ത് വ്ളോഗിങ്ങിന്റെയും വ്ളോഗര്‍മാരുടെയും കാലമാണ്. പോയ യാത്രകളായാലും കഴിച്ച പുതിയ ഭക്ഷണമായാലും എന്തിന് പുതിയൊരു വണ്ടിയോ ഫോണോ വാങ്ങിയാൽ പോലും വീഡിയോകളുണ്ടാക്കി അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പലരുടെയും ഒരു ഹോബിയാണ്. അങ്ങനെ ചെയ്ത വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്ത് അതില്‍ നിന്നും വരുമാനമുണ്ടാക്കുന്നവരും കുറവല്ല. പക്ഷേ എന്ത് തന്നെ ആയാലും ഭക്ഷണത്തോടുളള ആളുകളുടെ സ്നേഹം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതും ഫുഡ് വ്ളോഗുകളാണ്. പുതിയ ഭക്ഷണങ്ങളെ അറിയാനും അല്ലെങ്കില്‍ എളുപ്പത്തില്‍ നല്ല സ്വാദോടെ ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ച് പഠിക്കാനും പലര്‍ക്കും ഇഷ്ടമാണ്. ഇനി ഇതൊന്നുമല്ലെങ്കിലും വെറുതെ കാണാന്‍ ഇഷ്ടമുള്ളവരുമുണ്ട്.

ചെറുപ്പക്കാര്‍ക്കിടയില്‍ വ്ളോഗിങ് ഒരു ഹരമായി മാറിയിരിക്കുകയാണ്. ഇത് തൊഴിലായി ചെയ്യുന്നവരുണ്ട്, പിന്നെ താത്പര്യം കൊണ്ട് മാത്രം ജോലിത്തിരക്കിനിടയില്‍ ചെയ്യുന്നവരും ഉണ്ട്. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഗോവിന്ദ് രണ്ടാമത് പറഞ്ഞ വിഭാഗത്തില്‍പ്പെടും. 'കേരളാഫുഡ്ഡി' എന്ന പേരില്‍ 2016ല്‍ ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങിയ പേജിന് ഇപ്പോള്‍ 89.4kയും ടിക് ടോകില്‍ ഒരു ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്. കേരളത്തില്‍ നിന്നുള്ള ഇന്‍സ്റ്റാ ഫുഡ് ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളതും ഗോവിന്ദിന്റെ കേരളാഫുഡ്ഡിക്കാണ്. വളരെ യാദൃശ്ചികമായി തുടങ്ങിയതാണ്. ഇത്രേം ഒക്കെയാവും എന്നൊന്നും വിചാരിച്ചില്ല, ഗോവിന്ദ് പറയുന്നു.

ഫുഡ്ഡി ക്ലബില്‍ നിന്നും കേരളാഫുഡ്ഡിയിലേക്ക്

നാട്ടിലെ ഒരു ചേട്ടനുണ്ടായിരുന്നു. ടെക്‌സ്‌റ്റൈല്‍ ഷോപ്പാണ് പുള്ളിക്ക്. വെകുന്നേരങ്ങളില്‍ ഞങ്ങള്‍ കുറച്ച് ഫ്രണ്ട്‌സ് ചേര്‍ന്ന് അവിടെ പോയി പിന്നെ ഭക്ഷണം കഴിക്കാന്‍ പോകുമായിരുന്നു. ആ സമയത്ത് ഫുഡ്ഡി ക്ലബ് എന്ന പേരില്‍ ഒരു ക്ലബ് പോലത്തെ സെറ്റപ്പുണ്ടായിരുന്നു. പൈസ ഇടലും, ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോകലുമൊക്കെ അതിന്റെ ഭാഗമായി ചെയ്യും. പക്ഷേ അത് അധികം നാള്‍ പോയില്ല, കൂടെ ഉള്ളവരില്‍ ചിലര്‍ക്ക് ജോലിയായി, കല്യാണമായി, അങ്ങനെ അത് പതുക്കെ നിന്നു.

