കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ.) മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യനും അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സ്‌പെഷ്യലിസ്റ്റ് എഫ്. പുഷ്പരാജ് ആഞ്ചലോയും ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ കര്‍ഷകരെ കണ്ടിരുന്നു. ഈ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നൂറുശതമാനം ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നതും ഗുണമേന്മ ഏറിയതുമാണ്. പക്ഷേ, അതിനനുസരിച്ചുള്ള വിപണി ഈ കര്‍ഷകര്‍ക്ക് ഇല്ല. ഉത്പന്നങ്ങള്‍ക്ക് അതിന്റെ ഗുണമേന്മക്കനുസരിച്ചുള്ള വിലയും കിട്ടുന്നില്ല. കഷ്ടമാണ് അവരുടെ ജീവിതം.

എറണാകുളം പോലുള്ള വലിയ നഗരങ്ങളില്‍ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങാനാളുണ്ട്. വില അവര്‍ക്കൊരു പ്രശ്‌നമേയല്ല. ഭക്ഷ്യവസ്തുക്കളായതിനാല്‍ എന്തു വില നല്‍കിയും അവ വാങ്ങാന്‍ ധാരാളമാളുകളുണ്ട്. പക്ഷേ, അവ കിട്ടാനില്ല. ഒരിടത്ത് കര്‍ഷകര്‍ തങ്ങളുടെ മേന്മയുള്ള ഭക്ഷ്യവസ്തുക്കളുമായി കാത്തിരിക്കുന്നു. മറ്റൊരിടത്ത് ആവശ്യക്കാര്‍ക്ക് ഇതു കിട്ടാതെ പോകുന്നു. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് കെ.വി.കെ. അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളുമൊക്കെ കര്‍ഷകക്കൂട്ടായ്മകളില്‍ നിന്നു നേരിട്ടുവാങ്ങി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പദ്ധതിക്ക് കെ.വി.കെ. തുടക്കമിട്ടത് അങ്ങനെയാണ്. ഹൈക്കോര്‍ട്ടിനു സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.കെ.യുടെ കൗണ്ടറില്‍ ജൈവ ഭക്ഷ്യോത്പന്നങ്ങളുടെ വിപണനം ആരംഭിച്ചു. ആദിവാസികളുടെ ഉത്പന്നങ്ങളും വിപണനത്തിനായി ഇവിടെ എത്തിക്കും.

മറയൂരില്‍ നിന്ന് ശര്‍ക്കര; ഓണാട്ടുകരയില്‍ നിന്ന് മഞ്ഞള്‍പ്പൊടി

ഒരു മായവും ചേരാത്ത, ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറയുന്നു. മറയൂരില്‍ നിന്ന് ശര്‍ക്കരയും ഓണാട്ടുകര സ്‌പൈസസ് പ്രൊഡ്യൂസിങ് കമ്പനി വഴി മഞ്ഞള്‍പ്പൊടിയും എറണാകുളത്തെ കര്‍ഷക കൂട്ടായ്മകളില്‍ നിന്ന് പൊക്കാളി അരിയും പുട്ടുപൊടിയും അവലും ഗുണ്ടൂരില്‍ നിന്ന് മുളകും രാജസ്ഥാനില്‍ നിന്ന് മല്ലിയും ജീരകവും ഉലുവയും കൊണ്ടുവന്നു വില്‍ക്കുകയാണ് കെ.വി.കെ. ചെയ്യുന്നത്. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് പലയിടത്തുനിന്നായി ഇവിടെ എത്തിക്കുന്നത്. ചെറുപയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, കുരുമുളക്, തേന്‍, ഉണക്കമീന്‍, മല്ലി തുടങ്ങി 23 ഉത്പന്നങ്ങള്‍ ഇപ്പോഴുണ്ട്. ഭാവിയില്‍ മറ്റ് ഭക്ഷ്യോത്പന്നങ്ങളും എത്തിക്കാനാണ് ഉദ്ദേശ്യം. ജൈവവും ഗുണനിലവാരമേറിയതുമായ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനോടൊപ്പം അവ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പരമാവധി നല്ല വില ലഭ്യമാക്കാനും ഈ പദ്ധതി വഴി സാധിക്കുന്നു.

