ക്ഷണം അതിനി ചന്ദ്രനിൽ പോയി രുചിക്കണോ മൃണാൾ റെഡി. നല്ലതാണെങ്കില്‍ നല്ലതെന്നും മോശമാണെങ്കിൽ മോശമാണെന്നും സത്യസന്ധമായി അഭിപ്രായം പറയുകയും ചെയ്യും. ദുബായിൽ ബിസിനസ് ചെയ്യുന്ന മൃണാൾ വെങ്കാലത്തിന് ഫുഡ് വ്ളോഗിങ് ഒരു ഹോബിയാണ്. മികവുറ്റ സാങ്കേതികതയൊന്നും അവകാശപ്പെടാനില്ലെങ്കിലും മൃണാളിന്റെ സത്യസന്ധമായ അഭിപ്രായപ്രകടനമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ മൃണാൾസ് ബ്ലോഗ്സിനെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വ്ളോഗാക്കി മാറ്റിയത്. തികച്ചും സ്വാഭാവികമായാണ് വീഡിയോയുടെ അവതരണം. കഴിക്കുന്ന ഭക്ഷണമെന്താണോ അതിന്റെ രുചി നാവിലെ രുചിമുകുളങ്ങളെ തൊട്ടുണർത്തുന്നത് മൃണാളിന്റെ മുഖഭാവങ്ങളിൽ നിന്ന് തന്നെ അറിയാം. 

ഫുഡ് വ്‌ളോഗിങ്ങിലേക്ക്

ഒരു കൊല്ലം മുന്‍പാണ് വ്‌ളോഗിങ്ങ് ആരംഭിക്കുന്നത്. വളരെ യാദൃശ്ചികമായാണ് ഈ മേഖലയിലേക്ക് ഞാനെത്തുന്നത്. ദുബായ്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടിങ്ങ് ഏജന്‍സി നടത്തുകയാണ് ഞാന്‍. വലിയൊരു  പ്രൊജക്ട് ഏറ്റെടുത്ത് നടത്തുന്നതിനിടയില്‍ ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അതില്‍ നിന്ന് ബ്രേക്ക് എടുക്കേണ്ടി വന്നു. അങ്ങനെയൊരു സമയത്താണ് വ്ളോഗിങ്ങ് എന്ന ആശയം മനസ്സിൽ വരുന്നത്. എന്റെ സുഹൃത്തിന്റെ കൈയില്‍ ക്യാമറയുമുണ്ട്. ഞാന്‍ പണ്ട് തൊട്ടെ ധാരാളം യാത്ര ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന ആളുമാണ്. 

അങ്ങനെ ഞാനും ഭാര്യയും സുഹൃത്തുക്കളും കൂടി ഒരു മൂന്നുദിവസത്തെ ട്രിപ്പിന് പോയി. തമിഴ്നാട്ടിലേക്കാണ് പോയത്. ഫുഡാണ് പ്രധാനപ്പെട്ട അജണ്ട. അങ്ങനെ കഴിക്കുന്നതെല്ലാം സുഹൃത്ത് വീഡിയോ എടുത്ത് കാണിച്ചുതന്നു. കുഴപ്പമില്ലെന്ന് തോന്നിയത് കൊണ്ട് യൂട്യൂബില്‍ അപ് ലോഡ് ചെയ്തു. പിന്നീട് ഞാന്‍ ഇത് സ്ഥിരമാക്കി. ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിട്ടല്ല യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യ്തത്. എല്ലാം സ്വാഭാവികമായി സംഭവിക്കുകയായിരുന്നു അതിനുവേണ്ടി യാതൊരു തയ്യാറെടുപ്പുകളും ചെയ്തിരുന്നില്ല. 