Govind keralafoodie

പിന്നെയാണ് ഇന്‍സ്റ്റഗ്രാമിനെ കുറിച്ച് അറിയുന്നത്. അത് ഫോട്ടോ ഇടുന്ന പ്ലാറ്റ്‌ഫോമായത് കൊണ്ട് വെറുതെ ഫോട്ടോസ് ഇട്ടു തുടങ്ങി. ഇത് 2016ലാണ്, അന്ന് അതികം ഫോളോവേഴ്‌സ് ഒന്നുമില്ല, 1000 പേരൊക്കെയായിരുന്നു. അന്ന് അതികം ആളുകള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. 2018ക്കെ ആയപ്പോള്‍ 5000 ഫോളോവേഴ്‌സായി, പോസ്റ്റിന്റെ എണ്ണം കൂട്ടി, കൂടുതല്‍ കാര്യങ്ങള്‍ ഫോട്ടോയുടെ കൂടെ ചേര്‍ക്കാന്‍ തുടങ്ങി. ഭക്ഷണത്തോടുള്ള ഇഷ്ടമാണ് ചെയ്യാന്‍ തോന്നിക്കുന്നതും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും. 

ഫുഡ് വാക്ക്

മുപ്പതുപേരു കൂടി ഒരു സിറ്റി ടാര്‍ഗറ്റ് ചെയ്ത് അവിടുത്തെ പത്ത് പ്രധാന റെസ്റ്റൊറന്റുകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയാണ് ലക്ഷ്യം. അവിടുത്തെ പ്രധാന വിഭവങ്ങള്‍ കഴിച്ച് പത്ത് ദിവസമാണ് ആ സ്ഥലത്ത് ചെലവഴിക്കുക. ഒരു പാത്രത്തിലൊക്കെയാവും കഴിക്കുക, പൈസയും ഷെയര്‍ ചെയ്യും. അതില്‍ പേജുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല, പുറമേയുള്ളവരും ഉണ്ടാകും. സാധാരണയായി ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടും അതിന്റെ താഴെ കമ്മന്റ് ചെയ്യുന്ന ആദ്യത്തെ മുപ്പത് പേരെ തിരഞ്ഞെടുക്കും. അതിലൂടെ കൂറെ നല്ല സുഹൃത്തുകളെ കിട്ടി. ഒത്തിരി നല്ല യാത്രാനുഭവങ്ങളുണ്ടായി. ഇതില്‍ കഴിച്ചത് ഇഷ്ടപ്പെട്ടാല്‍ മാത്രം പോസ്റ്റ് ഇടും. ആരേയും ഒന്നിനേയും പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി പോസ്റ്റ് ഇടാറില്ല.

Govind keralafoodie
കോഴിക്കോട്ട് നടത്തിയ ഫുഡ് വാക്കില്‍ പങ്കെടുത്തവര്‍

ആദ്യമായി ഫുഡ് വാക്ക് എന്ന പേരിലൊരു പ്രോഗ്രാം നടത്തിയത് ഫോര്‍ട്ട് കൊച്ചിയിലാണ്. അത് 2018 ആഗസ്റ്റ് 15ലാണ്. അത് പ്രളയത്തിന്റെ തലേ ദിവസം, അത് കഴിഞ്ഞ് കുറച്ച് പേര്‍ക്ക് വീട്ടില്‍ പോകാന്‍ പറ്റിയില്ല. പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ടായി കൂടുതല്‍ ആളുകളിലേക്ക് പേജ് എത്തിക്കാന്‍ കഴിഞ്ഞു. രണ്ടാമത് കോഴിക്കോട്ടായിരുന്നു ഇവന്റ്. അതിലും നല്ല പങ്കാളിത്തമുണ്ടായി. 30ല്‍ കൂടുതല്‍ ആളുകളെ എടുക്കാത്തത്, നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്. ഇനി അടുത്ത ഫുഡ് വാക്ക് കൊച്ചിയിലോ, തൃശൂരോ ആയിരിക്കും. സ്വന്തം നാടാണെങ്കിലും ഇതുവരെ തൃശൂര്‍ അങ്ങനെ ഇവന്റ്‌സ് ഒന്നും നടത്താന്‍ പറ്റിയിട്ടില്ല.

