ക്ഷണത്തിനോടുള്ള ഇഷ്ടമാണ് എല്ലാം തുടങ്ങിവച്ചത്. വ്ലോഗിങ് എന്നൊന്നും അന്ന് അറിയില്ലായിരുന്നു. നല്ല ഭക്ഷണം എവിടെയായാലും അവിടെ പോയി കഴിക്കും. ഇന്‍സ്റ്റാഗ്രാമിലൂടെയും ടിക് ടോകിലൂടെയും നാടെങ്ങുമുള്ള പലതരം ഭക്ഷണങ്ങളെ നമ്മള്‍ക്കു പരിചയപ്പെടുത്തുന്ന ഫുഡ് വ്ലോഗറാണ് ഫുഡ്ഹണ്ടര്‍ സാബു. അതൊരു വേട്ട തന്നെയാണ്. ഭക്ഷണവേട്ട. ഈ പേര് ഇടാനുള്ള ആശയവും അത് തന്നെയാണ് എന്നാണ് സാബു പറയുന്നത്. സാബുവിന് ഭക്ഷണത്തിനെക്കുറിച്ച് പറയുമ്പോള്‍തന്നെ ബിരിയാണി കഴിക്കുന്ന ആവേശമാണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് സാബു. ഉമ്മര്‍ സാബുവെന്നാണ് മുഴുവന്‍ പേര്. എന്‍ജിനീയറിങ് ബിരുദധാരിയായ സാബുവിന് പക്ഷേ ഭക്ഷണത്തിന്റെ എന്‍ജിനീയറിങാണ് കൂടുതല്‍ താത്പര്യം. തന്റെ പേജിനെക്കുറിച്ചും ഭക്ഷണയാത്രകളെക്കുറിച്ചും ഫുഡ്ഹണ്ടറുമായുള്ള സംഭാഷണത്തില്‍ നിന്ന്...

ഉമ്മര്‍ സാബുവില്‍ നിന്നും ഫുഡ്ഹണ്ടര്‍ സാബുവിലേക്ക്...

കൃത്യമായി പറഞ്ഞാല്‍ 2007-ല്‍ തുടങ്ങിയതാണ് ഈ ഹണ്ടിങ്. തൃശ്ശൂരില്‍ എന്‍ട്രന്‍സ് കോച്ചിങിന് ചേര്‍ന്ന സമയമാണ്. അവിടെ ഹോസ്റ്റലില്‍ നിന്നും വൈകീട്ട് ഇതിനായി ഇറങ്ങും. ടൗണില്‍ പോയി പുതിയ എന്തെങ്കിലും കഴിക്കും തിരിച്ചു വരും. ഈ താത്പര്യമാണ് എന്‍ജിനീയറിങ് പഠിക്കാന്‍ മെറിറ്റില്‍ പാലക്കാട് തന്നെ സീറ്റ് കിട്ടിയിട്ടും എറണാകുളത്തേക്ക് പോയതിന് പിന്നില്‍. അവിടുത്തെ കായിസ്, ഹനീഫിക്ക എന്നൊക്കെ നമ്മള്‍ അന്നൊക്കെ കേട്ടിട്ടേയുള്ളൂ. അപ്പോള്‍ അതെല്ലാം പരീക്ഷിക്കണമെന്ന ആഗ്രഹമാണ് എന്നെ എറണാകുളത്ത് എത്തിച്ചത്. ആ സമയത്തും പക്ഷേ ഫോട്ടോ എടുത്ത് സൂക്ഷിക്കുക അങ്ങനെയൊന്നുമില്ല. പോകും കഴിക്കും തിരിച്ചുവരും. പിന്നീട് ബിസിനസ് തുടങ്ങിയ സമയത്ത് പെരിന്തല്‍മണ്ണയിലുള്ള കുറച്ചു സുഹൃത്തുക്കളാണ് എനിക്ക് ഇന്‍സ്റ്റഗ്രാം എന്ന പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തി തരുന്നത്. അത് 2016-ലാണ്. അന്നുണ്ടായിരുന്നത് എന്റെ പേഴ്‌സണല്‍ അക്കൗണ്ടാണ്. അത് പിന്നീട് ഫുഡ് മാത്രമാക്കി പേജ് ആക്കിയത് 2017-ലാണ്.