ആദ്യമൊന്നും വീഡിയോസ് ആരും കാണുന്നുണ്ടായിരുന്നില്ല. അതിനിടയിൽ ഞാനൊരു ഭൂട്ടാന്‍ യാത്ര പോയി. അവിടെ ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ചിരുന്നില്ല. തിരിച്ച് ഡല്‍ഹിയിലെത്തി യൂട്യൂബ് തുറന്നപ്പോഴാണ്ഞാന്‍ കോഴിക്കോട് പോയി ചെയ്ത വീഡിയോയ്ക്ക് വളരെ നല്ല വ്യൂവ്സ് കിട്ടിയെന്നറിയുന്നത്. കോഴിക്കോടുള്ള ചില ഹോട്ടലില്‍ പോയി അഭിപ്രായം പറയുന്ന വീഡിയോയായിരുന്നു അത്. ആ വീഡിയോ എല്ലാം മാറ്റി മറിച്ചു. അതിന് ശേഷം എനിക്ക് നല്ല ഹോട്ടലുകളുടെ വിവരങ്ങള്‍ ഒരോരുത്തര്‍ അയച്ച് തരാന്‍ തുടങ്ങി.

ഭക്ഷണപ്രേമം ജനിച്ചനാള്‍മുതലുണ്ട്

പണ്ട് മുതലേ ഭക്ഷണപ്രിയനാണ്. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് ഞാന്‍. വീട്ടില്‍ നിന്ന് എന്‍ട്രന്‍സ് കോച്ചിങ്ങിന് പയ്യന്നൂരിലേക്ക് പോയിരുന്നു. കോച്ചിങ്ങിന്റെ പേരും പറഞ്ഞ്  ഹോട്ടലില്‍ പോയി ഫുഡ് തിരയുകയാണ് പരിപാടി. ആദ്യം പയ്യന്നൂരായിരുന്നു പ്രധാനകേന്ദ്രമെങ്കിൽ പിന്നീട് അടുത്തുള്ള നഗരത്തിലേക്കായി. നീലേശ്വരം, കാഞ്ഞാങ്ങാട് അങ്ങനെ ആ രുചിയാത്ര കുറച്ചുനീണ്ടു. അന്നൊക്കെ കോഴിക്കോടേക്ക് ആരെങ്കിലും പോയാല്‍ പാരഗണ്‍ ഹോട്ടലിലെ ബിരിയാണി വിശേഷം പറയുന്നത് പതിവായിരുന്നു.

എങ്കിൽ പിന്നെ അത് കഴിക്കാം എന്ന്  തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ക്ലാസിനെന്ന പേരില്‍ വീട്ടിൽ നിന്നിറങ്ങി കോഴിക്കോട് വന്ന് ബിരിയാണി കഴിച്ചു. എന്നിട്ട് അതേ ബസ് തിരിച്ച് പോവുമ്പോള്‍ വീട്ടിലേക്ക് പോയി. എന്റെ അമ്മ കഷ്ടപ്പെട്ട് തയ്യാറാക്കുന്ന പൊതി ചോറൊക്കെ കാട്ടില്‍ കളഞ്ഞാവും എന്റെ ഭക്ഷണ പരീക്ഷണം. അന്ന്  കഷ്ടപ്പെട്ട് കോഴിക്കോട് പോയത് പോലെ ഇന്ന് നല്ല ഫുഡ് ചന്ദ്രനിൽ കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ പണം സ്വരുക്കൂട്ടി അങ്ങോട്ട് പോകാനും തയ്യാറാണ്. 

വ്‌ളോഗിങ്ങ് എന്റെ ഹോബി

എനിക്ക് ഇതുവരെ വളോഗിങ്ങ് വഴി പൈസയൊന്നും കിട്ടിയിട്ടില്ല. ഞാന്‍ എന്റെ സ്വന്തം വരുമാനത്തില്‍ നിന്നാണ് ഇതൊക്കെ ചെയ്യുന്നത്. ഇത് വരെ 16 ലക്ഷം രൂപ എനിക്ക് ചെലവായിട്ടുണ്ട്. ഇന്നുവരെ ഒരു റെസ്റ്റോറന്റിന്റെ കൈയില്‍ നിന്നും പൈസ വാങ്ങിയിട്ടില്ല. എന്റെ കമ്പനി നന്നായി പോവുന്നത് കൊണ്ടാണ് എനിക്ക് നന്നായി വളോഗ് ചെയ്യാന്‍ പറ്റുന്നത്.

