'കുക്കിങ് എന്റെ പ്രൊഫഷന്‍ ആയി മാറുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.' എന്നാലിപ്പോള്‍ ഫെയ്സ്ബുക്കിലെ 'ജെനീസ് കേക്ക് കോര്‍ണര്‍' എന്ന പേജില്‍ നിറയുന്ന കസ്റ്റമൈസ്ഡ് കേക്കുകളാണ് ജെനി ജോണിന്റെ സംരംഭം. പ്രമോഷനും വിപണിയുമെല്ലാം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴി തന്നെ. 

വരയ്ക്കാനുള്ള ഇഷ്ടം 

ശരിക്കും എനിക്ക് കുക്കിങിനോട് ഒരു താല്‍പര്യവുമില്ലായിരുന്നു. പഠിച്ചത് മൈക്രോബയോളജി ആണ്.  കരിയര്‍ ചേഞ്ചിന് വേണ്ടി ഒരു ന്യൂജനറേഷന്‍ ബാങ്കില്‍ ജോലിക്കും കയറി. വിവാഹം കഴിഞ്ഞ് കുട്ടികളും കുടുംബവുമൊക്കെയായി ജീവിതത്തില്‍ തിരക്കായി. ജോലി വിട്ട് വീട്ടില്‍ തന്നെയായിരിക്കേണ്ടി വന്നതിന്റെ ബോറഡി മാറ്റാനാണ് കണ്ടന്റ് റൈറ്റിങ് തുടങ്ങിയത്. പിന്നെ ബ്ലോഗിങ്ങിലായി പരീക്ഷണം. ഭക്ഷണം, അതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി, കഥകള്‍, ഓരോ നാട്ടിലെയും ഭക്ഷണം... അങ്ങനെ. മകളുടെ രണ്ടാം പിറന്നാളിനാണ്  ആദ്യമായി കേക്ക് പരീക്ഷണം നടത്തുന്നത്. വാനില കേക്ക്. അതൊരു ദുരന്തമായിരുന്നു. പക്ഷേ ക്രിയേറ്റീവ് കാര്യങ്ങള്‍ എനിക്കിഷ്ടമായി. കേക്ക് അലങ്കരിക്കുന്നതും, വ്യത്യസ്തത നല്‍കുന്നതുമൊക്കെ.

കേക്കിന് വേണ്ടി ആഘോഷങ്ങള്‍

അമ്മ കേക്കൊക്കെ അടിപൊളിയായി ഉണ്ടാക്കും. പുള്ളിക്കാരിയോട് ചോദിച്ച് കാര്യങ്ങള്‍ പഠിച്ചു. പിന്നെ ഷുഗര്‍, ഫ്ളേവേഴ്സ് പോലുള്ള ബേസിക് കാര്യങ്ങള്‍ പഠിക്കാന്‍  യൂട്യൂബിലൊക്കെ കേക്ക് മേക്കിങ് വീഡിയോകള്‍ കണ്ടു. കേക്ക് ഉണ്ടാക്കാന്‍ വേണ്ടി തന്നെ ആഘോഷങ്ങള്‍ കണ്ടുപിടിച്ചു. ബന്ധുക്കളുടെ വിവാഹവാര്‍ഷികം, ജന്മദിനം...ഇങ്ങനെ ഓരോന്നിനും കേക്കുകള്‍ നല്‍കി. അവര്‍ പോരായ്മകളും നല്ലതുമൊക്കെ ഓപ്പണായി പറഞ്ഞതോടെ ധൈര്യമായി.  ആദ്യം ഒരു ഫെയ്സ്ബുക്ക്  പേജ് തുടങ്ങി. കേക്കുകളുടെ വിലയും ചെറിയ വിവരണവും ചിത്രവും ഒക്കെ പോസ്റ്റ് ചെയ്തു. പതിയെ  കസ്റ്റമേഴ്സിന്റെ വിളിയെത്തി. 

തീം കേക്കുകളാണ് കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നത്.  ഐഡിയകള്‍ ഇന്റര്‍നെറ്റില്‍ നോക്കി കോപ്പിയടിക്കരുതെന്നാണ് ജെനിയുടെ അഭിപ്രായം. 'ആവശ്യക്കാരന്റെ മനസ്സിലുളള ഐഡിയ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടേ ഞാന്‍ ഓര്‍ഡര്‍  എടുക്കൂ.' കുട്ടികളുടെ ബര്‍ത്ത്ഡേ കേക്ക് ചെയ്യാനാണ് ബുദ്ധിമുട്ടെന്ന് ജെനി. 'മിക്കവാറും കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ഷേപ്പായിരിക്കും വേണ്ടത്. ഛോട്ടാ ഭീം, ഡോറ, സ്പൈഡര്‍മാന്‍, അവഞ്ചേഴ്സ് അങ്ങനെ' കേക്കിലെ ട്രെൻഡുകൾ എപ്പോഴും മാറിക്കൊണ്ടിരിക്കും എന്നാണ് അനുഭവം. 'ചെറിയ തീം കേക്കുകളാണെങ്കില്‍ രണ്ട് ദിവസം മുന്‍പെങ്കിലും ഓര്‍ഡര്‍ തരണം. വലിയ കേക്കുകള്‍ക്ക് ഒരാഴ്ചയെങ്കിലും വേണം.' 

ലാഭം
ക്രിസ്മസ് പോലുള്ള സീസണുകളില്‍ കേരളത്തിന് പുറത്ത് നിന്നും ആവശ്യമെത്താറുണ്ട്. അലര്‍ജിയുള്ള കുട്ടികള്‍ക്ക് റാഗി കുക്കീസ് ഒക്കെ ഓര്‍ഡറനുസരിച്ച് ലഭ്യമാക്കും. ചിലര്‍ ഹെല്‍ത്ത് ഫ്രീക്സ് ആയിരിക്കും. കാലറി കുറഞ്ഞ കുക്കീസാണ് അവര്‍ക്കുള്ള പ്രോഡക്ട്. ഗ്ലൂട്ടന്‍ അലര്‍ജ്ജിയുള്ളവര്‍ക്ക് ആല്‍മണ്ട് ഫ്ളോറാണ് ഉപയോഗിക്കുന്നത്. പ്രമേഹരോഗികള്‍,വീഗന്‍ ഡയറ്റുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം കുക്കികളുണ്ട്. ഓരോന്നിനും വിലയും വ്യത്യസ്തമാണ്. കേക്കുകള്‍ക്ക് 2500 മുതല്‍ മുകളിലേയ്ക്കാണ് വില. 

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)


g  പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Jenny john interview