പ്രധാന ഹണ്ടിങ് സ്ഥലങ്ങള്‍

നാടന്‍ ഭക്ഷണശാലകള്‍, ചെറിയ ഹോട്ടലുകള്‍, അധികം ആര്‍ക്കും അറിയാത്ത ഇടങ്ങള്‍ എന്നിവയാണ് ഞാന്‍ പ്രധാനമായും തപ്പി പോകുക. കാരണം അവിടെ ഉറപ്പായും എന്തെങ്കിലും ഒരു പ്രത്യോക രുചി നമ്മളെ കാത്തിരിപ്പുണ്ടാകും. തീര്‍ച്ച. അങ്ങനെയുള്ള വീഡിയോസാണ് കൂടുതലും ആളുകള്‍ക്ക് കാണാന്‍ ഇഷ്ടം. ആദ്യമൊക്കെ പക്ഷേ ഫോട്ടോസ് മാത്രമായിരുന്നു ഇട്ടിരുന്നത്. കാരണം അന്നൊന്നും ഈ വ്‌ലോഗിങിനെക്കുറിച്ചൊന്നും അറിയില്ല. ഭക്ഷണം കഴിക്കുന്നു ചിലത് ഫോട്ടോസ് എടുത്ത് പങ്കുവെക്കുന്നു. അതില്‍ കൂടുതല്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 

മലയാളിയുടെ വിഭവങ്ങൾ വൈദേശീയവർക്ക് വരെ വിളമ്പി വിസ്മയിപ്പിച്ച നമ്മുടെ സ്വന്തം @chef_pillai യുടെ മാസ്റ്റർപീസ് മീൻ തേങ്ങാപ്പാലിൽ പൊള്ളിച്ചത്. ചെറിയൊരു ഉടായിപ്പ് കാണിച്ചിട്ടുണ്ട്, മനസ്സിലായവർ നാറ്റിക്കരുത് 😉😜 #clubwayanadan #wayanadan #coronamemes #coronadays #homemade #homechef #cooking #cookingram #cookingclass #keralatalents #keralaproud #instamalayali #mallumemes #f52grams #chefdiaries #travelstyle #kochin

A post shared by foodhunter_sabu (@foodhunter_sabu) on

ഉത്തരേന്ത്യന്‍ വ്ലോഗര്‍മാരുടെയൊക്കെ വീഡിയോസും ഫോട്ടോസുമൊക്കെ കണ്ടു തുടങ്ങിയപ്പോഴാണ് എനിക്കും അങ്ങനെ ചെയ്യണമെന്ന തോന്നല്‍ വന്നത്. ആ കാലത്ത് ഇവിടെ അധികം അങ്ങനെ ചെയ്യുന്നവര്‍ ഇല്ലെന്ന് തന്നെ പറയാം. ഡല്‍ഹിയിലും മുബൈയിലും അത് അന്ന് ട്രെന്‍ഡിങ് ആയ കാലമാണ്. ചെറിയ സ്ഥലങ്ങളാണ് ഞാന്‍ പൊതുവെ തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതല്‍ പോകുന്ന രണ്ട് സ്ഥലങ്ങള്‍ കൊച്ചിയും കോഴിക്കോടുമാണ്. അവിടുത്തെ  ഭക്ഷണവൈവിധ്യം ഏറെക്കുറേ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്.

