പേപ്പര്‍ കമ്മലുകളുണ്ടാക്കിയാണ് റ്റീനു തന്റെ ബിസിനസ്സ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയത് പാതിയില്‍ നിന്നെങ്കിലും ഈ മിടുക്കി തളര്‍ന്നില്ല. ബോട്ടില്‍ ആര്‍ട്ടും, ഡ്രീം കാച്ചറും എല്ലാം തയ്യാറാക്കി വീണ്ടും ഓടി എന്നാല്‍ ക്ലച്ച് പിടിച്ചത് കേക്ക് ബേക്കിങ്ങിലാണ്. ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ ഹോബിയിലൂടെ ഇന്ന് മികച്ച വരുമാനം ഈ കോട്ടയംകാരി നേടുന്നു

ലോക്ഡൗണ്‍കാലത്തെ പാചക പരീക്ഷണം

കഴിഞ്ഞ ലോക്ഡൗണ്‍കാലത്താണ് പാചക പരീക്ഷണങ്ങളില്‍ സജീവമായത്. പാചകത്തോട് പണ്ടേ താത്പര്യമായിരുന്നു. അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ എല്ലാ ഭക്ഷണവും തയ്യാറാക്കിയിരുന്നു. കിഴി പൊറോട്ട,  ഡാല്‍ഗോണ കോഫി, അങ്ങനെ പലതും ചെയ്തു നോക്കി.അങ്ങനെയാണ് കേക്കിലെത്തിയത്. നന്നായി ചെയ്യുന്നത് കണ്ട് വീട്ടുകാരും സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. എന്തായാലും നന്നായി ചെയ്യാന്‍ പറ്റുന്നുണ്ട് എന്നാല്‍ ചെറിയ രീതിയില്‍ ബേക്കിങ്ങ് ബിസിനസ്സ് തുടങ്ങാമെന്ന ചിന്ത വരുകയായിരുന്നു. എന്റേത് കൂട്ടുകുടുബമാണ് അത് കൊണ്ട് വലിയൊരു ഓഡിയന്‍സും എന്റെ പരീക്ഷണങ്ങള്‍ക്ക് കൂട്ടായുണ്ടായിരുന്നു

കേക്ക് ഉണ്ടാക്കുന്ന കോഴ്‌സിനൊന്നും പോയിട്ടില്ല. വീട്ടിലാരും കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടും ഇല്ല. യൂട്യൂബും കൂട്ടുകാരുടെ ടിപ്‌സുമാണ് എന്റെ ഗുരു. ക്രാഫ്റ്റ് വര്‍ക്കില്‍ താത്പര്യമുള്ളത് കൊണ്ട് ആ കഴിവുകള്‍ കേക്ക് തയ്യാറാക്കുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നു. ഓവനില്ലാതെയാണ് ആദ്യം കേക്കുണ്ടാക്കി. ഇപ്പോള്‍ ഓവനും മറ്റ് സാമഗ്രഹികളും വാങ്ങി.

ആദ്യം വീട്ടുകാരുടെയും കൂട്ടുകാരുടെയും ഓര്‍ഡറുകളാണ് വന്നത്. പതിയെ നമ്മുടെ ബിസിനസ്സ് എല്ലാവരിലേക്കും എത്തുകയായിരുന്നു. ഗൂഗിള്‍ റിവ്യു കണ്ടാണ് പലരും വാങ്ങാന്‍ എത്തുന്നത്. ഒരു കൊല്ലം കൊണ്ട് 500 ലധികം കേക്ക് തയ്യാറാക്കി. ചില സമയത്ത് തിരക്ക് കാരണം ഓര്‍ഡറുകള്‍ എടുക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. നല്ല രീതിയില്‍ മുന്നോട്ട് പോവാനാണ് ആഗ്രഹം. തീം കേക്കുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ക്രിയേറ്റിവായൊരു ഇടം നമുക്ക് അതില്‍ കിട്ടുന്നുണ്ടലോ.

ആരോഗ്യപ്രവര്‍ത്തകയായ അമ്മയ്ക്ക് വേണ്ടി മകന്‍ ഒരു കേക്ക് ആവശ്യപ്പെട്ടു അവര്‍ക്ക് മാസ്‌ക്കും സ്‌തെസ്‌ക്കോപ്പും ഒക്കെ ആകൃതിയിലുളള കേക്ക് നല്‍കി. പിന്നീട് ഷിപ്പില്‍ ജോലിയുള്ള ആള്‍ക്ക് കപ്പലിന്റെ മാതൃകയില്‍ ഒരെണ്ണം തയ്യാറാക്കി. അങ്ങനെയാണ് തീം കേക്കുകളുടെ ആരംഭം. പിന്നീടിപ്പോള്‍ തീം കേക്കുകള്‍ക്ക് തന്നെയാണ് ആവശ്യക്കാര്‍. നമ്മള്‍ ഒരു തീം കേക്കുണ്ടാക്കി വാങ്ങുന്നവര്‍ അത് കണ്ട് സന്തോഷിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ കാര്യം.വാന്‍ചോ ചോക്‌ളേറ്റ് തുടങ്ങിയ കേക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്

പേപ്പര്‍ കമ്മലിനായി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജ്

കേക്ക്‌സ്മിത്ത് എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഒരുപാട് ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. സത്യത്തില്‍ ആ പേജിന്റെ പേര് ആദ്യം അതായിരുന്നില്ല. ആദ്യം പേപ്പര്‍ ഓര്‍ണമെന്റസ് തയ്യാറാക്കുമായിരുന്നു അതിന്റെ ചിത്രങ്ങളിട്ടായിരുന്നു തുടക്കം. പിന്നീട് ബോട്ടില്‍ ആര്‍ട്ടിലും കൈവെച്ചു.സത്യത്തില്‍ അതൊന്നും ക്ലിക്കായില്ല. പിന്നീട് ബേക്കിങ്ങ് തുടങ്ങിയപ്പോള്‍ പുതിയൊരു പേജ് തുടങ്ങാന്‍ തോന്നിയില്ല. അതിന്റെ പേര് മാറ്റി.. ഇന്ന് ഈ പേജിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒത്തിരി സ്വപ്‌നങ്ങള്‍

തുടക്കകാലത്ത് നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒരു കിലോ കേക്ക് ഓര്‍ഡര്‍ ചെയ്താല്‍ ആ അളവില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കുമെന്നത് വലിയ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മറികടന്നു. ഒരു ഷോപ്പ് തുടങ്ങണമെന്നുണ്ട്. എന്നാല്‍ അതിന്റെ ലൈസന്‍സ്, മുതല്‍മുടക്ക് എന്നിവയെല്ലാം ഓര്‍ക്കുമ്പോള്‍ ടെന്‍ഷനാണ്. ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്ന് തന്നെയാണ് ആഗ്രഹം.

ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് ഷിജിന്‍. ഈ സംരംഭത്തിന് പൂര്‍ണ്ണപിന്തുണ നല്‍കി അദ്ദേഹം കൂടെയുണ്ട്. അടുക്കളയില്‍ തുടങ്ങി വിപണനത്തിന് വരെ അദ്ദേഹം സഹായിക്കുന്നു.

Content Highlights: About baker Teenu Mathew, Customized cakes