ഫുഡ് യാത്രകള്‍

ഡല്‍ഹി, മുബൈ, ഗോവ, ചെന്നൈ, മലേഷ്യ, പുണെ, മധുര അങ്ങനെ സ്ഥലങ്ങള്‍ ഒത്തിരി കറങ്ങിയിട്ടുണ്ട് ഭക്ഷണം കഴിക്കാന്‍. തുടക്കത്തില്‍ സ്ഥലം കാണാന്‍ പോകുമ്പോള്‍ അവിടുത്തെ തനത് ഭക്ഷണങ്ങള്‍ കഴിക്കുമായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാന്‍ വേണ്ടിയായി യാത്രകള്‍. ഫ്രണ്ട്‌സ് വഴിയോ നെറ്റിലോ കണ്ടിട്ടാണ് മിക്കപ്പോഴും യാത്രകള്‍ തീരുമാനിക്കുക. കേരളത്തില്‍ കാസര്‍ക്കോട് ഒഴികെ ബാക്കി ജില്ലകളിലൊക്കെ പോയിട്ടുണ്ട്. തനത് ഭക്ഷണങ്ങള്‍ കൂടുതലും കിട്ടുക കണ്ണൂരും കോഴിക്കോട്ടുമാണ്. എന്നാല്‍ എന്തും കിട്ടുന്ന സ്ഥലം കൊച്ചിയാണ്. കൊച്ചി ശരിക്കും ഒരു ഹബ്ബാണ്. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കൊച്ചി ഭയങ്കര ഇഷ്ടമാണ്. പിന്നെ എനിക്കിപ്പോള്‍ അങ്ങനെ പ്രത്യേകിച്ച് ഒരിഷ്ടമൊന്നുമില്ല ഭക്ഷണകാര്യത്തില്‍. എന്തും കഴിക്കും. അടുത്തതിനി കൊല്‍ക്കത്തയാണ് ലക്ഷ്യം. അവിടുത്തെ ഭക്ഷണരീതിയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഒന്ന് കഴിക്കണം. 

ഫുഡ് മേറ്റ്‌സ്

അടുത്ത സുഹൃത്തുക്കള്‍ അഖില്‍ രാജ്, വിഷ്ണു, കാര്‍ത്തിക് ജനാര്‍ദനന്‍, ശ്രീജിത്ത്, രമേശ് - ഇവരാണ് എന്റെ കൂടെ പേജ് നോക്കുന്നത്. പിന്നെയും ഒത്തിരി കൂട്ടുകാരുണ്ട്. ഫുഡ് വാക്കിലൂടെയും, വ്‌ളോഗിങ്ങിലൂടെയും പരിചയപ്പെട്ടവരാണ് കൂടുതലും.

Govind keralafoodie

നല്ല സപ്പോര്‍ട്ടാണ് എല്ലാവരും. പോസ്റ്റുകള്‍ ഇടുമ്പോള്‍ അഭിപ്രായങ്ങള്‍ പറയും, പുതിയ ഭക്ഷണങ്ങളെ കുറിച്ച് കേട്ടാല്‍ വിളിച്ചു പറയും, അങ്ങനെ. 

കേരളാഫുഡ്ഡിയിലേക്ക് ആളുകള്‍ വരുന്നത്

ഞാന്‍ എപ്പോഴും വെറൈറ്റി കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഒരു സ്ഥലത്ത് ഒതുങ്ങാതെ, കൂടുതല്‍ സ്ഥലങ്ങളില്‍ പോവുകയും അവിടുത്തെ ഭക്ഷണത്തെ അറിയുകയും ചെയ്യാറുണ്ട്. ഒരേ സമയം നാടനും, മറുനാടനും ട്രൈ ചെയ്യാറുണ്ട്. കേരളത്തിലും, പുറത്തും യാത്ര ചെയ്ത് എല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും അറിയാന്‍ ശ്രമിക്കാറുണ്ട്. അത് തന്നെയാണ് കൂടുതല്‍ ആളുകളെ കേരളാഫുഡ്ഡിയിലേക്ക് കൊണ്ടുവരുന്നത്. വേറൊന്ന് പേജിലേക്ക് വരുന്ന് എല്ലാ മെസേജിനോടും റെസ്‌പോണ്ട് ചെയ്യാറുണ്ട്. അതുകൊണ്ട് പേജിന് നല്ല എന്‍ഗേജ്‌മെന്റുണ്ട്.

യൂട്യൂബ്, ടിക് ടോക്

ഇന്‍സ്റ്റഗ്രാമിലാണ് കൂടുതല്‍ ആക്ടീവ്. ഫോട്ടോകളും, ഇപ്പോള്‍ വീഡിയോകളും ചെയ്യുന്നുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടേയുള്ളു. ആകെ അഞ്ച് വീഡിയോകളെ അതിലുള്ളൂ. കൂടുതല്‍ ചെയ്യാന്‍ പ്ലാനുണ്ട്.

Content Highlights: food vlogs, instagram, food vlogger, Govind P, keralafoodie