ഭക്ഷണയാത്രകളും സുഹൃത്തുകളും

രണ്ടാഴ്ച കൂടുമ്പോഴൊക്കെ പാലക്കാട് നിന്നും ട്രെയിന്‍ പിടിച്ച് എറണാകുളത്ത് പോകും. അവിടെ ഇതുപോലെ ഭക്ഷണം ഇഷ്ടപ്പെടുന്ന കുറച്ചു സുഹൃത്തുകളുണ്ട്. അവരുമായി പോയി കഴിക്കും ഫോട്ടോസ് എടുക്കും പോയാല്‍ കുറഞ്ഞത് ഒരു 12 സ്ഥലങ്ങളില്‍ എങ്കിലും പോകാന്‍ ശ്രമിക്കും. കോഴിക്കോട്, തൃശ്ശൂര്‍ തുടങ്ങിയ മിക്ക ജില്ലകളിലേയും കുഞ്ഞു ഭക്ഷണശാലകളെല്ലാം ഞങ്ങളുടെ പ്രിയ ഇടങ്ങളാണ്. 

 
 
 
 
 
 
 
 
 
 
 
 
 

തൃശ്ശൂർ കാരുടെ അഹങ്കരം ആണ് അതിരപ്പിള്ളി റൂട്ടിലെ വസ്‌വേട്ടന്റെ കട. ഇങ്ങോട്ടേക്കു മാത്രമായി പല തവണ വീട്ടിൽ നിന്നും 200 km ബൈക്ക് ഓടിച്ചു വന്നിട്ടുണ്ട്. ഒരു വീഡിയോ ചെയ്യണം എന്ന് ഒരുപാട് നാളായി കരുതി ഇരുന്നതാണ്. @ajmal_khan_ നാടൻ ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോ ഒന്നും നോക്കിയില്ല, നേരെ വിട്ടു. #foodies #thrissur #thrissurfoods #keralatourism #dubaiblogger #dubaitourism #lifestyleblogger #ajmalkhan #jumanakhan ##foodhunter_sabu

A post shared by foodhunter_sabu (@foodhunter_sabu) on

ഏറ്റവും നീണ്ട ഒരു ഫുഡ്ഹണ്ട് യാത്ര പറയുകയാണെങ്കില്‍ അത് തിരുവനന്തപുരത്തേക്ക് പോയതായിരിക്കും. അത് എറണാകുളത്തുനിന്നും തുടങ്ങി ഏഴോളം ജില്ലകളിലെ സ്ഥലങ്ങളില്‍ പോയിട്ടാണ് തിരുവനന്തപുരത്തേക്ക് പോയത്‌. മറ്റൊരു കാര്യം എന്താണെന്നു വെച്ചാല്‍, ഫുഡ്ഹണ്ടിനായി പോയാല്‍ അത് മാത്രമായിരിക്കും ഞങ്ങളുടെ പ്രധാന ലക്ഷ്യം അതില്‍ സ്ഥലങ്ങള്‍ കാണുക എന്നത് ഉണ്ടാവില്ല. എന്നാല്‍ അവിടെയുള്ള ഒരു സ്ഥലം പോലും കണ്ടിട്ടില്ല.

പാലക്കാട് നിന്നും തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇതുപോലെ മൂന്നു ദിവസത്തേക്കായി പോയിട്ടുണ്ട്. അന്ന് 40-ലധികം സ്ഥലങ്ങളാണ് ഞങ്ങള്‍ പോയത്. അന്ന് ഞാനും ഭാര്യയുമായിട്ടാണ് പോയത്. പേജില്‍ ഇടാന്‍ വേണ്ടി ആരുടെയും ഫോട്ടോസ് മേടിക്കാറില്ല. ഞാന്‍ പോയി കഴിക്കുന്നതിന്റെ മാത്രമേ ഫോട്ടോയോ വീഡിയോയോ എടുത്ത് പങ്കുവെയ്ക്കാറുള്ളൂ. നല്ലതാണെന്ന് എനിക്ക് കഴിച്ച് ഇഷ്ടപ്പെടുന്നതാണ് ഞാന്‍ മറ്റുള്ളവര്‍ക്കായി നിര്‍ദേശിക്കാറുള്ളത്. അതില്‍ ആരുടെയും മറ്റ് താത്പര്യങ്ങളും പരിഗണിക്കാറില്ല.

