ന്യൂഡല്‍ഹി: ഇന്ത്യയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള 33 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് വനിത-ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഇതില്‍, 17.76 ലക്ഷം പേര്‍ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇവരിലേറെയുമെന്ന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ അങ്കണവാടിയില്‍പ്പോകുന്ന 8.19 കോടി കുട്ടികളാണുള്ളത്. ഇതില്‍ 33 ലക്ഷമെന്നുപറയുമ്പോള്‍ 4.04 ശതമാനമേ വരൂവെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

കഴിഞ്ഞവര്‍ഷം നവംബറില്‍ 9.27 ലക്ഷമായിരുന്നു അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍. ആ സ്ഥാനത്താണ് ഇപ്പോള്‍ 17.76 ലക്ഷമായത്. കുട്ടികളിലെ പോഷകാഹാരക്കുറവിന് കോവിഡ് മഹാമാരി ആക്കംകൂട്ടിയിട്ടുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആറുവയസ്സുവരെയുള്ള കുട്ടികളുടെ കാര്യമാണ് കേന്ദ്രം വിലയിരുത്തിയത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 'പോഷണ്‍ ആപ്പി'ല്‍ രേഖപ്പെടുത്തിയ വിവരമനുസരിച്ചുള്ളതാണ് പുതിയ കണക്ക്.

2015-16-ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യസര്‍വേയില്‍ അഞ്ചുവയസ്സിനു താഴെയുള്ള 38.4 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള ഉയരവും 21 ശതമാനത്തിന് തൂക്കവുമില്ലെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ പോഷകാഹാരക്കുറവ് കൂടുന്നതായി 2019-20-ല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവന്നു. 116 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ?ലോക വിശപ്പ് സൂചികയില്‍ (ജി.എച്ച്.ഐ.) ഇന്ത്യ 101-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കുപിന്നിലാണ് ഇന്ത്യ.

Content Highlights: 33 lakh children in the country with malnutrition