ഠിച്ച മേഖലയിൽ ജോലിതേടി പോയിരുന്നുവെങ്കിൽ വീണ ഇന്ന് ആരാകുമായിരുന്നുവെന്നറിയില്ല. എന്നാൽ അമ്മയിൽനിന്നു കിട്ടിയ പാചകഅറിവുകൾ സ്വാദേറും രുചിക്കൂട്ടുകളാക്കിയ വീണാ ജാൻ ഇന്ന് ലോകമറിയുന്ന യൂട്യൂബറാണ്. കൃത്രിമത്വമില്ലാത്ത അവതരണമാണ് വീണയെ ജനപ്രിയയാക്കിയത്. പെരിഞ്ഞനത്തെ വീട്ടിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും വഴികാട്ടിയായിരുന്ന അമ്മയുടെ വിയോഗത്തിന്റെ വേദന അവരുടെ മുഖത്തുണ്ടായിരുന്നു. എൻജിനീയറിങ്‌ ബിരുദം നേടിയ വീണ ഒരിക്കൽ പോലും ജോലിക്ക് ശ്രമിച്ചിട്ടില്ല. വിവാഹശേഷം ദുബായിലെത്തിയതോടെയാണ് പാചകക്കുറിപ്പുകൾ വ്‌ളോഗായി എഴുതാൻ തുടങ്ങിയത്. പിന്നീട് ‘വീണാസ് കറി വേൾഡ്’ എന്ന യൂട്യൂബ് ചാനലായി മാറി.

‘തൃശ്ശൂർ മീൻ കറി’യിൽ തുടങ്ങിയ ആ രസക്കൂട്ടുകളുടെ വിവരണം, 23 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള യൂട്യൂബറെന്ന നിലയിൽ എത്തിച്ചു. ചെറിയ വീഡിയോകളേ ആളുകൾ കാണൂവെന്നത്‌ ഭർത്താവ് ജാൻ ജോഷിയുടെ നിർദേശമായിരുന്നു. ഇതാണ്‌ വീണയുടെ വീഡിയോകൾ ജനകീയമാക്കിയത്. ക്യാമറ മുതൽ എഡിറ്റിങ്‌ ഉൾപ്പെടെ എല്ലാം വീണ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ള യൂട്യൂബേഴ്‌സിനൊപ്പമെത്താനോ വ്‌ളോഗർമാരുടെ മോശം കമന്റുകൾക്ക് പ്രതികരിക്കാനോ താത്പര്യമില്ല.

‘ഹായ്, നമസ്‌കാരം; എന്തൊക്കെയുണ്ട് വിശേഷങ്ങൾ, എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഞങ്ങളും ഇവിടെ സുഖമായിരിക്കുന്നു’ എന്ന ആമുഖത്തോടെയാണ് വീണയുടെ തുടക്കം. അവസാന ഭാഗങ്ങളിൽ ഭർത്താവിനെയും മക്കളെയും ഉൾപ്പെടുത്താനും വീണ ശ്രമിക്കാറുണ്ട്.

എടത്തിരുത്തി സ്വദേശിയാണ് വീണയുടെ ഭർത്താവ്. ദുബായിലെ എമിറേറ്റ്‌സ് എയർവേസിൽ ബിസിനസ് അനാലിസിസ് മാനേജരാണിദ്ദേഹം. വീണയ്‌ക്ക്‌ രണ്ട് ആൺമക്കളാണ്‌. പ്ലസ്ടുവിന്‌ പഠിക്കുന്ന അവനീദും ആറാം ക്ളാസിൽ പഠിക്കുന്ന ആയുഷും. പിതാവ് ഡോ. ഇ.പി. ജനാർദനൻ പഴനിയിലെ ശ്രീ സുബ്രഹ്മണ്യ എൻജിനീയറിങ്‌ കോളേജ് ചെയർമാനാണ്.

പെരിഞ്ഞനത്ത് വീണാമോൾ എന്ന പേരിൽ സ്വകാര്യ ബസ് സർവീസും നടത്തുന്നു. കുടുംബസമേതം ദുബായിൽ സ്ഥിരതാമസമാക്കിയ വീണ, അമ്മ യശോധരയുടെ മരണത്തെത്തുടർന്ന്‌ കഴിഞ്ഞ മാസം നാട്ടിലെത്തിയതാണ്.

veena
വീണ കുടുംബത്തിനൊപ്പം

മാതൃഭൂമി വായനക്കാർക്കായി വീണയുടെ പനീർ ടിക്ക രുചിക്കൂട്ട്

ചേരുവകൾ

 • പനീർ -അര കിലോ,
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ,
 • തൈര് -8 ടേബിൾ സ്പൂൺ,
 • ജീരകപ്പൊടി -അര ടേബിൾ സ്പൂൺ,
 • ഗരം മസാല -കാൽ ടേബിൾ സ്പൂൺ,
 • മല്ലിപ്പൊടി -കാൽ ടേബിൾ സ്പൂൺ,
 • കാശ്മീരി മുളക്‌പൊടി- ഒരു ടേബിൾ സ്പൂൺ,
 • ഉപ്പ് ആവശ്യത്തിന്,
 • നാരങ്ങാനീര്- രണ്ട്‌ ടേബിൾ സ്പൂൺ,
 • കസൂരി മേത്തി (ഉലുവ ഇല ഉണക്കിയത്) -ഒരു ടേബിൾ സ്പൂൺ,
 • ഫുഡ് കളർ (ആവശ്യമെങ്കിൽ)
 • ഓയിൽ അല്ലെങ്കിൽ ബട്ടർ.

പാകം ചെയ്യേണ്ട വിധം

ഒരു അരിപ്പയിൽ തൈര് ഒഴിച്ചുവെക്കുക, അര മണിക്കൂർ കഴിയുമ്പോഴേക്കും അതിലെ വെള്ളമെല്ലാം വാർന്നുപോയി നല്ല കട്ടത്തൈരായി കിട്ടും.

ആ തൈരിലേക്ക്‌ പനീറും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച്‌ രുചി നോക്കുക. അതിന് ശേഷം ഈ കൂട്ടിലേക്ക്‌ പനീർ കഷണങ്ങൾ ചേർത്ത് മിക്‌സ് ചെയ്യുക. 3-4 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. അതിനുശേഷം ഓവൻ ഉണ്ടെങ്കിൽ അതിൽ ഗ്രിൽ ചെയ്യാം. ഇല്ലെങ്കിൽ ഒരു കടായിയിൽ അൽപ്പം ഓയിൽ അല്ലെങ്കിൽ ബട്ടർ ചൂടാക്കുക.

അതിലേക്ക്‌ നേരത്തെ തയ്യാറാക്കിവെച്ച പനീർ കഷണങ്ങൾ ചാറോടുകൂടി ഇട്ടുകൊടുക്കുക. അഞ്ച് മിനിറ്റ്‌ അടച്ചുവെച്ച് പാചകംചെയ്ത ശേഷം തുറന്നുവെച്ച് നന്നായി ഗ്രിൽ ചെയ്ത് എടുക്കുക. മുകളിൽ മല്ലിയില തൂകി സവാള, പുതിന ചട്‌നി എന്നിവയോടൊപ്പം വിളമ്പാം.

Content Highlights: veenas curry world, veenas curry world latest, veenas curry world youtube, veenas curry world snacks, food news malayalam