ഗുഡ്സ് ഓട്ടോയിലാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍നിന്ന് സാധനങ്ങളെടുക്കുന്നതും ഇതേ വാഹനത്തിലാണ്. കെ.പി. ജയന്തി, സി. അംബിക, എന്‍. മിനി, എം. സുനീറ, കെ. ഷീജ എന്നിവരാണ് യൂണിറ്റിലെ അംഗങ്ങള്‍. വെറും വട്ടപ്പൂജ്യമായി വീടുകളില്‍ ഒതുങ്ങിയിരുന്ന തങ്ങളെ ഇത്രത്തോളമെത്തിച്ചത് കുടുംബശ്രീയാണെന്ന് അവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. സംസ്ഥാനത്തിനു പുറത്തും വിവിധ മേളകളില്‍ പങ്കെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യാന്തര പുരസ്കാരവും തേടിയെത്തി.
വിവാദങ്ങളും നിരോധനവും
എറണാകുളം എടക്കാട്ടുവയലിലെ യൂണിറ്റില്‍നിന്നുള്ള അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇവരെയും ബാധിച്ചു.
സംസ്ഥാനത്താകെ അമൃതം പൊടിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം വന്നു. പല പഞ്ചായത്തുകളിലും സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്.) തന്നെ ഉത്പന്നം വേണ്ടെന്ന് പറഞ്ഞു.
കുഴപ്പം കണ്ടെത്തിയ യൂണിറ്റിനെതിരെ നടപടിയെടുക്കുന്നതിനുപകരം എല്ലാത്തിനെയും അടച്ചാക്ഷേപിക്കുന്നതാണ് പ്രശ്നമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ 250-ലേറെ സ്ത്രീകള്‍ അമൃതം പൊടി നിര്‍മാണത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതില്‍ 80 ശതമാനത്തിനും മറ്റ് വരുമാനസ്രോതസ്സുകളില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..