കാന്‍സര്‍ ഗവേഷണത്തോട് താല്‍ക്കാലികമായി ബൈ പറഞ്ഞ് സെന്തിൽ കുമാർ ബാലു ഹോം ബേക്ക്‌സ് എന്ന ആശയത്തിന് പിറകെ  പോയപ്പോള്‍ എല്ലാവരും നെറ്റി ചുളിച്ചു. പക്ഷേ, സെന്തിൽ പോയത് വെറുതെ കേക്കുണ്ടാക്കാനല്ല. കാൻസർ രോഗികൾക്കുള്ള കേക്കുകളും ഡെസേർട്ടുകളുമാണ് ഉണ്ടാക്കിയത്. സെന്തിലിന്റെ ഈ ഉദ്യമം വൻ ഹിറ്റാവാൻ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം മാത്രം ഉണ്ടാക്കിയിരുന്ന സെന്തിലിന്റെ  ഹോൾസം റാപ്സഡി ഇന്ന് ചെന്നൈയിലെ മുൻനിര ഹോംബേക്ക് സ്ഥാപനങ്ങളിൽ ഒന്നാണ്. കാൻസർ രോഗികൾക്ക് ഭക്ഷണകാര്യത്തിൽ വലിയ ആശ്വാസവുമാണ്.കാന്‍സര്‍ രോഗികള്‍ക്ക് മാത്രമല്ല പ്രമേഹം,ഫാറ്റി ലിവര്‍, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ നേരിടുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഇവിടെ നിന്ന് ഭക്ഷണങ്ങള്‍ ലഭ്യമാണ്.

ഇത്തരം കസ്റ്റമൈസ് ചെയ്ത ഭക്ഷണങ്ങള്‍ (പ്രത്യേകം പറഞ്ഞ് ഉണ്ടാക്കുന്ന വിഭവങ്ങള്‍) ഒരിക്കലും മരുന്നിന് പകരമല്ല. എന്നാല്‍ ഇവ അത്തരം രോഗികളുടെ ശരീരത്തെ പരിപോഷിപ്പിക്കുന്നതും അവര്‍ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഭക്ഷണവും രുചിയും ഒരുമിച്ച് പോവില്ല എന്ന ആശയത്തെ തിരുത്തിക്കുറിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

പല തരത്തിലുള്ള രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള അസുഖങ്ങളെ അഭിമുഖീകരിക്കുന്നവര്‍ക്ക് പല ഭക്ഷണങ്ങളും കഴിക്കാന്‍ സാധിക്കില്ല. ഇവയിലെ അനാരോഗ്യകരമായ പല ഘടങ്ങളും പ്രതികൂലമായി ബാധിക്കുന്നവയായിരിക്കും. ഈ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കി നല്‍കുകയാണ് സെന്തില്‍. ഫാറ്റ് ഫ്രീ ബ്രൗണീസ്, സോയ മില്ലറ്റ് കാരറ്റ് കേക്ക്, മൂക്കാനി കേക്ക് എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ബേക്ക്‌സിലെ പ്രത്യേകതയാണ്

കാന്‍സര്‍ റിസര്‍ച്ച് എന്ന മേഖലയില്‍ നിന്ന് എങ്ങനെ ഹോം ബേക്ക്‌സ് എന്ന ആശയത്തിലേക്കെത്തിയത്?

സത്യത്തില്‍ എനിക്ക് വേണ്ടി തന്നെയാണ് ഞാന്‍ ബേക്ക്‌ ചെയ്ത് തുടങ്ങിയത്. ആരോഗ്യകരമായ ഭക്ഷണം എനിക്ക് വേണ്ടി ഉണ്ടാക്കുക എന്ന ആശയത്തില്‍ നിന്നാണ് ഹോൾസം റാപ്‌സഡി എന്ന ഹോം ബേക്ക്‌സിലേക്ക് എത്തിയത്. എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഡെസേര്‍ട്ട് എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണം നല്ലൊരു മരുന്ന് തന്നെയാണ്. ഞാന്‍ അറിഞ്ഞ ശാസ്ത്രീയ അറിവ് ഹെല്‍ത്തി ഈറ്റിങ് എന്ന ആശയത്തോട് സംയോജിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. കാന്‍സര്‍ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ഡെസേര്‍ട്ടുകളാണ് ഈ സംരംഭത്തിലെ പ്രധാന ആകര്‍ഷണം. ഒമേഗാ 3 റിച്ച്  നട്​സ്, മഞ്ഞള്‍, ഗ്രീന്‍ ടീ തുടങ്ങി ആരോഗ്യത്തിന് ഗുണകരമായ പദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