ഇങ്ങോട്ട് ഹോട്ടല്‍ റിവ്യൂവിന് വിളിക്കുന്നവരെ നല്ല വാക്ക് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. കാരണം ഇത് എന്റെ പ്രിയപ്പെട്ട ഹോബിയാണ്. ഞാന്‍ ഇതില്‍ കള്ളം കാണിക്കില്ല. ആരെങ്കിലും റെസ്റ്റോറന്റ് സജസ്റ്റ് ചെയ്യുമ്പോള്‍ തന്നെ ചോദിക്കും നിങ്ങള്‍ക്ക് അവരുമായിട്ടെന്താ ബന്ധമെന്ന് അത്തരത്തില്‍ ബന്ധമുണ്ടെങ്കില്‍ ഒഴിവാക്കുകയാണ് പതിവ്.ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ തീര്‍ത്തും വ്യക്തിപരമായ അഭിപ്രായമാണ് പറയുക. എനിക്ക് ഫീല്‍ ചെയ്ത അനുഭവവും നിങ്ങള്‍ക്ക് കിട്ടിയ അനുഭവവും വേറിട്ടതാവും.

പെയ്ഡ് റിവ്യു ചെയ്യുന്നവരോട് എതിര്‍പ്പില്ല

പൈസ വാങ്ങി ഹോട്ടല്‍ റിവ്യു ചെയ്യുന്നവരോട് എനിക്ക് ഒന്നും പറയാനില്ല എനിക്ക് യാതൊരു വിരോധവും ഇല്ല പറ്റാവുന്നത്ര സമ്പാദിച്ചോളൂ.. പക്ഷേ പൈസ വാങ്ങിയോണോ നിങ്ങളിത് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ''അതെ'' എന്ന് പറയാനുള്ള ധൈര്യം വേണം

ഹേറ്റ് കമന്റ്‌സിനോട് മുഖം തിരിക്കാറില്ല

എന്നെകുറിച്ച നല്ലത് പറയുന്നതിനേക്കാള്‍ ചീത്ത പറയുന്നതാണ് ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ട് തന്നെ നെഗറ്റീവ് കമന്റ്‌സ് ഡിലീറ്റ് ചെയ്യാറില്ല. അങ്ങനെ പറയുമ്പോഴാണ് എനിക്ക് എന്റെ കുറവുകള്‍ നന്നായി മനസിലാക്കാന്‍ പറ്റുന്നത്. കാര്യമുണ്ടെങ്കില്‍ അത് എടുക്കും അല്ലാത്തത് വിട്ടുകളയും. കമന്റുകള്‍ ഒരിക്കലും ഡിലീറ്റ് ചെയ്യാറില്ല.

ഒരുപാട് സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ചിട്ട് പണിയൊക്കെ കിട്ടിയിട്ടുണ്ട്.. ചിലപ്പോള്‍ അത് ഫുഡിന്റെ മാത്രമാവില്ല കുടിച്ച വെള്ളത്തിന്റെയൊക്കെയാവാം.പക്ഷേ കഴിച്ച് എല്ലാവര്‍ക്കും പണികിട്ടുകയാണെങ്കില്‍ അത് ഫുഡിന്റെ തന്നെയാണെന്ന് ഉറപ്പിക്കും

നിരവധി രുചിയിടങ്ങള്‍

കോഴിക്കോടുള്ള പാരഗണും തിരുവനന്തപുരത്തെ വഴിയോരകടയും തമിഴ് നാട്ടിലെ റായര്‍ മെസ്സും അങ്ങനെ ഒരുപാട് പ്രിയപ്പെട്ട ഇടങ്ങൾ ഉണ്ട്. ഇന്ത്യക്ക് പുറത്തും ഒരുപാട് ഇഷ്ടപ്പെട്ട രുചിയിടങ്ങളുണ്ട്.

Content Highlights: Interview mrinal venkalath food vlogger