അടുക്കളയും രുചിക്കൂട്ടുകളും വീണയ്ക്ക് പണ്ടേ കൂട്ടായിരുന്നു. എഞ്ചിനീയറിങ്ങ് എന്ന പ്രൊഫഷനോട് ടാറ്റാ പറഞ്ഞ് വീണാസ് കറി വേള്‍ഡ് എന്ന് യുട്യൂബ് ചാനല്‍ തുടങ്ങുമ്പോഴും വീണയ്ക്ക് കൂട്ടായത് ഈ രുചിക്കൂട്ടുകളായിരുന്നു. വിവാഹം കഴിഞ്ഞ് ദുബായിലെ ഫ്ളാറ്റില്‍ വെറുമൊരു വീട്ടമ്മയായി ഒതുങ്ങുമായിരുന്ന വീണ ആ ഇഷ്ടത്തെ മുറുകെ പിടിച്ചാണ് ഇന്ന് ലക്ഷക്കണക്കിന് പേര് ഫോളോ ചെയ്യുന്ന വീണാസ് കറി വേള്‍ഡിന്റെ സ്വന്തം വീണ ചേച്ചിയാണ്. തന്റെ പാചകവും യുട്യൂബ് വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുയാണ് വീണ.
പാചകത്തോട് താത്പര്യം
പണ്ടു മുതലേ എനിക്ക് പാചകത്തോട് താത്പര്യമുണ്ടായിരുന്നു. കല്യാണത്തിന് ശേഷം ദുബായിലെത്തിയതാണ് ഞാന്‍. ഭര്‍ത്താവും മക്കളും പോയി കഴിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്കാവും ആ ഒറ്റപ്പെടലില്‍ നിന്നാണ് പാചകം തുടങ്ങിയത്. പിന്നീട് അത് ഹരമായി മാറുകയായിരുന്നു.
വീണാസ് കറി വേള്‍ഡ്
എഞ്ചിനീയറിങ്ങാണ് ഞാന്‍ പഠിച്ചത്. അമ്മയ്ക്ക് ടീച്ചറാക്കാനായിരുന്നു മോഹം, അച്ഛന് എഞ്ചിനീയറാക്കാനും. അവസാനം ഞാന്‍ വ്ളോഗറായി. എനിക്ക് അല്ലെങ്കിലും എഞ്ചിനീയറിങ്ങ് ഫീല്‍ഡിനോട് താത്പര്യമില്ലായിരുന്നു. മറ്റൊരാളുടെ കീഴിലുള്ള ജോലി എനിക്ക് എത്രത്തോളം പറ്റുമെന്ന് സംശയമാണ്. അതുകൊണ്ടുതന്നെ എഞ്ചിനീയറിങ്ങ് ജോലിക്കൊന്നും ഞാന്‍ പോയിരുന്നില്ല.
പാചകം എനിക്കൊരു ഹോബിയായിരുന്നു ബ്ലോഗ് എഴുതിയായിരുന്നു തുടക്കം. എന്റെ ഭര്‍ത്താവ് ജാന്‍ നന്നായി ബ്ലോഗ് എഴുതുമായിരുന്നു. അദ്ദേഹമാണ് ബ്ലോഗിങ്ങ് എന്ന ഐഡിയ തന്നത്. എന്റെ ഫുഡ് കഴിച്ചിട്ട് ജാന്‍ പറയുമായിരുന്നു നിനക്ക് ഇതൊക്കെ ബ്ലോഗ് ആക്കി എഴുതിക്കൂടെ ബാക്കിയുള്ളവര്‍ക്കും അത് ഉപകാരമാവുമെന്ന്. പക്ഷേ ബ്ലോഗൊക്കെ ഒറ്റയ്ക്ക് തുടങ്ങണമെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.
പിന്നീട് ഗൂഗിളിലൊക്കെ സെര്‍ച്ച് ചെയ്ത് ബ്ലോഗൊക്കെ എങ്ങനെ ചെയ്യണമെന്ന് മനസിലാക്കി ചെയ്യുകയായിരുന്നു. 2008ലാണ് ബ്ലോഗ് തുടങ്ങുന്നത്. ആദ്യമെല്ലാം ഫോട്ടോ എടുക്കുന്നത് പോലും ബുദ്ധിമുട്ടായിരുന്നു. ഒരു സാധാരണ ഫോണാണ് കൈയിലുണ്ടായിരുന്നത്. അതില്‍ എടുക്കുന്ന ഫോട്ടോസ് എല്ലാം മോശമായിരുന്നു. പിന്നീടാണ് അതില്‍ നിന്നാല്ലാം മാറി നന്നായി ബ്ലോഗിങ്ങ് തുടങ്ങിയത്.