തുടക്കകാലത്ത് നേരിട്ട വെല്ലുവിളികള്‍

കസ്റ്റമൈസ്ഡ് ഫുഡ് എന്ന് ആശയം ഒരുക്കിയെടുക്കുന്നത് തന്നെയായിരുന്നു ഞാന്‍ നേരിട്ട വെല്ലുവിളി. സാധാരണ കേക്കുകളില്‍ ഉപയോഗിക്കുന്ന മൈദ തുടങ്ങിയ പദാര്‍ഥങ്ങള്‍ക്ക് പകരം റാഗി, തുടങ്ങിയവയാണല്ലോ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ സാധാരണ കേക്കുകള്‍ക്ക് കിട്ടുന്ന പോലത്തെ ടെക്‌സ്ച്ചറും രുചിയും കിട്ടുക എന്നത് ശ്രമകരമായിരുന്നു. ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം എന്ന കണ്‍സപ്റ്റില്‍ നിന്നും മാറാനും ഞാന്‍ ഒരുക്കമല്ലായിരുന്നു. ആദ്യം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒരുപാട് പരാജയപ്പെട്ടിട്ടുണ്ടായിരുന്നു പിന്നീട് പതിയെ വിജയം കണ്ടു തുടങ്ങി.

കാന്‍സര്‍ റിസര്‍ച്ച് എന്ന വിപുലമായ സാധ്യത വിട്ട് ബേക്കിങ്ങിലേക്ക് വന്നപ്പോള്‍ കുടുംബത്തിന്റെ പ്രതികരണം

സത്യം പറഞ്ഞാല്‍ എനിക്ക് കിട്ടുന്ന മാധ്യമശ്രദ്ധയും മറ്റും ഒഴിച്ചാല്‍ ഞാന്‍ ഈ പ്രൊഫഷണിൽ നില്‍ക്കുന്നതിനോട് അവര്‍ക്ക് വലിയ താത്പര്യമില്ല. അവര്‍ക്ക് ഇതൊരു പ്രൊഫഷനായി കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ എന്റെ ഒരോ കാല്‍വെയ്പ്പിലും എന്റെ കുടുംബം എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

നിങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ പ്രത്യേകത

ഫൈബര്‍, ഒമേഗാ 3 ഫാറ്റി ആസിഡ് എന്നിവ ധാരാളമടങ്ങിയ എന്നാല്‍ ഗ്ലൈസമിക്ക് കുറഞ്ഞ ഭക്ഷണങ്ങളാണ് തയ്യാറാക്കുന്നത്. ഇവയെ കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുന്ന ഫൈറ്റോ കെമിക്കല്‍സായ ലിഗിനന്‍സ്, ഫോളിക്ക് ആസിഡ്. സിട്രസ് പെക്ടിന്‍, ഫ്ലേവനോയിഡ്സ് എന്നിവ ധാരളമടങ്ങിയ ഭക്ഷണങ്ങളും തയ്യാറാക്കുന്നുണ്ട്.

പ്രമേഹം, കാന്‍സര്‍, ഫാറ്റി ലിവര്‍ അലര്‍ജി പ്രശ്‌നങ്ങള്‍  എന്നിവര്‍ക്കുള്ള കസ്റ്റമൈസ്ഡ്‌ ഭക്ഷണങ്ങളാണ് എന്റെ സംരംഭത്തിന്റെ മുഖ്യ ആകര്‍ഷണം. അവരുടെ മരുന്നിന് പകരമല്ല ഈ ഭക്ഷണങ്ങള്‍. പക്ഷേ ഇവരുടെ രോഗബാധിതമായ ശരീരത്തിന്‌ യോജിച്ച പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ.

താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് ഹെല്‍ത്തി ഡയറ്റ്

ഒരു വ്യക്തി ജീവിക്കുന്ന ഭൂപ്രകൃതി, അയാളുടെ ശാരീരികക്ഷമത, ആരോഗ്യ സ്ഥിതി എന്നിവ പരിഗണിച്ചായിരിക്കണം ഡയറ്റ് നിശ്ചയിക്കേണ്ടത്. അല്ലാതെ എല്ലാവർക്കുമായുള്ള ഒരു പൊതുവായ ഡയറ്റ്  പ്രായോഗികമല്ല. അസംസ്‌കൃത ധാന്യങ്ങള്‍, പൂരക കൊഴുപ്പ്, ലീന്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഈ യാത്രയില്‍ മറക്കാനാവാത്ത നിമിഷങ്ങള്‍

ഹാഷിമോന്റോ സിന്‍ഡ്രോം ബാധിച്ചവരുടെ ഡയറ്റിന് അനുസരിച്ചുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ഇതിന് അലര്‍ജികളില്ലാത്ത ഭക്ഷണമൊരുക്കുക എന്നതായിരുന്നു ഏറെ നേരിട്ട വെല്ലുവിളി. ഇതിനായി വലിയ രീതിയിലുള്ള റിസര്‍ച്ചുകള്‍ നടത്തിയിരുന്നു. അവസാനം ഒരു ചോക്ലേറ്റ് കേക്കായിരുന്നു അവര്‍ക്കായി തയ്യാറാക്കിയത്. വളരെ നല്ല റെസ്‌പോണ്‍സായിരുന്നു അതിന്‌ ലഭിച്ചത്. യാതൊരു തരത്തിലും ഇവര്‍ക്ക് അലര്‍ജി വന്നില്ലെന്ന് മാത്രമല്ല അവര്‍ നല്‍കിയ ഹൃദയംഗമായ അഭിനന്ദനം എനിക്ക് മറക്കാനാവില്ല.

ചീറ്റിപ്പോയ പാചക പരീക്ഷണങ്ങള്‍

കപ്പപ്പൊടി ഉപയോഗിച്ച് വീഗന്‍ ചീസ് കേക്ക് തയ്യാറാക്കാന്‍ ശ്രമിച്ചിരുന്നു. ചീറ്റിപ്പോവുക എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും പറ്റില്ല, അത് അത്രയ്ക്കും വലിയ ദുരന്തമായിരുന്നു. അവസാനം അത് കൊണ്ട് ഞാന്‍ ദോശയുണ്ടാക്കി. ഇത്തരത്തില്‍ ഒരുപാട് അബദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 എഴുത്തിനെ പറ്റി

എല്ലാത്തരത്തിലുള്ള കാന്‍സര്‍ രോഗികള്‍ക്കായി വിശാലമായ ഇന്ത്യന്‍ ഡയറ്റിനെ കുറിച്ചുള്ള പുസ്തകമെഴുതുന്ന തയ്യാറെടുപ്പിലാണ്. ഉടന്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

ഭാവി പ്രതീക്ഷള്‍

ഈ സംരംഭം വികസിപ്പിക്കണം എന്നതാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. വലിയ രീതയിലുള്ള എക്‌സപാന്‍ഷന്‍ തന്നെയാണ് എന്റെ സ്വപ്നം. അതിനുള്ള നിയമപരമായ കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഗവേഷണത്തില്‍ നിന്ന് താത്ക്കാലിക ഇടവേള മാത്രമേ എടുത്തിട്ടുള്ളു. അതിനാല്‍ ഇതിനെ ഒരു ട്രാക്കിലാക്കിയ ശേഷം ഗവേഷണത്തിലും ശ്രദ്ധ തിരിക്കണം.

പുതിയൊരു ആശയം നടപ്പാക്കി ലക്ഷ്യത്തിലേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് സെന്തില്‍ കുമാര്‍. തന്റെ സ്ഥാപനം വിപുലമാക്കി ഈ ആശയം ലോകം മൊത്തം എത്തിക്കണമെന്നാണ് ഇപ്പോള്‍ സെന്തില്‍ കാണുന്ന സ്വപ്നം. തന്റെ റിസര്‍ച്ച് വീണ്ടും തുടങ്ങുമെന്നും ഈ സ്ഥാപനം ഇതേ പ്രാധാന്യത്തോടെ നിലനിര്‍ത്തുമെന്നും സെന്തില്‍ കുമാര്‍ പറയുന്നു. തന്റെ സ്വപ്‌നത്തിന് ചിറക് നല്‍കാനാവുമെന്ന വിശ്വാസവും പ്രതീക്ഷയും സെന്തിലിന്റെ ഒരോ വാക്കിലും നിറഞ്ഞ് നില്‍ക്കുന്നു.

Content Highlights: senthill kumar balu, cancer researcher started home baking, chennailite, wholesome rhapsody,home bakes, Customised baked food s for cancer researcher