പൂക്കോട്ടുംപാടം: അതിഥിത്തൊഴിലാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹോട്ടലുണ്ട് പൂക്കോട്ടുംപാടം അങ്ങാടിയില്‍. ഇതരസംസ്ഥാന വിഭവങ്ങള്‍മാത്രം വിളമ്പുന്ന ഈ ഹോട്ടലില്‍ സദാസമയവും നല്ല തിരക്കാണ്. അതിഥിത്തൊഴിലാളികള്‍ തന്നെയാണ് കൂടുതലും. ഇത്തരം തൊഴിലാളികള്‍ക്ക് ഏറെ പ്രിയമുള്ള ഖാദ, ഹാജ, ഗോദ, കൊച്ചുറി, മുറുമ, ബുറിന്റെ, നിംകി, മിഠാക്കുംചരി, മിസ്ടി, ഖുലാബ്ജാം തുടങ്ങിയ വിഭവങ്ങളും പൊറോട്ട, പൂരി, റൊട്ടി തുടങ്ങിയവയും ഹിന്ദി സ്പെഷ്യല്‍ മീല്‍സുമെല്ലാം ഇവിടെ റെഡി.

പൂക്കോട്ടുംപാടം ചന്ത റോഡില്‍ പ്രവര്‍ത്തിക്കുന്ന ആസാം മുഹമ്മദ് ഹോട്ടലിലാണ് ഈ കൊതിയൂറും വിഭങ്ങള്‍. പൂക്കോട്ടുംപാടം സ്വദേശി പൊട്ടിയില്‍ ചെറിയാപ്പുവാണ് ഉടമ. തൊഴിലാളികളെല്ലാം ഇതരസംസ്ഥാനക്കാരാണ്.

മൊയ്ബൂല്‍ ഹുസൈന്‍, അസ്ലം, ഇമ്രാന്‍ എന്നിവരാണ് വിഭവങ്ങള്‍ തയ്യാറാക്കി വില്‍ക്കുന്നത്. പുലര്‍ച്ചെമുതല്‍ ഹോട്ടലില്‍ നല്ല തിരക്കാണ്. പുലര്‍ച്ചെ അഞ്ചിന് തുറക്കും. രാത്രി പത്തുമണിവരെ പ്രവര്‍ത്തിക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടില്‍ ലഭിക്കുന്ന ഭക്ഷണവിഭവങ്ങളെല്ലാം ആസാം മുഹമ്മദ് ഹോട്ടലില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ പൂക്കോട്ടുംപാടം ടൗണിലെ തൊഴിലാളികള്‍ക്കുപുറമേ ചോക്കാട്, കാളികാവ്, കരുളായി, നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളില്‍ താമസിച്ച് തൊഴിലെടുക്കുന്നവരും പൂക്കോട്ടുംപാടത്തെത്തുന്നുണ്ട്.

എണ്ണക്കടികള്‍ക്കും ഹിന്ദി സ്പെഷ്യല്‍ ചായയ്ക്കും എട്ടുരൂപയാണ്. ഹിന്ദി സ്പെഷ്യല്‍ ഊണ് 25 രൂപയ്ക്ക് ലഭിക്കും. തങ്ങളുടേതായ രുചിയില്‍ ഭക്ഷണം കിട്ടാന്‍ തുടങ്ങിയതോടെ മുറികളില്‍ ഭക്ഷണം പാകംചെയ്തിരുന്ന പലരും ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് ഹോട്ടലില്‍ വലിയ തിരക്ക്.

ലോക്ഡൗണ്‍ സമയങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ ഭക്ഷണത്തിനായി അലയുന്ന കാഴ്ച കണ്ടതോടെയാണ് ഇവര്‍ക്കായി ഒരു ഹോട്ടലെന്ന ആശയമുദിക്കുന്നത്.

ഹോട്ടലിന് മികച്ച പിന്തുണയാണു ലഭിക്കുന്നതെന്നും ഉടമ പൊട്ടിയില്‍ ചെറിയാപ്പു പ്രതികരിച്ചു.

Content Highlights: A hotel in kerala exclusive for Migrant labourers guest labourers recipes