എന്റെ ബ്ലോഗ് ഫോളോവേഴ്സ് തന്നെയാണ് യുട്യൂബ് വീഡിയോസിനെ കുറിച്ച് ഐഡിയ തന്നത്. 2015ലായിരുന്നു ഞാന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത് തൃശ്ശൂര്‍ മീന്‍ കറിയില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ക്യാമറയെ ഫെയ്സ് ചെയ്യാനായി നല്ല ചമ്മല് ഉണ്ടായിരുന്നു പിന്നീട് അതൊക്കെ മാറി. ആദ്യം ചെയ്ത അമ്പതോളം വീഡിയോകള്‍ ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതെയാണ് ചെയ്തത്. അതിന്റെ കുറവ് അതിനുണ്ട്. അങ്ങനെ ഇപ്പോ ഇവിടം വരെയായി.
ഞാനും എന്റെ തൃശ്ശൂര്‍ ഭാഷയും
എന്റെ ഭര്‍ത്താവ് ജാന്‍ പ്രത്യേകം പറയുമായിരുന്നു ഒരുപാട് നീളമുള്ള വീഡിയോസ് കാണാന്‍ ആരും വരില്ലെന്ന്. അതു കൊണ്ട് തന്നെ ആദ്യം ഞാനിട്ടിരുന്ന വീഡിയോസ് എല്ലാം തന്നെ ചെറുതായിരുന്നു. പിന്നീട് ഇതു പോലെ ലെങ്ങ്ത്തി വീഡിയോ ഇട്ടപ്പോള്‍ കാണുന്നവര്‍ തന്നെ പറഞ്ഞു ചേച്ചി ഇങ്ങനെ ചെയ്താല്‍ മതി അതാണ് ഇഷ്ടമെന്ന്. ആദ്യമൊക്കെ ഞാന്‍ പറയുന്നത് ഇവര്‍ക്ക് മനസിലാവുമോ എന്നായിരുന്നു എന്റെ ടെന്‍ഷന്‍. എന്റെ തൃശ്ശൂര്‍ ഭാഷയാണല്ലോ അതും വളരെ സ്പീഡിലാണ് സംസാരിക്കുക പക്ഷേ എന്റെ സംസാരം ഇഷ്ടപ്പെടുന്നവര്‍ ഉണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചു.
ആ പൈസയ്ക്ക് ഒരു കോടിയുടെ മതിപ്പുണ്ടാവും
വെറുമൊരു ഹോബി എന്ന തരത്തിലായിരുന്നു ഈ ചാനല്‍ തുടങ്ങിയത് അതുകൊണ്ടുതന്നെ ചാനല്‍ തുടങ്ങി ഏകദേശം ഒരു കൊല്ലത്തോളം മോണിറ്റൈസേഷന് അപേക്ഷ കൊടുത്തിരുന്നില്ല. ജാനിന് അതിനൊന്നും താത്പര്യമുണ്ടായിരുന്നില്ല നമ്മള്‍ക്ക് ജീവിക്കാന്‍ പൈസയുടെ ആവശ്യമില്ലല്ലോ എന്ന ചിന്താഗതിക്കാരനായിരുന്നു ജാന്‍. പിന്നീട് ഞാന്‍ നിര്‍ബന്ധിച്ച് ഒരു കൊല്ലത്തിന് ശേഷമാണ് മോണിറ്റൈസേഷനുള്ള അപേക്ഷ കൊടുക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് എനിക്ക് ആദ്യത്തെ പൈസ കിട്ടുന്നത്. അന്ന് എനിക്ക് കിട്ടിയ പതിമൂവായിരം രൂപയ്ക്ക് കോടി കണക്കിന് രൂപയുടെ മതിപ്പുണ്ട്. ആദ്യമായിട്ട് ഞാന്‍ സമ്പാദിച്ച് എനിക്ക് കിട്ടിയ പൈസ... ഒരിക്കലും എനിക്ക് ആ നിമിഷം മറക്കാനാവില്ല.
ഫാമിലി സപ്പോര്‍ട്ട്
ഭര്‍ത്താവും മക്കളും എന്റെ എല്ലാ കാര്യത്തിലും നല്ല സപ്പോര്‍ട്ടാണ്. പക്ഷേ നാട്ടിലുള്ള പല ബന്ധുക്കള്‍ക്കും ഇതിനോട്
പുച്ഛമായിരുന്നു. ഇവള് ഈ ചോറും കറിയും വെക്കുന്നത് എന്തിനാണ് വീഡിയോ ആക്കുന്നത് എന്ന ചിന്തയായിരുന്നു അവര്‍ക്ക്. പിന്നീട് എന്നെക്കുറിച്ചുളള ഇന്റര്‍വ്യൂസ് വനിതാമാസികകളില്‍ എല്ലാം വരാന്‍ തുടങ്ങിയതോടെ അവരുടെ മനോഭാവത്തില്‍ മാറ്റം വന്നു. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ് തരുന്നത്
തുടക്കകാലത്തെ വെല്ലുവിളികള്‍
ഞാന്‍ പറഞ്ഞല്ലോ ക്യാമറയെ ഫെയ്സ് ചെയ്ത് അവതരിപ്പിക്കുക എന്നുള്ളത് തന്നെയായിരുന്നു ആദ്യത്തെ വെല്ലുവിളി. എങ്ങനെയാണ് വീഡിയോ ഷൂട്ട് ചെയ്യേണ്ടതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. പാചകത്തിന് ഇടയില്‍ ക്യാമറ ഓഫ് ആയി പോവുക ചാര്‍ജ് തീര്‍ന്ന് പോവുക ഇതൊക്കെ സ്ഥിരം സംഭവങ്ങളായിരുന്നു.
