തിഥികള്‍ വീട്ടിലെത്തിയാല്‍ അടുക്കളയിലേക്ക് ആദ്യം ഓടി ചെല്ലുക ഷമീറയാണ്. രുചികൂട്ടുകളെ പ്രണയിച്ച അന്തര്‍മുഖയായ പെണ്‍കുട്ടി ഒരിക്കലും കരുതിയിരുന്നില്ല ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്ന ഷമീസ് കിച്ചന്റെ സ്വന്തം ഷമിയാവുമെന്ന്.  ''അടുക്കളയില്‍ തന്നെ ഒതുങ്ങി പോവേണ്ടി വരുമെന്ന''കമന്റാണ് അടുക്കളയോടുള്ള അമിതസ്നേഹത്തിന് ഷമിക്ക് കേൾക്കേണ്ടി വന്നത്. 

ജീവിതത്തില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ഘട്ടത്തില്‍ ഷമീറയ്ക്ക് കൂട്ടായത് പക്ഷേ ആ അടുക്കള തന്നെയാണ്. ചെറുപ്പം മുതലേ കൂടെയുണ്ടായിരുന്ന രുചിക്കൂട്ടുകളെ ഷമി കൂടെക്കൂട്ടി. ഇന്ന് ഷമീസ് കിച്ചന്‍ എന്ന യൂട്യൂബ് ചാനലിന്റെ എല്ലാമെല്ലാമായ ഷമീറയ്ക്ക് ഇത് വെറുമൊരു ജോലി മാത്രമല്ല തന്നോടു തന്നെയുള്ള പോരാട്ടമാണ്. ഷമീസ് കിച്ചനെ പറ്റിയും ജിവിതത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഷമീറ

വ്യത്യസ്തമായ ഭാഷ

എന്റെ ഉമ്മ തമിഴ്‌നാട് സ്വദേശിയാണ് അച്ഛന്‍ തിരുവനന്തപുരവും അതുകൊണ്ടുതന്നെ എന്റെ ഭാഷശൈലി ഇങ്ങനെയായി. ചെറുപ്പത്തില്‍ സഹപാഠികള്‍ ചിലര്‍ ഒക്കെ കളിയാക്കുമായിരുന്നു എന്താ പറയുന്നത് ഇത് എന്ത് ഭാഷയാണ് എന്നൊക്ക. പിന്നീട് അടുപ്പമാവുമ്പോള്‍ അതൊക്കെ മാറും ആദ്യകാലത്ത് ഇതിന്റെ പേരില്‍ എനിക്ക് ഒരുപാട് അപകര്‍ഷതബോധം ഉണ്ടായിരുന്നു. ചാനല്‍ തുടങ്ങിയ സമയത്ത് എന്റെ ഭാഷ ആളുകള്‍ സ്വീകരിക്കുമോ കളിയാക്കുമോ എന്നൊക്കെ വല്ലാത്ത പേടിയുണ്ടായിരുന്നു. അത് കൊണ്ട് ആദ്യം ചെയ്ത  വീഡിയോയില്‍ അച്ചടിഭാഷയില്‍ അതായത് പൂര്‍ണ്ണമായും എന്റെ ശൈലി മാറ്റിയിട്ട് സംസാരിച്ചിരുന്നു എന്നാല്‍ അത് എനിക്ക് വല്ലാത്ത സ്‌ട്രെയിന്‍ ഉണ്ടാക്കി. പിന്നെ ഞാന്‍ തന്നെ വിചാരിച്ചു എന്തായാലും മുഖം ഒന്നും കാണിക്കുന്നില്ല അപ്പോ എന്റെ യഥാര്‍ത്ഥ ഭാഷയില്‍ സംസാരിക്കുന്നതില്‍ വലിയ പ്രശ്‌നമില്ലെന്ന് ആളുകള്‍ക്ക് മനസിലാവുന്ന തരത്തില്‍ സംസാരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ചാനല്‍ തുടങ്ങിയ കാലത്ത് ഒരുപാട് കളിയാക്കിക്കൊണ്ടുള്ള കമന്റുകള്‍ വന്നിരുന്നു. അതായത് ഇത് ഏത് നാട്ടിലെ ഭാഷയാണ്, എന്ത് ഭാഷ എന്നൊക്ക.. അതൊക്കെ കാണുമ്പോള്‍ തിരുവനന്തപുരം എന്ന് മാത്രം പറയും അതില്‍ കൂടുതല്‍ ഒന്നും പറയാന്‍ പോവാറില്ല. പിന്നീട് ഇപ്പോള്‍ ഒന്നും അത്തരത്തില്‍ വരാറില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ട് അത് തന്നെ ധാരാളം. 