ശര്‍ക്കരയുടെ നിറം കറുപ്പ്

ഉത്പന്നങ്ങളുടെ വിപണനത്തിനു പുറമെ, ജനങ്ങളുടെ മനസ്സില്‍ ഉറച്ചുപോയ ചില തെറ്റിദ്ധാരണകള്‍ തിരുത്താനും കെ.വി.കെ. ഈ അവസരം ഉപയോഗപ്പെടുത്തുന്നു. അങ്ങനെയൊരു ധാരണയാണ് ശര്‍ക്കരയെ സംബന്ധിച്ചുള്ളത്. യഥാര്‍ഥ ശര്‍ക്കരയ്ക്ക് കറുത്ത നിറമാണ്. എന്നാല്‍ എങ്ങനെയോ വിപണിയില്‍ ഒരു ധാരണ പരന്നിട്ടുണ്ട്, ശര്‍ക്കരയുടെ നിറം കറുപ്പല്ല, മഞ്ഞയാണെന്ന്. മഞ്ഞ ശര്‍ക്കരയുടെ ആവശ്യകത വിപണിയില്‍ കൂടിവരുമ്പോള്‍ യഥാര്‍ഥ ശര്‍ക്കരയെ കുറച്ചൊന്നു വെളുപ്പിക്കാന്‍ ഉത്പാദകന്‍ നിര്‍ബന്ധിതനാവും. അതിനായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. അത് ശരീരത്തിന് ദോഷകരമാണ്. നല്ല ശര്‍ക്കര എന്താണെന്ന് അറിഞ്ഞുകൂടാത്ത ഉപഭോക്താവാണ് ഇവിടെ മായം ചേര്‍ക്കുന്നതിലെ പ്രധാന ഉത്തരവാദി. നല്ല ശര്‍ക്കര മറയൂരില്‍ കിട്ടും, അതു വാങ്ങി ഇവിടത്തെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനോടൊപ്പം ശര്‍ക്കരയുടെ നിറം കറുപ്പാണെന്ന് ജനത്തെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു, കെ.വി.കെ.

കാന്തല്ലൂരില്‍ നിന്ന് വെളുത്തുള്ളിയും മല്ലിയും

യഥാര്‍ഥ മഞ്ഞള്‍പ്പൊടിക്ക് ഇളം ഓറഞ്ച് നിറമാണ്. പൊടിയില്‍ കൂടുതല്‍ മഞ്ഞനിറം കണ്ടാല്‍ ഉറപ്പിക്കാം, അത് മായം ചേര്‍ത്തതാണ്. മറ്റൊന്ന് ഉഴുന്നാണ്. തോടുകളഞ്ഞ ഉഴുന്നിന് നല്ല വെളുപ്പു നിറമാണെന്നാണ് ഉപഭോക്താക്കളുടെ പൊതുവായുള്ള ധാരണ. എന്നാല്‍ യഥാര്‍ഥ ഉഴുന്നുപരിപ്പിന് കടുത്ത വെള്ളനിറമല്ല, മഞ്ഞയോടടുത്ത നിറമാണ്. ചില സാധനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നില്ലെന്നാണ് പലരുടെയും ധാരണ. അതും കെ.വി.കെ. തിരുത്തുന്നു. കാന്തല്ലൂരിലെ വെളുത്തുള്ളിയും മല്ലിയും വട്ടവടയിലെ ഉരുളക്കിഴങ്ങും, സ്ഥാപനം എറണാകുളത്ത് എത്തിക്കും. നാട്ടില്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികളുടെ മുട്ടകള്‍ ശേഖരിച്ച് വിപണിയിലെത്തിക്കാനും ഉദ്ദേശ്യമുണ്ട്. പുറത്തു നിന്നു വരുന്ന മുട്ട, വന്‍കിട ഫാമുകളിലേതാണ്. അവിടെ കോഴികള്‍ക്ക് നല്‍കുന്ന തീറ്റയല്ല, വീടുകളില്‍ വളരുന്നതിന് കിട്ടുക. അതിന്റെ ഗുണം മുട്ടയിലുണ്ടാവും.