ഒരിക്കല്‍ ക്യാമറ ഓഫായി പോയത് ബിരിയാണിയുടെ ദം ഒക്കെ വെച്ച ശേഷമാണ് അറിഞ്ഞത്. അങ്ങനെ കുറേ ടെക്നിക്കല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാലും ഞാന്‍ തളരില്ല ഞാന്‍ പിന്നെയും അത് ഉണ്ടാക്കും അങ്ങനെ എത്രയോ ആഴ്ച്ചകളില്‍ എന്റെ ഭര്‍ത്താവിന് സ്ഥിരമായി ബിരിയാണി കഴിക്കേണ്ടി വന്നിട്ടുണ്ട്.
പരീക്ഷിച്ച് ശരിയായ കല്‍ത്തപ്പം
എന്റെ ഒരു ബന്ധുവിന്റെ വീട് കാലിക്കറ്റായിരുന്നു അവരുടെ വീട്ടില്‍ പോയപ്പോഴാണ് കല്‍ത്തപ്പം ഞാന്‍ കഴിക്കുന്നത്. അതെനിക്ക് ഇഷ്ടമായി. അങ്ങനെ അത് ചാനലില്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ പരീക്ഷിച്ചു. പക്ഷേ അങ്ങനെയൊന്നും കല്‍ത്തപ്പം എനിക്ക് പിടി തന്നില്ല. കുറേതവണ പരീക്ഷിച്ച ശേഷമാണ് കല്‍ത്തപ്പം ഞാന്‍ വിജയകരമായി ഉണ്ടാക്കിയത്. അതുപോലെ ഇവിടെയൊക്കെ കിട്ടുന്ന മസാല ചായ അതേ ടേസ്റ്റോടെ ഉണ്ടാക്കാന്‍ പഠിച്ചത് ഏകദേശം നാലു കൊല്ലങ്ങള്‍ കൊണ്ടാണ്. പത്തുവട്ടംപരീക്ഷിച്ചാണ് മൈസൂര്‍ പാവ് ഉണ്ടാക്കാനായി പറ്റിയത്. ഒരു സാധനം ശരിയായി കിട്ടുന്നത് വരെ പരീക്ഷിക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എനിക്ക് ഇതൊക്കെ വല്ലാത്ത ഹരമാണ്.
നെഗറ്റീവ് കമന്റസിന് നോ സ്ഥാനം
നിരവധി നെഗറ്റീവ് കമന്റ്സ് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്തിന് ഇങ്ങനെ ചാനല്‍ തുടങ്ങി എന്നുതോന്നിയ സാഹചര്യങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ വല്ലാത്ത സങ്കടമായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി.എന്റെ സെക്കന്റ് ഹോമാണ് എന്റെ ചാനല്‍ അതില്‍ നെഗറ്റീവ് കമന്റുകള്‍ വരരുതെന്ന് എനിക്ക് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ നെഗറ്റീവ് കമന്റ്സ് എല്ലാം ഞാന്‍ ഡിലീറ്റ് ചെയ്യും. എന്റെ ഭര്‍ത്താവ് ജാന്‍ ഞാന്‍ എണീറ്റ് വരും മുന്‍പ് തന്നെ ഒരു വിധം നെഗറ്റീവ് കമന്റസുകളെല്ലാം ഡിലീറ്റ് ചെയ്തിരിക്കും. അതുപോലെ മറ്റ് യൂട്യൂബേഴ്സിനെ കുറ്റം പറഞ്ഞ് വരുന്നവരേയും ഞാന്‍ ബ്ലോക്ക് ചെയ്യും. എനിക്ക് കുറ്റവും കുറവും ഒന്ന് കേള്‍ക്കാന്‍ താത്പര്യമില്ല. ബിഹൈന്‍ഡ് ദ സീന്‍സ് എന്ന് ആശയം ഞാനാണ് കൊണ്ടുവന്നത്. ഞാന്‍ അത് ചെയ്യുമ്പോള്‍ എത്ര പേരാണ് നെഗറ്റീവ് കമന്റസുമായി വന്നതെന്നറിയാമോ.