എന്റെ ഫ്രണ്ട്‌സിനോടൊന്നും ഞാന്‍ ഇത്തരത്തില്‍ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എന്റെ ഭാഷ കേട്ടിട്ടാണ് ഇത് എന്റെ ചാനലാണെന്ന് അവര്‍ മനസിലാക്കിയത്.

മുഖം കാണിക്കാതെയുള്ള വീഡിയോസ്

ആദ്യകാലത്തെ രണ്ട് മൂന്ന് വീഡിയോസില്‍ മുഖം കാണിച്ചിരുന്നു. പക്ഷേ ഞാന്‍ വല്ലാതെ നെര്‍വസാണ്. ഒതുങ്ങി നില്‍ക്കാനാണ് എനിക്ക് ഇഷ്ടം അത് ബ്രേക്ക് ചെയ്യാനായി വീട്ടുകാര്‍ കുറേ പറയാറുണ്ട്. പിന്നെ ആദ്യം ഇട്ട വീഡിയോയില്‍ ഞാന്‍ മുഖം കാണിച്ചരുന്നുവെന്ന് പറഞ്ഞല്ലോ അത് കണ്ട് ഒരു ബന്ധു എന്തിനാണ് ഇങ്ങനെ മുഖം കാണിക്കുന്നതെന്നൊക്കെ ചോദിച്ചിരുന്നു. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. പിന്നീട് ഞാൻ എന്റെ മുഖം കാണിച്ചിരുന്ന ഭാഗം കട്ട് ചെയ്ത് കളഞ്ഞു. പക്ഷേ ഇപ്പോള്‍ ഞാന്‍ കുറച്ചു കൂടെ ബോള്‍ഡായി വരുന്നുണ്ട് അതുകൊണ്ട് ചില വീഡിയോസിലൊക്കെ മുഖം കാണിക്കുന്നുണ്ട്. എന്റെ അന്തര്‍മുഖത മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍.

യൂട്യൂബറായത്

ഞാന്‍ പറഞ്ഞല്ലോ അടുക്കളയോട് വല്ലാത്തൊരിഷ്ടമായിരുന്നു എനിക്ക്. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ ഞാന്‍ വേഗം അടുക്കളയിലേക്ക് പോവും. അവര്‍ക്ക്  വേണ്ടതൊക്കെ ഒരുക്കാന്‍ എനിക്ക് വല്ലാത്ത ഉത്സാഹമായിരുന്നു. അകത്തളത്തില്‍പോയി ഇരിക്കുന്നതിനേക്കാള്‍ അടുക്കളയില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. ഈ സ്വഭാവം കാരണം എല്ലാവരും പറയും 'നിന്റെ ജീവിതം അടുക്കളയില്‍ ഒതുങ്ങിപോവുമെന്ന് '. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നുമായിരുന്നു. പിന്നീട് ഡിഗ്രി കഴിഞ്ഞ സമയത്താണ് എന്റെ ബാപ്പ മരണപ്പെടുന്നത്. അത് ഉണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. എന്ത് ചെയ്യണം എവിടെ തുടങ്ങണമെന്ന് അറിയാത്ത അവസ്ഥ. എന്റെ പഠനം അതോടെ പാതിവഴിയിലായി. അറിയാലേ വീട്ടില്‍ ഒരാള്‍ പോവുമ്പോള്‍ ഉള്ള ബുദ്ധിമുട്ട്. സാമ്പത്തികം മാത്രമല്ല മാനസികമായും ഞാന്‍ തകര്‍ന്നു. 'അടുക്കളയില്‍ മാത്രമാണ് എപ്പോഴും' എന്ന വാക്കുകളാണ് അന്നും കേട്ടത്. എനിക്ക് ആകെ വിഷമമായിരുന്നു. കൂടെയുളളവര്‍ ഒക്കെ പുറത്ത് പോവുന്നു, സ്വന്തമായി പ്രൊഫഷന്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ എനിക്ക് മാത്രം ഒന്നും പറ്റുന്നില്ലല്ലോ എന്നായിരുന്നു വിഷമം. 