പോളിഷ് ചെയ്യാത്ത പയര്‍

ഉഴുന്നും ചെറുപയറും എന്തോ എണ്ണ തൂവി പോളിഷ് ചെയ്യുന്ന പരിപാടി തമിഴ്നാട്ടിലുണ്ട്. അവയ്ക്ക് തിളക്കം കിട്ടാനും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാനുമാണിത്. ഇത് ഒഴിവാക്കി കര്‍ഷകക്കൂട്ടായ്മകളില്‍ നിന്നു നേരിട്ടു വാങ്ങുകയാണ് കെ.വി.കെ. ചെയ്യുന്നത്. 'കടക്നാഥ്' കരിങ്കോഴി കൃഷി ചെയ്യാന്‍ കര്‍ഷകരെ പഠിപ്പിച്ച കെ.വി.കെ, ഇപ്പോള്‍ അവയുടെ ഇറച്ചി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കു നല്‍കുന്നുണ്ട്. കരിങ്കോഴി കര്‍ഷകരെ സഹായിക്കാനാണിത്. മറയൂരിലും മറ്റും ആഴ്ചച്ചന്തകളില്‍ ആദിവാസികള്‍ നെല്ലിക്കയും മറ്റും കൊണ്ടുവരുന്നുണ്ട്. അത് വന്‍തോതില്‍ കൃഷി ചെയ്യുന്നതല്ല. അവര്‍ വനത്തില്‍ നിന്നു കൊണ്ടുവരുന്നതാണ്. അതും കൂടി വാങ്ങി ഇവിടെ വില്‍ക്കാന്‍ ശ്രമമുണ്ട്. അങ്കമാലിയില്‍ മൃഗപരിപാലന ക്ലബ്ബുണ്ട്. അവരുമായി ചര്‍ച്ച നടത്തി പാലും പാലുത്പന്നങ്ങളും കൊണ്ടുവരും.

ഉണക്കമീനാണ് മറ്റൊരിനം. സാധാരണ പച്ചമീന്‍ വിറ്റുപോകാതെ അധികം വന്ന് കേടാകാന്‍ തുടങ്ങുമ്പോഴാണ് ഉണക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ടാണ് ഉണക്കമീന് പഴക്കരുചി. പിടിച്ചയുടന്‍ തന്നെ ഉണക്കിയെടുക്കുന്ന മീന്‍ രുചികരമാണ്. അങ്ങനെയാണ് ഉണക്കമീനുണ്ടാക്കേണ്ടതെന്ന് മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു. പലയിടങ്ങളിലായി അരി ഉത്പാദിപ്പിച്ചു വില്‍ക്കുന്നവരുണ്ട്. അവരെ ഏകോപിപ്പിക്കാനും പരിപാടിയുണ്ട്. മികച്ച കൂട്ടായ്മകള്‍ക്ക് മില്ലുകള്‍ നല്‍കും. വിറ്റുതരുമെങ്കില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാമെന്ന് കര്‍ഷകര്‍ കെ.വി.കെ.യോട് പറഞ്ഞിട്ടുണ്ട്. സാധനങ്ങള്‍ക്ക് നല്ല വില കിട്ടിത്തുടങ്ങിയാല്‍ കര്‍ഷകര്‍ കൂടുതലിടങ്ങളില്‍ കൃഷി തുടങ്ങുമെന്നുറപ്പ്. അങ്ങനെ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കും.

Content Highlights: kvk stall ernakulam, bio food products, food news