തെയ്യത്തിന്റെ മാതൃകയിൽ തീർത്ത കേക്കിനൊപ്പം ഷെഫ് ടി.സി. ഷെറിൻ
കണ്ണൂര്‍: കണ്ണിന് മധുരമൂട്ടി 140 കിലോ തൂക്കത്തിലും എട്ടടി ഉയരത്തിലും തെയ്യത്തിന്റെ മാതൃകയിലൊരു കേക്ക്. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രി പരിസരത്തെ 'ബ്രൗണീസ്' ബേക്കറിയിലാണ് കാഴ്ചക്കാരെ വിരുന്നൂട്ടുന്ന കേക്ക് സ്ഥാനം പിടിച്ചത്.
തൊഴിലും കലാഭാവനയും ചേരുംപടി ചേര്‍ത്ത് കേക്ക് പാകപ്പെടുത്തിയത് സ്ഥാപനത്തിലെ പ്രധാന ഷെഫും തലശ്ശേരി മാടപ്പീടിക സ്വദേശിയുമായ ടി.സി. ഷെറിന്‍. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി 10 ദിവസമെടുത്താണ് കേക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തെയ്യത്തിന്റെ മാതൃകയിലുള്ളതായതിനാല്‍ ഡമ്മിയുടെ ഘട്ടംമുതല്‍ വ്രതത്തിലായിരുന്നു ഷെറിന്‍. ഇന്റര്‍നെറ്റില്‍നിന്ന് പരമാവധി തെയ്യംരൂപങ്ങള്‍ ശേഖരിക്കലായിരുന്നു ആദ്യപടി. തുടര്‍ന്ന് മുഖത്തെഴുത്തും ആടയാഭരണങ്ങളും സൂക്ഷ്മമായി പഠിച്ചെടുത്തു.
മുട്ട ചേര്‍ക്കാതെയാണ് ത്രിമാനരൂപം പിറവിയെടുത്തത്. ബട്ടര്‍ക്രീമില്‍ വാനില രുചിയിലാണ് കേക്കുണ്ടാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം, കുത്തബ് മിനാര്‍, ഈഫല്‍ ടവര്‍, മൈസൂര്‍ കൊട്ടാരം എന്നീ രൂപങ്ങളില്‍ കേക്കുകള്‍ നിര്‍മിച്ച് ബേക്കറിയില്‍ സ്ഥാപിച്ചിരുന്നു.
ഇത്തരത്തിലുണ്ടാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാതൃക ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് തെയ്യംമാതൃകയുടെ 'നേത്രോന്മീലന' ചടങ്ങ് നടത്തിയത്. 35 വര്‍ഷത്തോളമായി ബേക്കറിരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷെറിന്‍ ശബരിമലയിലേക്ക് കാല്‍നടയായി പോകുന്നവര്‍ക്ക് സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
ഇരുചക്രവാഹനത്തില്‍ തലശ്ശേരിയില്‍നിന്നും കണ്ണൂരിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടുന്നവര്‍ക്കാണ് കുപ്പിവെള്ളം വിതരണം ചെയ്യുന്നത്. അറുനൂറോളം കുപ്പി വെള്ളം ഇത്തവണ വിതരണം ചെയ്തുകഴിഞ്ഞതായി ഷെറിന്‍ പറഞ്ഞു.
Content Highlights: a cake model of theyyam at kannur, 140 kilogram weight theyyam cake, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..