അക്കാലയളവില്‍ പി.എസ്.സി ക്ലാസിനൊക്കെ പോയി. നന്നായി പഠിച്ചിരുന്നു കാരണം ജോലിയായിരുന്നു ആകെ ലക്ഷ്യം. കുറച്ച് ലിസ്റ്റിലൊക്കെ വന്നിരുന്നു പക്ഷേ ജോലിയൊന്നും ശരിയായില്ല. അങ്ങനെ അക്കാര്യത്തിലും വല്ലാണ്ട് വിഷമിച്ചിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ അടുത്ത സുഹൃത്താണ് ഇങ്ങനെ യുട്യൂബ് ചാനലിനെ കുറിച്ച് പറയുന്നത്. എന്തായാലും നിനക്ക് പാചകത്തില്‍ കഴിവുണ്ട്. അതും പറഞ്ഞാണ് നടക്കുന്നത് എന്നാല്‍ പിന്നെ അത്തരത്തില്‍ ഒന്ന് തുടങ്ങിക്കൂടെയെന്ന് അവള്‍ പറഞ്ഞു. 

ഞാന്‍ ഒരു ഫോണ്‍ വാങ്ങിയത് ആ ടൈമിലായിരുന്നു ഉള്ള ധൈര്യം വെച്ച് അങ്ങനെ ഒരു ചാനല്‍ തുടങ്ങി. എനിക്കിതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഉള്ള ധൈര്യം വെച്ച് തുടങ്ങി. ആദ്യമൊക്കെ എന്റെ വീഡിയോസിന്റെ വ്യൂസ് വളരെ കുറവായിരുന്നു. എനിക്ക് ആകെ ആധിയായിരുന്നു. ഞാന്‍ ചെയ്ത കിച്ചണ്‍ ടിപ്‌സിന്റെ വീഡിയോയാണ് ചാനലിന്റെ ഗതി മാറ്റിയത്. അത് കുറേ പേര്‍ കണ്ടു. പതുക്കെ ചാനലിന്റെ കാഴ്ച്ചകാരും കൂടി വന്നു .

ഇപ്പോള്‍ ഇതെനിക്ക് കുടുംബം പോലെയാണ്. എന്നെ ഒരുപാട് മാറ്റിയത് എന്റെ പ്രേക്ഷകരാണ്. ഒരോ കമന്റും എനിക്ക് നല്‍കുന്ന ഊര്‍ജം അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഞാനിപ്പോള്‍ ചാനല്‍ തുടങ്ങിയിട്ട് രണ്ട് കൊല്ലമായി അന്ന് മുതല്‍ എനിക്ക് സ്ഥിരം കമന്റ് ചെയ്യുന്നവരുണ്ട്. ഒരു വീഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞ ശേഷം അവര്‍ കമന്റ് ചെയ്തില്ലെങ്കില്‍ എനിക്ക് വിഷമമാവും. അത്രയ്ക്ക് അടുപ്പം തോന്നാറുണ്ട് അവരോട്. പഠനം പാതിവഴിയിലായി പോയത് കൊണ്ട് എനിക്ക് അധികം കൂട്ടുകാരില്ല അത് കൊണ്ട് തന്നെ എനിക്ക് ഈ ചാനലില്‍ നിന്ന് കിട്ടിയ കൂട്ടുകാര്‍ എനിക്ക് വിലമതിക്കാനാവത്തതാണ്.

നെഗറ്റിവ് കമന്റ്‌സ്

എനിക്ക് അധികം നെഗറ്റീവ് കമന്റ്‌സ് ഒന്നും വന്നിരുന്നില്ല. പക്ഷേ വന്നിരുന്ന കുറച്ച് കമന്റ്‌സ് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ചിലരുണ്ട് എന്റെ റെസിപ്പിയുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റ്‌സ് ഇട്ടിട്ട് പോവും അതാണ് ഏറ്റവും വിഷമം. ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ എന്നായിരുന്നു ഞാന്‍ അന്ന് വിചാരിച്ചിരുന്നത്. നോക്കൂ നമ്മള്‍ ചെയ്യുന്ന റെസിപ്പിയെ വിമര്‍ശിക്കുന്നത് മനസിലാക്കാവുന്നതാണ് അല്ലാതെ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ പറ്റി പറയുന്നതിന് എന്തുപറയാനാണ്. ആത്മാര്‍ത്ഥമായ കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറുണ്ട് അല്ലാതെ ഒരു ബന്ധവുമില്ലാത്ത കമന്റ്‌സ് ഞാന്‍ ഡിലീറ്റ് ചെയ്ത് കളയുകയാണ് പതിവ്. ഇപ്പോള്‍ പണ്ടത്തെ പോലെ അധികം നെഗറ്റീവ് കമന്റ്‌സ് വരാറില്ല