 

ഔട്ട്‌സൈഡ് ഫുഡ്ഹണ്ട് അനുഭവങ്ങള്‍

ചെന്നൈയില്‍ മാത്രം കിട്ടുന്ന വലിയൊരു താലി കഴിക്കാന്‍ വേണ്ടി പോയതായിരിക്കും എടുത്ത് പറയേണ്ടത്. ബാഹുബലി താലി എന്നാണ് അത് അറിയപ്പെടുന്നത്. നൊങ്കംപാക്കം പൊന്നുസ്വാമി ഹോട്ടലിലാണ് അത് കിട്ടുക. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്. അല്ലാതെ ഇവിടുന്ന് അത് അങ്ങനെ ആരും പറഞ്ഞ് കേട്ടിട്ടില്ല. അങ്ങനെ അവിടെ ഈ ഫുഡ് വ്ലോഗിങ്ങൊക്കെ ചെയ്യുന്നവരെ കണ്ടുപിടിച്ച് അവരോടൊപ്പമാണ് പോയത്. ഫുഡ്‌റൈഡര്‍ എന്ന നാട്ടിലെ ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടിയാണ് പോയത്‌. ഏതാണ്ട് 50-ല്‍ പരം വിഭവങ്ങളുണ്ട് താലിയില്‍. വില 1599 രൂപയാണ്. രുചി ശരിക്കും അനുഭവിച്ചറിയേണ്ട ഒന്നാണ്. അത് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല.

അവിടുത്തെ മറ്റൊരു പ്രത്യേകത ബിരിയാണിയാണ്. ചെന്നൈയില്‍ മാത്രം കിട്ടുന്ന പലതരം ബിരിയാണികളുണ്ട്. അത് നമ്മളുടെ നാട്ടിലെ ബിരിയാണി പോലെയല്ല. രുചിയിലും ഉണ്ടാക്കുന്ന രീതിയിലും എന്തിന് വാസനയില്‍ പോലും വ്യത്യസ്തമാണ്. രാവിലെ 4 മണിക്ക് ഇറങ്ങിയാല്‍ ബിരിയാണി കിട്ടുന്ന ചെറിയൊരു കടയുണ്ട് അവിടെ. കെ.ജി.എന്‍. ആര്‍ഫ എന്നാണ് പേര്. അവിടെ പോയി കഴിച്ചു. പിന്നെ ചെന്നൈയില്‍ 12 മണിക്ക് ശേഷം ആക്ടീവാകുന്ന സ്ഥലങ്ങളുണ്ട്. അതില്‍ മോരുതാത്ത കടയെന്നൊരെണ്ണമുണ്ട്. ഉന്തുവണ്ടിയിലാണ്  വില്‍ക്കുന്നത്. ബീച്ചിന്റെ ഭാഗത്താണ് നില്‍ക്കുക. ആ മോര് കുടിക്കാന്‍ വേണ്ടി മാത്രം വരുന്ന ആളുകളുണ്ട്. പുള്ളി വരുന്നതും കാത്ത് നില്‍ക്കും. മോരില്‍ മിക്സ്ചറില്‍ കാണുന്ന മോത്തികള്‍ ഇട്ടിട്ടുണ്ടാകും, മാങ്ങ മുറിച്ചിട്ടുണ്ടാകും. ഭയങ്കര രുചിയാണ് ആ മോരിന്. 

