രോഗ്യകരമല്ലാത്ത ഒരു ഭക്ഷ്യസംസ്‌കാരമാണ് ജങ്ക് ഫുഡുകളിലൂടെ വളര്‍ത്തുന്നത്. ശരീരത്തിന് യാതൊരു തരത്തിലും ഗുണമില്ലെന്ന് മാത്രമല്ല ഇത് ജീവിത ശൈലീരോഗങ്ങളെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. ഭക്ഷ്യ സുരക്ഷ അതോറിറ്റി സ്‌കൂള്‍ കാന്റീനിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിക്കാനൊരുങ്ങുന്ന നടപടി ഭൂരിഭാഗം പേരും സ്വാഗതം ചെയ്യുകയാണ്. മാറി വരുന്ന ഭക്ഷ്യസംസ്‌കാരത്തെയും ജങ്ക്ഫുഡുകളെയും  കുറിച്ച് ഡയറ്റീഷ്യന്‍ ശ്രീദേവി ജയരാജ് മാതൃഭൂമി ഡോട്ട് കോമിനോട്‌ സംസാരിക്കുന്നു.

ശുന്യ ഊര്‍ജം മാത്രമുള്ള ജങ്ക് ഫുഡ്

ആരോഗ്യത്തിന് യാതൊരു വിധത്തിലും ഗുണം ചെയ്യാത്ത 'ശൂന്യ ഊര്‍ജം'  ( Empty calories)മാത്രമുള്ള ഭക്ഷണമാണ് ജങ്ക്ഫുഡ്. ശരീരത്തിന്  യാതൊരു തരത്തിലുള്ള പോഷകങ്ങളും ഈ ഭക്ഷണം നല്‍കുന്നില്ല. ഇത്തരത്തിലുള്ള എല്ലാ ഭക്ഷണങ്ങളും ജങ്ക്ഫുഡ് ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഫ്രൂട്ട് ജ്യൂസ് എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്നതും ജങ്ക് ഫുഡാണ്. ഇതില്‍ പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം മാത്രമേ പഴച്ചാറുകള്‍ അടങ്ങിയിട്ടുള്ളു, ബാക്കിയെല്ലാം ശരീരത്തിന് ഉപയോഗമില്ലാത്ത പദാര്‍ഥങ്ങളാണ്.

സ്‌കൂളുകളിലെ നിരോധനം മികച്ച തീരുമാനം

ഒരു മാസം മുന്‍പ് വരെ ഫുഡ് സേഫ്റ്റി അധികൃതര്‍ ഇതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. ഇതിന്റെ ലഭ്യത കുറയ്ക്കുകയെന്നതാണ് ഈ പ്രശ്‌നത്തിനൊരു പരിഹാരം. കുട്ടികളെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നതിന് പകരം അവര്‍ക്കിതിന്റെ ലഭ്യത കുറയ്ക്കുകയാണ് വേണ്ടത്. കുട്ടികളില്‍ നിന്നും തീര്‍ത്തും അകറ്റി നിര്‍ത്തേണ്ട ഭക്ഷണരീതിയാണിത്. പുകയില ഉത്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് നിരോധിക്കുന്നത് പോലെ തന്നെ ഇത്തരം ഭക്ഷണ പദാര്‍ഥങ്ങളും ഒഴിവാക്കണം. സാധാരണ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളെ വച്ച് നോക്കുമ്പോള്‍ ഇതൊരു വെറെറ്റി ഭക്ഷണമാണ്. ഉപ്പ്, മധുരം, എണ്ണ എന്നിവ അമിതമായുള്ള ഭക്ഷണങ്ങളോട് നമുക്ക്‌ താത്പര്യം വളരെ കൂടുതലാണ്. അതു തന്നെയാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. 

ആരോഗ്യത്തിന് ഹാനികരം

ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ ഒരുപാടിരട്ടി ശൂന്യ ഊര്‍ജം ചെറിയ അളവിലുള്ള ജങ്ക് ഫുഡില്‍ നിന്ന് പോലും ലഭിക്കുന്നു. ഉദാഹരണത്തിന് പോഷകസമ്യദ്ധമായ ഭക്ഷണത്തില്‍  നിന്ന് കിട്ടേണ്ട ഊര്‍ജം ചെറിയ അളവിലുള്ള ജങ്ക് ഫുഡില്‍ നിന്ന് കിട്ടും. എനര്‍ജി ഡെന്‍സിറ്റി വളരെ കൂടുതലാണ്. ഒരു ദിവസത്തില്‍ നമുക്ക് ആവശ്യമുള്ള ഊര്‍ജത്തില്‍ നിന്ന് വളരെ കൂടുതലാണിത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനം മറ്റു പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാതിരിക്കുന്നതിന് കാരണമാവുന്നു. ഇത് അമിത വണ്ണം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങി നിരവധി തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാവുന്നു.

ഇതിലെ അഡിറ്റീവ്‌സ്  (ഭക്ഷണത്തില്‍ അധികമായി ചേര്‍ക്കപ്പെടുന്ന വസ്തു) പെണ്‍കുട്ടികള്‍ വളരെ പെട്ടെന്ന് പിരീഡ്‌സ്‌ (early menarche) ആവുന്നതിന് ഒരു കാരണമാണ്, ഇത്തരത്തില്‍ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്ന അമിത കൊഴുപ്പും ഇതിനൊരു കാരണമാണ്.

മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം

ഈ പ്രശ്‌നത്തില്‍ മാതാപിതാക്കള്‍ക്കും വലിയൊരു പങ്കുണ്ട്. അവര്‍ ആദ്യം ഇത് ഒറ്റയ്ക്ക് വാങ്ങി കഴിക്കുന്നതല്ലല്ലോ..കുട്ടികള്‍ക്ക് ഇതൊക്കെ വാങ്ങി നല്‍കുന്നത് ഒഴിവാക്കുക. ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ ശീലമാക്കുക. ബ്രഡ്, ബട്ടര്‍ എന്നിവയൊക്കെ മാറ്റി നമ്മുടെ പാരമ്പരാഗത ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കുന്നത് തന്നെയാണ് നല്ലത്. കുട്ടികളെ ഈ ഭക്ഷണരീതി ശീലിപ്പിക്കാതിരിക്കുക, അതാണ് പ്രധാനം. ഒപ്പം വെള്ളം ധാരാളം നല്‍കുക.

മികച്ച ഡയറ്റ്

അന്നജം, മാംസം, തുടങ്ങി എല്ലാ തരത്തിലുള്ള പോഷകങ്ങളും ക്യതമായ അളവില്‍ ലഭിക്കുന്ന ഭക്ഷണരീതിയാണ് പിന്തുടരേണ്ടത്. മൈപ്ലേറ്റ് ന്യൂട്രീഷന്‍(myplate nutrition) എന്ന രീതി ഇതിന് ഉദാഹരണമാണ്. പ്ലേറ്റിന്റെ പകുതി ഭാഗത്തോളം പച്ചക്കറികളും പഴങ്ങളും ബാക്കി വരുന്ന ഭാഗത്ത് അരിയാഹാരങ്ങളും പയര്‍ വര്‍ഗങ്ങളും മാംസാഹരവുമാക്കുക എന്നതാണ്‌ ഇതിന്റെ ആശയം. ഇതൊന്നും നമ്മള്‍ പിന്തുടരാറില്ല എന്നതാണ്‌ പ്രധാന പ്രശ്‌നം.

മാര്‍ഗ നിര്‍ദേശമില്ലാതെ ഡയറ്റുകള്‍ അപകടം

ഒരുപാട് തരത്തിലുള്ള ഡയറ്റുകള്‍ ശ്രദ്ധേയമാണ്. ഭാരം കുറയ്ക്കാനാണ് ഇവയെല്ലാം പിന്തുടരുന്നത്. കീറ്റോ ഡയറ്റ് എന്നൊക്കെ പറയുന്നത് ശരീരത്തിന്റെ മെറ്റബോളിക്ക് പ്രവര്‍ത്തനങ്ങളെ മാറ്റിമറിയ്ക്കുന്നതാണ്. അറുപത് മുതല്‍ അറുപത്തഞ്ച് ശതമാനം അന്നജം കൊണ്ടുള്ള ഊര്‍ജം നമ്മുടെ ശരീരത്തിന് ആവശ്യമാണ് ഇതിന് വിപരീതമായി അഞ്ച് മുതല്‍ പത്ത് ശതമാനമാക്കി കുറച്ച് കൊഴുപ്പ്  കൂടുതല്‍ ശരീരത്തിന് നല്‍കുന്ന രീതിയാണ് കീറ്റോ ഡയറ്റ്. മാത്രമല്ല കൊഴുപ്പിന്റെ എന്‍ഡ് പ്രോഡക്റ്റുകളായ കീറ്റോണുകള്‍ രക്തത്തില്‍ അടിഞ്ഞു കൂടുന്നു ശരിയായ നിര്‍ദേശങ്ങളില്ലാതെ ഇത് പിന്തുടര്‍ന്ന് പോവുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കീറ്റോ എന്നല്ല മറ്റേത് തരത്തിലുള്ള ഡയറ്റാണെങ്കിലും ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെയ്യരുത്. ജീവിതകാലം മുഴുവന്‍ ഇത്തരത്തിലുള്ള ഡയറ്റ് മുന്നോട്ട് കൊണ്ടുപോവുന്നത് പ്രയോഗികമല്ല. സാധാരണ ഡയറ്റിലേക്ക് തിരികേ വരുമ്പോള്‍ മറ്റു പല പ്രത്യാഘാതങ്ങളും വരാം. 

കേരളത്തിലെ പരമ്പരാഗരത ഭക്ഷണരീതി മികച്ചതാണ്

ന്യൂട്രീഷന്‍ സയന്‍സ് പ്രകാരം മികച്ച സമീക്യത ഭക്ഷണരീതിയാണ് കേരളത്തിലേത്‌. ക്യത്യമായുള്ള അളവില്‍ പയര്‍, പരിപ്പ്, പച്ചക്കറികള്‍ അങ്ങനെ എല്ലാത്തരം ഭക്ഷണങ്ങളും ക്യത്യമായ അളവില്‍ കഴിക്കുന്ന രീതിയാണിത്.

Content Highlights: interview with dietitian sreedevi jayaraj