വ്ളോഗിങ്ങ് തുടങ്ങണമെന്ന് എന്നോട് ഒരുപാട് സബ്സ്ക്രൈബേഴ്സ് ആവശ്യപ്പെട്ടിരുന്നു. ചേച്ചിയുടെ കണ്ണിലൂടെ ദുബായ് കാണാലോ അതൊക്കെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ് എന്നൊക്കെ. അങ്ങനെയാണ് അത് തുടങ്ങിയത്. അപ്പോഴും നെഗറ്റീവ് കമന്റസുമായി ഒത്തിരി പേരെത്തി. അതൊന്നും ഞാനിപ്പോള്‍ നോക്കാറില്ല എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടല്ലോ. എന്റെ ഭര്‍ത്താവാണ് എനിക്ക് പിടിച്ച് നില്‍ക്കാനുള്ള ശക്തി തരുന്നത്.
വന്ന വഴി മറക്കില്ല
പഴയ വീഡിയോസെല്ലാം ഇപ്പോഴും നോക്കാറുണ്ട്. ക്ലാരിറ്റി കുറവാണെങ്കിലും അതൊക്കെ എനിക്ക് പ്രിയപ്പെട്ട റെസിപ്പീസാണ് അതൊന്നും ഡിലീറ്റ് ചെയ്ത് കളയാന്‍ തോന്നിയിട്ടില്ല. അങ്ങനെ വന്ന വഴി മറക്കാന്‍ പാടില്ലല്ലോ.
ഈ ഫീല്‍ഡ് നല്കുന്ന സന്തോഷം
ചാനല്‍ തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ അറിഞ്ഞ് തുടങ്ങി ഒരുപാട് പേര് വന്നു കൈയൊക്കെ പിടിക്കും. ഒരുപാട് സന്തോഷം തോന്നും അപ്പോള്‍. എറണാകുളത്ത് ലുലുവില്‍ ഒക്കെ പോവുമ്പോള്‍ ചിലരെല്ലാം ഓടി വന്ന് സംസാരിക്കും. ചിലരെ പുറത്ത് നിന്ന് കാണുമ്പോള്‍ അവര്‍ പറയും വീണേച്ചി പറഞ്ഞ് തന്ന വിഭവത്തിന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നതാണെന്ന്. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരുപാട് പേര് എന്റെ വാക്കുകള്‍ കേട്ടാണ് ഞങ്ങള്‍ യൂട്യൂബ് തുടങ്ങിയതെന്ന് പറയും.
ഞങ്ങളുടെ ചാനല്‍ പുതിയതായി ഒരു ചലഞ്ച് കൊണ്ടുവന്നിട്ടുണ്ട് വീണാസ് കറി വേള്‍ഡ് യൂട്യൂബ് ചലഞ്ചെന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്. വീണാസ് കറി വേള്‍ഡ് കണ്ടു പ്രചോദനം ഉള്‍ക്കൊണ്ട് യൂ ട്യൂബ് ചാനല്‍ തുടങ്ങിയവരെക്കുറിച്ചാണത്. അതൊക്കെ തന്നെയാണ് ഈ ഫീല്‍ഡിന്റെ ഏറ്റവും വലിയ സന്തോഷം.
ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി
പ്രൊജക്ടുകള്‍ ഒന്നും തന്നെ ചിന്തയില്‍ ഇപ്പോളില്ല. ഇങ്ങനെയൊക്കെ പോയാല്‍ മതി. ചിലരൊക്കെ പറയും ഹോട്ടല്‍ തുടങ്ങിക്കൂടേയെന്ന് പക്ഷേ അതിനൊന്നും എനിക്ക് താത്പര്യമില്ല. എനിക്ക് എന്തായാലും ഹോട്ടലില്‍ പോയി കുക്ക് ചെയ്യാന്‍ പറ്റില്ല. അതൊക്കെ ഷെഫിനെ ആശ്രയിച്ചിരിക്കും. പിന്നെ ഹോട്ടല്‍ എന്നൊക്കെ പറയുന്നത് ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. അതുകൊണ്ട് ഇപ്പോള്‍ അതിനെ പറ്റി ചിന്തയില്ല. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം നാട്ടില്‍ പോവുമ്പോള്‍ എന്തെങ്കിലും നോക്കാം. പിന്നെ, നിങ്ങളെയൊക്കെ ഞാന്‍ ഷെഫാക്കുകയല്ലേ പിന്നെയെന്തിനാണ് ഹോട്ടലൊക്കെ..ചിരിയോടെ വീണ ചോദിക്കുന്നു
Content Highlights: Veenas curry world, youtube, food videos, interview, food news, food updates, cooking, easy cooking