കഴിഞ്ഞ മുപ്പതുവർഷമായി ഭക്ഷണം വിളമ്പി ജീവിക്കുന്ന വൃദ്ധ ദമ്പതികൾ. ലാഭം എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലാത്ത അന്നന്നത്തെ അന്നത്തിനു വേണ്ടി കച്ചവടം നടത്തി ജീവിക്കുന്ന ഈ ദമ്പതികളാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്. സൗത് ഡൽഹിയിൽ 'ബാബാ കാ ദാബാ' എന്ന പേരിൽ ചായക്കട നടത്തി ജീവിക്കുന്ന കാന്താ പ്രസാദിന്റെയും ഭാര്യയുടേയും ജീവിതം ഹൃദയം തൊടുന്നതാണ്.
വസുന്ധര ശർമ എന്ന യുവതിയാണ് ഇരുവരുടെയും കഥ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്റെ ഹൃദയം തകർത്ത വീഡിയോ എന്നു പറഞ്ഞാണ് വസുന്ധര വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജനങ്ങൾ ദയവുചെയ്ത് മാളവ്യ നഗറിലെ 'ബാബാ കാ ദാബ'യിൽ പോയി കഴിക്കണമെന്നും ട്വീറ്റിലുണ്ടായിരുന്നു.
എൺപതുകാരനായ കാന്താ പ്രസാദ് തന്റെ ജീവിതത്തെക്കുറിച്ച് നിറകണ്ണുകളോടെ പങ്കുവെക്കുകയാണ് വീഡിയോയിൽ. ഒരു ഫുഡ് ബ്ലോഗർ പങ്കുവച്ച വീഡിയോയുടെ ചെറിയ ഭാഗമാണ് ട്വിറ്ററിൽ വൈറലായിരിക്കുന്നത്. കാന്താപ്രസാദും ഭാര്യയും രാവിലെ ആറരയോടെ പാചകം ആരംഭിക്കും. ഒമ്പതര ആവുന്നതോടെ ഭക്ഷണം പാകമാവും. പരിപ്പ്, കറി, പറാത്ത, ചോറ് എന്നിവയുൾപ്പെടെയാണിത്. മുപ്പതു മുതൽ അമ്പതു പേർക്ക് കഴിക്കാവുന്ന വിധത്തിലാണ് പാചകം. ഇനി ഇതിൽ നിന്ന് കാന്താപ്രസാദിന് ലഭിക്കുന്ന വരുമാനം എത്രയാണെന്നു ചോദിച്ചാൽ പൊട്ടിക്കരഞ്ഞ് പെട്ടിക്കുള്ളിലെ പത്തുരൂപാ നോട്ടുകൾ എടുത്തു കാണിക്കും. നാലുമണിക്കൂറിനുള്ളിൽ വെറും അമ്പതുരൂപയാണ് തനിക്ക് ലഭിച്ചതെന്നും നിറകണ്ണുകളോടെ കാന്താപ്രസാദ് പറയുന്നു.
This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance 😢💔 #SupportLocal pic.twitter.com/5B6yEh3k2H
— Vasundhara Tankha Sharma (@VasundharaTankh) October 7, 2020
വലിയ ലാഭം പ്രതീക്ഷിച്ചു നടത്തുന്നതല്ലെങ്കിലും പാൻഡെമിക് ഈ ദമ്പതികളുടെ സംരംഭത്തെ തീർത്തും തകർക്കുകയാണ് ഉണ്ടായത്. രണ്ട് ആൺമക്കളും ഒരു മകളും ഉണ്ടെങ്കിലും ഇരുവരും തങ്ങളുടെ കാര്യം അന്വേഷിക്കാറില്ലെന്ന് കാന്താപ്രസാദ് പറയുന്നു.
കാന്താപ്രസാദിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോ പങ്കുവച്ച് രംഗത്തെത്തിയത്. ക്രിക്കറ്റ്താരം ആർ അശ്വിൻ, ബോളിവുഡ് താരങ്ങളായ സോനം കപൂർ, രവീണ ടണ്ഠൻ, സുനിൽ ഷെട്ടി തുടങ്ങിയവരും അക്കൂട്ടത്തിലുണ്ട്. കാന്താപ്രസാദിന്റെ ദാബയിൽ പോയി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കൂ മനോഹരമായ സന്ദേശത്തോടെ അവ പോസ്റ്റ് ചെയ്യാമെന്ന് രവീണ കുറിച്ചു. ഇവരുടെ പുഞ്ചിരി തിരികെ കൊണ്ടുവരാമെന്ന് സുനിൽ ഷെട്ടി പറഞ്ഞത്. ഇദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുണ്ടെന്നും എങ്ങനെയാണ് എത്തിച്ചേരേണ്ടതെന്നും അശ്വിനും കുറിച്ചു. കാന്താപ്രസാദിന്റെ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് സോനവും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: 80-YO Couple In Delhi Teary-Eyed As They Struggle To Make Ends Meet