ണ്ടത്തെപ്പോലെയല്ല, ഇന്നത്തെ തലമുറയുടെ ഭക്ഷണശൈലി ഏറെ മാറ്റമുണ്ട്. വീട്ടിലെ ഭക്ഷണത്തിനേക്കാൾ പ്രിയം റെസ്റ്ററന്റ് ഭക്ഷണത്തോടും പാക്കറ്റ് ഫൂഡുകളോടുമായി. ഇത് ആരോ​ഗ്യത്തെയും വല്ലാതെ ബാധിച്ചു. പലരും ചെറുപ്പത്തിൽ തന്നെ പൊണ്ണത്തടിക്കും ജീവിതശൈലീ രോ​ഗങ്ങൾക്കും അടിമയായി. ചെറുപ്രായത്തിൽതന്നെ ഡയബറ്റിസും കൊളസ്ട്രോളും ഹൃദ്രോ​ഗങ്ങൾക്കുമെല്ലാം ചികിത്സ തേടേണ്ട സ്ഥിതിയായി. ഇപ്പോഴിാതാ ഇത്തരത്തിലുള്ള ഭക്ഷണശൈലി മൂലം 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകുമെന്നാണ് പഠനം പറയുന്നത്. 

പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് നടത്തിയ ​ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. അന്നജം അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതിയിൽ നിന്ന് പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്റെ അനന്തരഫലമായി ശരീരത്തിന് വേണ്ടുന്ന പോഷകാഹാരത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണമായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. 

45 ശതമാനത്തോളം പേർ അമിതഭാരക്കാരും പതിനാറ് ശതമാനം പേർ പൊണ്ണത്തടിയാൽ വലയുന്നവരുമാകുമെന്നാണ് പഠനം പറയുന്നത്. അതോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള 500 മില്യണിൽപരം ജനങ്ങൾ പോഷകാഹാരക്കുറവും ഭാരക്കുറവും നേരിടുമെന്നും ​ഗവേഷകർ നിരീക്ഷിക്കുന്നു. ഭക്ഷണത്തിന്റെ ആ​ഗോളതലത്തിലുള്ള വിതരണത്തിലെ അപര്യാപ്തതയും ഭക്ഷണശൈലിയിലെ മാറ്റവുമെല്ലാമാണ് ഇവയിലേക്ക് നയിക്കുന്നത്.

ഇതേ രീതിയിലാണ് പോഷകാഹാരത്തിന്റെ ലഭ്യതയെങ്കിൽ‍ ഐക്യരാഷ്ട്രസഭയുടെ ലോകമെമ്പാടുമുള്ള പട്ടിണി നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. അതോടൊപ്പം തന്നെ അമിതഭാരവും പൊണ്ണത്തടിയുമെല്ലാം ഭാവിയിലെ സവിശേഷതകളുമായി മാറും. - പഠനത്തിന് നേതൃത്വം നൽകിയ ബെഞ്ചമിൻ ബോഡിർസ്കൈ പറയുന്നു. 

സുസ്ഥിരവും ​ആരോ​ഗ്യപരവുമായ ഭക്ഷണരീതികളിലേക്കുള്ള ​ഗുണപരമായ മാറ്റങ്ങൾക്കു വേണ്ടി രാജ്യങ്ങളിലുടനീളം പുതിയ നയങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതാകട്ടെ പഠനമെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു. 

Content Highlights: Almost Half Of World May Be Overweight By 2050