മുറ്റത്തെ ചെളിക്കെട്ടിലേക്ക് ചുവപ്പിലും കറുപ്പിലുമുള്ള കിലോക്കണക്കിന് ഹല്‍വ കൊണ്ടിടുമ്പോള്‍, നിറഞ്ഞുതുളുമ്പിയ അബ്ദുല്‍ കരീമിന്റെ കണ്ണുകള്‍ ഇന്നും ഓര്‍മയിലുണ്ട്... രണ്ടു വര്‍ഷം മുമ്പൊരു പ്രളയപ്പകലിലെ കാഴ്ച...

''ഇതുകൊണ്ടു തീര്‍ന്നില്ല... അകത്ത് ഇനിയും കിലോക്കണക്കിന് ഹല്‍വ ഇരിപ്പുണ്ട്. അതെല്ലാം ഞാന്‍ ഈ പുഴയിലേക്കുതന്നെ ഇടുകയാണ്. പുഴയല്ലേ എന്റെ സ്വപ്നങ്ങളെല്ലാം കവര്‍ന്നെടുത്തത്. ആ പുഴതന്നെ ഈ ഹല്‍വയും കൊണ്ടുപോകട്ടെ...'' -കരീമിന്റെ വാക്കുകള്‍ സങ്കടത്താല്‍ മുറിഞ്ഞുനിന്നു.

കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലി മാട്ടുപുറം നാല്‍പ്പാറയില്‍ അബ്ദുള്‍ കരീം തന്റെ ജീവിതകാലത്തെ സമ്പാദ്യങ്ങളെല്ലാം പ്രളയം കൊണ്ടുപോയ സങ്കടമാണ് അന്ന് പങ്കുവെച്ചത്. ഹല്‍വ വ്യാപാരിയായ കരീമിന് മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സാധന സാമഗ്രികളുടെയും വീട്ടുപകരണങ്ങളുടെയും നാശനഷ്ടങ്ങള്‍ വേറെ.

ചെളിമൂടിയ വഴികള്‍ താണ്ടി അന്ന് അബ്ദുല്‍ കരീമിന്റെ വീട്ടിലെത്തുമ്പോള്‍, വെള്ളംകയറി നശിച്ച ഹല്‍വ വീട്ടുമുറ്റത്തെ തെങ്ങിന്‍ചുവട്ടിലെ ചെളിക്കെട്ടില്‍ കൊണ്ടിടുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അതേ വീട്ടിലെത്തുമ്പോള്‍ ഹല്‍വ നിര്‍മാണത്തിന്റെ തിരക്കിലായിരുന്നു കരീം.

''ആദ്യ പ്രളയം എന്റെ ജീവിതം തകര്‍ത്തു തരിപ്പണമാക്കിയതായിരുന്നു. പക്ഷേ, അതില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഞാനും എന്റെ തൊഴിലാളികളും തിരിച്ചുവന്നത്. ഇപ്പോള്‍ ഞങ്ങള്‍ അതിജീവനത്തിന്റെ പാതയിലാണ്. കോവിഡ് പ്രതിസന്ധിമൂലം കച്ചവടം കുറഞ്ഞു. എന്നാലും ഹല്‍വ നിര്‍മാണവുമായി ഞങ്ങള്‍ മുന്നോട്ടു പോകുകയാണ്...'' വലിയ ഉരുളിയില്‍ ഹല്‍വയുടെ ചേരുവകള്‍ ഇടുന്നതിനിടെ കരീം പറഞ്ഞു.

കരീമും കുടുംബാംഗങ്ങളും നാല് തൊഴിലാളികളും ചേര്‍ന്നാണ് ഹല്‍വ നിര്‍മാണം. ദിവസം 200 കിലോ ഹല്‍വയാണ് നിര്‍മിക്കുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമാണ് ജോലി.

''ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണം പണയം വെച്ചാണ് വീണ്ടും ഹല്‍വ കച്ചവടത്തിലേക്കു വന്നത്. ഇത്തവണ പ്രളയത്തിന്റെ സാധ്യതകള്‍ വന്നതോടെ ഞങ്ങള്‍ കുറേ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അരിയും ശര്‍ക്കരയും പഞ്ചസാരയുമൊക്കെ മുകളിലെ നിലയിലേക്ക് മാറ്റി. കയറ്റാനും തിരിച്ചിറക്കാനും കൂലി കൊടുക്കേണ്ടി വന്നെങ്കിലും അത്തരമൊരു കരുതല്‍ ഇല്ലാതെ പ്രളയത്തെ നേരിടാനാകില്ലല്ലോ...'' - കരീം പറഞ്ഞു.

രാവിലെ ആറു മണിക്ക് ഹല്‍വയുണ്ടാക്കി തുടങ്ങും. ''ലോകം മുഴുവന്‍ പ്രശ്‌നങ്ങളാണ്. പക്ഷേ, നമുക്ക് ജീവിക്കണ്ടേ... ആദ്യം ഞാനുണ്ടാക്കിയത് കറുത്ത അരിഹല്‍വ മാത്രമായിരുന്നു. ഇപ്പോള്‍ പൈനാപ്പിളും പിസ്തയും ഈന്തപ്പഴവുമൊക്കെയായി ഒരുപാട് പരീക്ഷണങ്ങള്‍. ഒരര്‍ത്ഥത്തില്‍ ജീവിതവും അങ്ങനെയുള്ള പരീക്ഷണങ്ങള്‍ തന്നെയല്ലേ...'' -പുഞ്ചിരിയോടെ കരീം പറഞ്ഞു.

Content Highlights: Abdul Karim, a halwa shop owner shares his experience recovering from last year's floods