ഇന്‍സ്റ്റയില്‍ മാത്രമല്ല, ടിക് ടോകിലും സ്റ്റാറാണ് ഹണ്ടിങ്

തുടങ്ങുമ്പോള്‍ ഇന്‍സ്റ്റഗ്രാം മാത്രമായിരുന്നു. ടിക് ടോക് തുടങ്ങിയത് വൈകിയാണ്. വളരെ സാധാരണക്കാരായ കാഴ്ചക്കാരാണ് ടിക് ടോകിലുള്ളത്. ആ ഒരു സ്വഭാവമല്ല ഇന്‍സ്റ്റയിലേത്. അതുകൊണ്ട് തന്നെ നമ്മള്‍ നാടന്‍ രുചികള്‍ പങ്കുവെയ്ക്കുമ്പോള്‍ അതിന് കാഴ്ചക്കാര്‍ കൂടുതല്‍ കിട്ടുന്നത് തീര്‍ച്ചയായും ടിക് ടോകിലാണ്.

ഏകദേശം 10 ലക്ഷത്തിലധികം സ്ഥിരം കാഴ്ചക്കാരുണ്ട് ടിക് ടോകിലെ വീഡിയോസിന്. പല വീഡിയോകളും നമ്മള്‍ ആരാധിക്കുന്ന ഷെഫുമാരൊക്കെ അതില്‍ നിന്നും പങ്കുവെച്ച് കാണുമ്പോള്‍ വലിയ സന്തോഷം തോന്നും. 

വയറുനിറയെ അല്ല മനസ് നിറയാനാണ് ഭക്ഷണം

ഓടി നടന്ന് കഴിക്കുമ്പോള്‍ ആരോഗ്യം ശ്രദ്ധിക്കുന്നതെങ്ങനെ എന്ന് പലരും ചോദിക്കുന്നതാണ്. അതിന് ഞാന്‍ പറയുന്ന മറുപടി സ്മാര്‍ട്ട് ഈറ്റിങാണ്. ഈ കാണുന്നതെല്ലാം വലിച്ചുവാരി കഴിക്കില്ല. രുചിച്ച് നോക്കുക മാത്രമാണ് എന്നതാണ് എന്റെ ആശയം. കാരണം എപ്പോഴും നമ്മള്‍ വയറുനിറയെ കഴിക്കണമെന്നില്ല. നല്ല രുചിയും വാസനയും കിട്ടിയാല്‍ തന്നെ മനസ് നിറയും. എവിടെ പോയാലും ഞങ്ങള്‍ മൂന്ന്-നാല് പേരു ചേര്‍ന്നാണ് പോവുക. കഴിക്കുന്നത് പങ്കുവെച്ച് കഴിക്കും. അതിലൂടെ ആരോഗ്യത്തിനും പ്രശ്‌നമില്ല. പിന്നെ എന്ത് കഴിച്ചാലും അധികം വണ്ണം വെയ്ക്കാത്ത ശരീരപ്രകൃതിയാണ് എന്റേത്. അതും വലിയൊരു അനുഗ്രമാണ്.

വ്ലോഗി​ങിലെ കോമ്പറ്റീഷന്‍

ശരിയാണ് ഇപ്പോള്‍ എല്ലാവരും വ്ലോഗര്‍മാരാണ്. സമൂഹ മാധ്യമങ്ങളും നിരവധിയാണ്. ഒരു ഫോണും അത്യവശ്യം ആത്മവിശ്വാസവുമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യവുമാണിത്. ഞാനിതില്‍ പക്ഷേ അങ്ങനെ മത്സരം കാണുന്നില്ല. കാരണം ഞാനിത് എന്റെ സന്തോഷത്തിന് വേണ്ടിയാണ് ചെയ്യുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു മനസ്സുഖമുണ്ട് അതൊന്ന് വേറെ തന്നെയാണ്. ഞാന്‍ എന്നെ വ്ലോഗര്‍ എന്ന് വിളിക്കുന്നതിലും ഫുഡീ എന്നാണ് വിളിക്കുന്നത്. അതാണ് ശരി. ഇവിടെ എന്നെ പോലെ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ് എന്റെ കാഴ്ചക്കാരില്‍ ഭൂരിഭാഗവും. അപ്പോള്‍ അതിലൊരു മത്സരമുണ്ടെന്ന് തോന്നുന്നില്ല. 