ആദ്യം ഫോണ്‍ കൈയിൽ വെച്ചാണ് ഷൂട്ട് ചെയ്യ്തിരുന്നത്. അന്ന് ട്രൈപോഡ് ഒന്നും ഇല്ല. പിന്നെ എന്റെ ഇക്ക എനിക്ക് ഒരു ക്യാമറ തന്നിരുന്നു അത് നാശമായിരുന്നു. ഒട്ടും വര്‍ക്ക് ചെയ്യില്ല. പിന്നീട് ഞാന്‍ അത് 1500 രൂപ കൊടുത്ത് നന്നാക്കി. അപ്പോഴും അത് വീഡിയോ മാത്രം എടുക്കാവുന്ന പരുവത്തിലായിരുന്നു ഫോട്ടോയൊക്കെ വേറെ ഫോണിലായിരുന്നു എടുത്തത്. പിന്നീട് ഈയടുത്ത് കുറച്ച് പൈസയൊക്കെ ആയപ്പോള്‍ ഞാന്‍ ഒരു കാനോണിന്റെ ക്യാമറ വാങ്ങി.

വീട്ടുകാരുടെ പിന്തുണ

ഞാന്‍ വീട്ടിലെ അടുക്കളയില്‍ തന്നെ ഒതുങ്ങി പോവുമോ എന്നായിരുന്നു അവരുടെ പേടി ഞാനിങ്ങനെ ആക്ടീവാവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കൊക്കെ സന്തോഷമായി. എനിക്ക് അവര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. എല്ലാവര്‍ക്കും നല്ല സന്തോഷമാണ്. ഒരു എതിര്‍പ്പുമില്ല. അടുക്കളയില്‍ ഒതുങ്ങിയിരുന്ന ഞാന്‍ ഇത്തരത്തില്‍ മുന്നോട്ട് വന്നല്ലോ അങ്ങനെയാണ് അവര്‍ പറയുന്നത്

ചെറുതെങ്കില്‍ ചെറുത് ഒരു ജോലി

സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം അതു കൊണ്ടു തന്നെ യൂട്യൂബറായില്ലെങ്കില്‍ ഞാന്‍ സര്‍ക്കാര്‍ ജോലി വാങ്ങിയേനെ അല്ലെങ്കില്‍ അതിന് ശ്രമിക്കുന്നുണ്ടാവും. എത്ര ചെറിയ ജോലിയാണെങ്കിലും ഒരു ജോലി അത് എന്റെ വാശി തന്നെയാണ്.

ഈ പൈസ എന്റെ ഉമ്മയ്ക്ക് വലിയ സഹായമാണ്

ആദ്യമായി യുട്യൂബില്‍ നിന്ന് പൈസ കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷത്തിന്  അതിരില്ല. നാലഞ്ച് മാസത്തിന് ശേഷമാണ് ആദ്യമായി പൈസ കിട്ടിയത്. എന്തെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. എന്റെ കാര്യത്തിനെങ്കിലും ഉമ്മാനോടും ഇക്കയോടും ചോദിക്കണ്ടലോ അത്രയൊക്കെ പ്രതീക്ഷകളെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിലും കൂടുതല്‍ പൈസ അന്നെനിക്ക് കിട്ടി. എ.ടി.എമ്മില്‍ പോയി പൈസ എടുത്ത് ഞാന്‍ അത് ഉമ്മാന്റെ കൈയിലാണ് കൊടുത്തത്. ഉമ്മയ്ക്കും വലിയ സന്തോഷമായി. ഉമ്മ പറഞ്ഞു അത് എന്നോട് തന്നെ വെയ്ക്കാന്‍ രണ്ട് ദിവസം എന്റെ കൈയില്‍ തന്നെ പൈസ കൊണ്ടു നടന്നിരുന്നു. അതൊരു പ്രത്യേക ഫീലായിരുന്നു.

