ലഞ്ചിനൊപ്പം ചിക്കൻ വേണമെന്ന് തോന്നുന്നുണ്ടോ? എന്നാൽ പാകംചെയ്യാൻ സമയം കുറവാണോ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ ഫ്രൈ പരീക്ഷിക്കാം.

ചേരുവകൾ

 1. ചിക്കൻ, കഷണങ്ങളാക്കിയത്- 500 ഗ്രാം
 2. വെളുത്തുള്ളി- രണ്ട് ടേബിൾ സ്പൂൺ
 3. ഇഞ്ചി- രണ്ട് ടേബിൾ സ്പൂൺ
 4. കറിവേപ്പില- ഒരു പിടി
 5. കാശ്മീരി ചില്ലി പൗഡർ- രണ്ട് ടേബിൾ സ്പൂൺ
 6. ജീരകപ്പൊടി- രണ്ട് ടീസ്പൂൺ
 7. മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
 8. മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
 9. ഗരംമസാല- രണ്ട് ടീസ്പൂൺ
 10. കുരുമുളക്പൊടി- ഒരു ടീസ്പൂൺ
 11. നാരങ്ങാനീര്- നാല് ടേബിൾ സ്പൂൺ
 12. മൈദ- നാല് ടേബിൾ സ്പൂൺ
 13. അരിപ്പൊടി- അൽപം
 14. എണ്ണ- ഫ്രൈ ചെയ്യുന്നതിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഒരു ബ്ലൻഡറിൽ അരച്ചെടുക്കുക. ഒരു ബൗളിൽ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, കുരുമുളക്പൊടി, ഗരംമസാല, ഉപ്പ്, മൈദ, അരിപ്പൊടി എന്നിവ ഇടുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ഇനി നാരങ്ങാ നീര് ചേർത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കുക. തയ്യാറാക്കിയ പേസ്റ്റ് പുരട്ടി ചിക്കൻ ഒരു മണിക്കൂർ വയ്ക്കാം. ഇനി ഒരു പാനിൽ എണ്ണ തിളപ്പിക്കുക. ചിക്കൻ ഇതിൽ ഫ്രൈ ചെയ്ത് എടുക്കുക. ചൂടോടെ വിളമ്പാം.

Content Highlights: Easy chicken fry for lunch recipe