വടകര: കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ ഇനി ആരും വടകര ടൗണില്‍ വിശന്നുകഴിയേണ്ട. നിങ്ങളുടെ വിശപ്പകറ്റാന്‍ പോലീസിന്റെ 'അക്ഷയപാത്രം' ഒരുങ്ങുന്നു. ഇനി ഇവിടെ ഒരിക്കലും കാരുണ്യവും സ്നേഹവും വറ്റില്ല. മതിയാവോളം വയറുംമനസ്സും നിറക്കാം.

കണ്ണൂരില്‍ ഒരുവര്‍ഷംമുമ്പെ അക്ഷയപാത്രം എന്ന പദ്ധതി പോലീസ് നടപ്പാക്കിയിരുന്നു. ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ അന്നത്തെ കണ്ണൂര്‍ ഡി.വൈ.എസ്.പി. പി.പി.സദാനന്ദനാണ് വടകരയിലും അക്ഷയപാത്രം നടപ്പാക്കുന്നത്. ഇപ്പോള്‍ വടകര ഡി.വൈ.എസ്.പിയാണ് സദാനന്ദന്‍. ഒരാഴ്ചയ്ക്കകം വടകരയില്‍ പോലീസിന്റെ അക്ഷയപാത്രം തയ്യാറാകുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

റെയില്‍വേ സ്റ്റേഷന് എതിര്‍വശം ട്രാഫിക് യൂണിറ്റിന്റെയും പുതിയ കണ്‍ട്രോള്‍ റൂം ഓഫീസിന്റെയും മധ്യത്തിലെ അരയാലിന്റെ ചുവട്ടില്‍ അക്ഷയപാത്രത്തിനായുള്ള കാബിന്‍ നിര്‍മിച്ചുകഴിഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സൗജന്യമായി ഇതുനിര്‍മിച്ചത്. അടുത്തദിവസംതന്നെ ഭക്ഷണം കേടുകൂടാതെയും ചൂടുപോകാതെയും സൂക്ഷിക്കാവുന്ന ഫുഡ്ചില്ലര്‍ സ്ഥാപിക്കും. വടകരയിലെ വണ്‍ടുത്രീ ഗ്രൂപ്പാണ് ചില്ലര്‍ സംഭാവന ചെയ്യുന്നത്. ഇതില്‍ എല്ലാദിവസവും ഭക്ഷണം എത്തിക്കാനുളള ദൗത്യം അത്താഴക്കൂട്ടം എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഏറ്റെടുത്തു. ഇതോടൊപ്പം പോലീസിന്റെ അനുമതിയോടെ ഏതുസംഘടനകള്‍ക്കും ഭക്ഷണം എത്തിക്കാം.

ഒരു ഹോംഗാര്‍ഡിന്റെ സേവനം നടത്തിപ്പിനായി ഉപയോഗിക്കും. ഭക്ഷണംകഴിക്കാന്‍ പണമില്ലാത്ത ആര്‍ക്കും ഇവിടെയെത്തി ഭക്ഷണം ശേഖരിക്കാം. മദ്യപിച്ചെത്തുന്നവര്‍ക്ക് ഭക്ഷണംനല്‍കില്ല. സ്ഥിരമായി ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നവരെ പ്രത്യേകം ശ്രദ്ധിച്ച് ഇവരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കും. തുടര്‍ന്ന് പുനരധിവാസവും ഉറപ്പാക്കും. സംവിധാനം ദുരുപയോഗം ചെയ്യുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

കണ്ണൂരില്‍ ഒരുവര്‍ഷമായി വിജയകരമായി പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ പറഞ്ഞു. ദിവസം ശരാശരി 70 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഒട്ടേറെ സംഘടനകള്‍ ഇവിടെ ഭക്ഷണം നല്‍കാന്‍ തയ്യാറായി രംഗത്തുണ്ട്. ഭക്ഷണാവശ്യത്തിനുവേണ്ടിമാത്രം ചെറിയകളവും പിടിച്ചുപറിയും നടത്തിവരുണ്ടെന്നതിന്റെകൂടി തിരിച്ചറിവിലാണ് പോലീസ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. ഇത്തരം കുറ്റകൃത്യങ്ങള്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുറയുമെന്നും പോലീസ് കണക്കുകൂട്ടുന്നു.

Content Highlights: akshaya patram project of police, kerala police, food news, food updates, food features, vadakara