സത്യം പറയാലോ എനിക്ക് ഇപ്പോള്‍ കിട്ടുന്ന വരുമാനം വലിയൊരു സഹായമാണ്. എന്റെ ഉമ്മാക്ക് അത് വലിയ കാര്യം തന്നെയാണ്. ഇതുവെച്ച് സേവിംഗ്സ് വലുതായിട്ട് നടക്കാറില്ല. കാരണം കുടുംബം നോക്കലാണ് ഇപ്പോള്‍ ചെയ്യുന്നത്. സ്വന്തമായിട്ടൊരു വരുമാനമാര്‍ഗം വലിയൊരു ശക്തിയാണ് അത് വല്ലാത്തൊരു ധൈര്യം പകരും

എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന രുചിയുള്ള വിഭവം

പണ്ടുമുതല്ലേ ടിവിയില്‍ വരുന്ന കുക്കിങ്ങ് ഷോയൊക്കെ കാണുകയും അതൊക്കെ എഴുതിയെടുക്കുകയും ചെയ്യുമായിരുന്നു. പിന്നെ എന്റെ ഉമ്മുമ്മയും ഉമ്മയും ചെയ്യുന്നതൊക്കെ കണ്ട് വെച്ചിട്ടുണ്ട്. അതൊക്കെയാണ് എന്റെ പുതിയ പരീക്ഷണങ്ങള്‍ക്ക് ആധാരം. എല്ലാവര്‍ക്കും പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന വിഭവങ്ങളാണ് തിരഞ്ഞെടുക്കുക. ഞാന്‍ എല്ലാവരുടെയും സമയത്തിന് വില നൽകുന്ന ആളാണ്. അതുകൊണ്ടുതന്നെ വലിച്ച് നീട്ടാറില്ല. ബോറടിപ്പിക്കരുത് അതാണ് ഞാന്‍ നോക്കുന്ന പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ നന്നായി പോവുന്ന ചാനല്‍ ചിലപ്പോള്‍ കുറഞ്ഞ് പോയേക്കാം. ആദ്യമൊക്കെ വ്യൂസ് കുറയുമ്പോള്‍ വല്ലാത്ത സങ്കടം വരുമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് അത്രയില്ല. എന്റെ കുക്കിങ്ങ് ഇഷ്ടമുള്ള ഒരു കൂട്ടം ഉണ്ടെന്നറിയാം. ആളുകള്‍ക്ക് ഇഷ്ടമുള്ള വീഡിയോസ് കണ്ടാല്‍ എന്തായാലും അവര്‍ അത് ക്ലിക്ക് ചെയ്യും.

കഷ്ടപ്പെടുത്തിയ കേക്ക്

കേക്കും ഫലൂദയുമാണ് തയ്യാറാക്കാന്‍ കഷ്ടപ്പെട്ടത്. ഫലൂദയൊക്കെ തയ്യാറാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു അത്  പാളി പോയെന്ന് വേണം പറയാന്‍. കേക്ക് തയ്യാറാക്കി ചീറ്റി പോയില്ല പക്ഷേ അത് തയ്യാറാക്കാന്‍ കുറച്ച് കഷ്ടപ്പെട്ടിരുന്നു. കേക്ക് സെറ്റ് ചെയ്യാനായിരുന്നു ഏറ്റവും പാട്. കാരണം എനിക്ക് അതൊന്നും തയ്യാറാക്കി വലിയ പരിചയമില്ലായിരുന്നു

ഭാവി, പ്രതീക്ഷകള്‍

ഇതിനെ ഞാനൊരു കരിയറായിട്ടാണ് കാണുന്നത്. ഞാന്‍ ഇത് മുന്നോട്ട് കൊണ്ട് പോവാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. എന്റെ പി.എസ്.സി കോച്ചിങ്ങൊക്കെ നിന്നുവെന്ന് വേണം പറയാന്‍ ഇപ്പോള്‍ പി.ജി ചെയ്യുന്നുണ്ട്. വിട്ട് പോവാനായി ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഞാനായി നില്‍ക്കാന്‍ ഈ പ്രൊഫഷന്‍ കൊണ്ട്‌ പറ്റുന്നുണ്ട്‌. ഞാന്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇതിലാണ്. എല്ലാം നന്നായി വരുമെന്നാണ് ആഗ്രഹിക്കുന്നത്. 

Content Highlights: Shamees kitchen interview, shameera youtuber, cooking vlogge,r cooking youtuber, cooking videos