ഡൽഹി നഗരത്തിലെ സൂപ്പർ താരമാണ് ശ്യാം രസോയി എന്ന ഭക്ഷണശാല ഇപ്പോൾ. കാരണമെന്തെന്നല്ലേ, ഒരു രൂപയ്ക്കാണ് ഇവിടെ ഭക്ഷണം നൽകുന്നത്. കേട്ടറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഇവിടെ എത്തി വെറും ഒരു രൂപയ്ക്ക് ഭക്ഷണം കഴിക്കാം.

എഎൻഐയുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ രണ്ട് മാസമായി ഈ കട തുറന്നിട്ട്. ഇത്ര ചെറിയ വിലയ്ക്ക് ദിവസവും 1000ത്തിലധികം ആളുകൾക്ക് ഇവിടെ നിന്ന് ഭക്ഷണം നൽകുന്നുണ്ട്. പർവിൻ കുമാർ ഗോയാൽ എന്നയാളുടേതാണ് ഈ ഭക്ഷണശാല. ഇതേ വിലയിൽ തന്നെ ദിവസവും 1000 പാർസലുകളും ഇവർ അടുത്തുള്ള സ്ഥലങ്ങളിൽ ഓർഡർ അനുസരിച്ച് എത്തിച്ചു നൽകാറുണ്ട്.

ഹോട്ടൽ നടത്തിപ്പിനായിയുള്ള പണം ആളുകളുടെ സഹായത്തിലൂടെയാണ് കണ്ടെത്തുന്നത്. എല്ലാ പണവും ഡിജിറ്റൽ പേമെന്റായി ഡൊണേഷൻ എന്ന രീതിയിലാണ് വാങ്ങുന്നത്. 'പണം മാത്രമല്ല സാധനങ്ങളും ചിലർ തരാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രായമായ സ്ത്രീ വന്ന് ഞങ്ങൾക്ക് റേഷൻ എത്തിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കുറച്ച് പേർ ഗോതമ്പാണ് തന്നത്. കഴിഞ്ഞ രണ്ട് മാസം ഉപയഗിക്കാനുണ്ടായിരുന്നു അത്. ഡിജിറ്റൽ പേമെന്റിലൂടെയാണ് ആളുകളുടെ സഹായമെത്തുന്നത്. ഏഴ് ദിവസത്തിൽ കൂടുതൽ ഭക്ഷണം നൽകാനുള്ള സാധനങ്ങളാണ് ഇപ്പോൾ ഞങ്ങളുടെ കൈവശമുള്ളത്. അതുകഴിഞ്ഞും ഈ സേവനം തുടരാൻ ഞങ്ങൾക്ക് ആളുകളുടെ സഹായം ആവശ്യമാണ്.' ഗോയാൽ എൻഐയോട് പറഞ്ഞു.

ഷോപ്പിൽ സഹായികളായി ആറ് പേരാണ് ഉള്ളത്. ദിവസം 300 മുതൽ 400 രൂപവരെയാണ് അവർക്ക് ശമ്പളം. വിൽപന കൂടുന്നതനുസരിച്ച് ശമ്പളവും കൂട്ടി നൽകാറുണ്ട്. ചിലസമയങ്ങളിൽ അടുത്തുള്ള കോളേജിലെ വിദ്യാർത്ഥികളും സഹായിക്കാനായി എത്തും.

ആദ്യം പത്ത് രൂപയ്ക്കായിരുന്നു ഭക്ഷണം നൽകിയിരുന്നത്. പിന്നീടാണ് ഒരു രൂപയ്ക്ക് നൽകിത്തുടങ്ങിയത്. വിലകുറവാണെങ്കിലും നല്ല വൃത്തിയായും രുചികരമായുമാണ് ഭക്ഷണം നൽകുന്നതെന്നാണ് സ്ഥിരം കസ്റ്റമേഴ്സിന്റെ അഭിപ്രായം.

Content Highlights:A Restaurant in Delhi is Offering Full Thali at Re 1