ഏറെനേരം കാത്തിരുന്നുകിട്ടിയ റൊട്ടി ഇരുകൈകൊണ്ടും നെഞ്ചിൽ ചേർത്തുപിടിച്ച അഫ്ഗാൻ ബാലിക. കാബൂളിൽ 'സേവ് അഫ്ഗാൻസ് ഫ്രം ഹംഗർ' കാമ്പയിനിന്റെ ഭാഗമായാണിവൾക്ക് ഭക്ഷണം കിട്ടിയത്. ഇനിയിതുപോലെ അല്പം ഭക്ഷണത്തിന് ചിലപ്പോൾ ആഴ്ചകൾ കാക്കേണ്ടിവരും. ആഭ്യന്തരയുദ്ധം അവശേഷിപ്പിച്ചത് ഇതുപോലത്തെ അരക്ഷിതമുഖങ്ങളെയാണ്. കാരുണ്യസംഘടനകളുടെ ഇടപെടൽകൊണ്ടുമാത്രമാണ് പലയിടത്തും ഭക്ഷണമെത്തുന്നത്. ഉപജീവനത്തിന് അവയവങ്ങളും കുട്ടികളെവരെയും വിൽക്കേണ്ടിവരുന്നെന്നാണ് വിവരം | Photo: എ.എഫ്.പി.
2021 ഓഗസ്റ്റിലാണ് അഫ്ഗാന് സര്‍ക്കാരില്‍നിന്നും ഭീകരസംഘടനയായ താലിബാന് അഫ്ഗാന്റെ ഭരണം പിടിച്ചെടുക്കുന്നത്. അഫ്ഗാനില്‍നിന്നുള്ള യു.എസ്. സൈന്യത്തിന്റെ പിന്മാറ്റമാണ് ഭരണത്തില്‍ താലിബാന് പിടിമുറുക്കാന്‍ ഇടനല്‍കിയത്. എന്നാല്‍, താലിബാന്റെ കൈകളില്‍ അഫ്ഗാന് എത്തിയതുമുതല്‍ കടുത്തദാരിദ്ര്യത്തിലൂടെ കടന്നുപോകുകയാണ് രാജ്യം. കുട്ടികളും മുതിര്‍ന്നവരും പ്രായമായവരുമുള്‍പ്പടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അഫ്ഗാനിസ്താനിലെ ഏകദേശം 40 മില്ല്യണ്‍ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലൂടെയും പട്ടിണിയിലൂടെയും കടന്നുപോകുകയാണെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അഫ്ഗാനില്‍ തുടര്‍ന്നു വന്നിരുന്ന ആഭ്യന്തരയുദ്ധങ്ങളാണ് കൊടിയ ദാരിദ്ര്യത്തിന്റ കാരണം. ഏകദേശം 23 മില്ല്യണ്‍ ആളുകള്‍ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നും അതില്‍ രണ്ടു മില്ല്യണ്‍ ആളുകള്‍ അടിയന്തര ഘട്ടത്തിലുള്ള ദാരിദ്ര്യത്തിന്റെ പിടിയിലുമാണെന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്താനിലെ ആശുപത്രികളെല്ലാം ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. അതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. വലിയതോതിലുള്ള പോഷകാഹാരക്കുറവാണ് അവര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തത് സാഹചര്യം കൂടുതല്‍ രൂക്ഷമാക്കുന്നു. താലിബാന്റെ ഭീഷണിയുള്ളതിനാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളായ തൊഴിലാളികള്‍ ജോലിക്കെത്താന്‍ മടിക്കുന്നുമുണ്ട്.
ശീതകാല വിളകള്‍ യഥേഷ്ടം കൃഷി ചെയ്യാത്തതും വിളവെടുക്കാത്തതും പട്ടിണി രൂക്ഷമാക്കി. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു.
ഒരു കാലത്ത് അഫ്ഗാനിസ്താനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിളകള്‍ ആഭ്യന്തര ഉപയോഗം കഴിഞ്ഞ് അന്താരാഷ്ട്രവിപണികളിലേക്ക് കയറ്റി അയക്കുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. ഗോതമ്പ്, അരി, ചോളം എന്നിവയാണ് അവിടെ കൃഷി ചെയ്യുന്ന പ്രധാന ധാന്യങ്ങള്‍.
താലിബാന് ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്താന് യു.എന്നിന്റെ അടക്കമുള്ള ഉപരോധങ്ങള്‍ നേരിടുന്നുണ്ട്. ഇത് കൂടാതെ, അഫ്ഗാന്റെ പത്ത് ബില്ല്യണ്‍ ഡോളറിന്റെ ആസ്തികള്‍ ലോകരാജ്യങ്ങള്‍ മരവിപ്പിച്ചിരിക്കുകയുമാണ്.
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രാദേശിക സംഘടനകള്‍ വഴിയാണ് നിലവില്‍ ഇവിടെ സഹായം എത്തിക്കുന്നത്. താലിബാനുമായി സഹകരിക്കാന്‍ മറ്റുലോകരാജ്യങ്ങള്‍ തയ്യാറാകുന്നില്ല. അതിനാല്‍, ഈ അടുത്തകാലത്തൊന്നും അവിടുത്തെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മാസത്തില്‍ വിളകള്‍ വിപണിയില്‍ ലഭ്യമാകുന്നതുവരെ പട്ടിണിയും ദാരിദ്ര്യവും തുടരുമെന്നും കണക്കുകൂട്ടുന്നു.
താലിബാനുമായി അടുത്തുനില്ക്കുന്നവര്ക്ക് മാത്രം ധാന്യങ്ങള്‍ ലഭ്യമാകുന്ന അവസ്ഥയും അഫ്ഗാനില്‍ ഉണ്ട്.
Contentv highlights: Afghanistan facing acute food crisis lakhs of children do not getting enough food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..