ലോക്ക്ഡൗണിനിടയിലെ ഫുഡ്ഹണ്ടിങ്

ലോക്ക്ഡൗണില്‍ ലോക്കായി പോകുമെന്ന പേടിയുണ്ടായിരുന്നില്ല. കാരണം രുചി തേടി പോകാന്‍ പറ്റില്ല എന്നല്ലേയുള്ളൂ. നമ്മുടെ രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയൊരു അവസരമാണിത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണരീതികള്‍ ഉണ്ടാക്കി നോക്കുകയാണ് ഇപ്പോഴത്തെ പ്രധാന വിനോദം. അതില്‍ ഭാര്യയും ഉമ്മയും വാപ്പയുമടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ സഹായവുമുണ്ട്‌. മറ്റുള്ള വീഡിയോസിനെക്കാളും നല്ലൊരു ശതമാനം ആളുകള്‍ ഇത് ഇഷ്ടപ്പെടുന്നുവെന്ന് കമ്മന്റുകളും കാഴ്ചക്കാരുടെ എണ്ണം കാണുമ്പോള്‍ മനസിലാകും. ഇതാവുമ്പോള്‍ ആര്‍ക്കും പരീക്ഷിക്കാവുന്ന വിഭവങ്ങളുമാണ്. കഴിക്കാന്‍ എങ്ങും പോകണ്ടല്ലോ.

 
 
 
 
 
 
 
 
 
 
 
 
 

മലയാളിയുടെ വിഭവങ്ങൾ വൈദേശീയവർക്ക് വരെ വിളമ്പി വിസ്മയിപ്പിച്ച നമ്മുടെ സ്വന്തം @chef_pillai യുടെ മാസ്റ്റർപീസ് മീൻ തേങ്ങാപ്പാലിൽ പൊള്ളിച്ചത്. ചെറിയൊരു ഉടായിപ്പ് കാണിച്ചിട്ടുണ്ട്, മനസ്സിലായവർ നാറ്റിക്കരുത് 😉😜 #clubwayanadan #wayanadan #coronamemes #coronadays #homemade #homechef #cooking #cookingram #cookingclass #keralatalents #keralaproud #instamalayali #mallumemes #f52grams #chefdiaries #travelstyle #kochin

A post shared by foodhunter_sabu (@foodhunter_sabu) on

സാബുവിന്റെ പേജില്‍ ഒരുവട്ടം കയറിയാല്‍ പിന്നെ രണ്ടാമത് വരാത്തവര്‍ കുറവായിരിക്കും. അത്രയും അധികം ഭക്ഷണവൈവിധ്യം. അതിന്റെ ഫോട്ടോയും വീഡിയോയും ഇതിന്റെയെല്ലാം വിശദമായ വിവരണങ്ങളില്‍ അതിലുണ്ടാകും. കാണുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്ന നാടെങ്ങുമുള്ള വിഭവങ്ങള്‍ ഇതിനോടകം സാബു രുചിച്ച് നോക്കിക്കഴിഞ്ഞു. ഇനി ലോക്ക്ഡൗണിന് ശേഷം വലിയൊരു പദ്ധതിയുമായി കാത്തിരിക്കുകയാണ് ഈ 'വേട്ടക്കാരന്‍'.

കേരളത്തിലെ 14 ജില്ലകളിലും പോയി പലതരം ഭക്ഷണങ്ങള്‍ കഴിച്ചിട്ടുണ്ട്. ഇനിയും ചെറിയ ചെറിയ ഇടങ്ങള്‍ പലതും ബാക്കിയുണ്ട്. ഈ തിരക്കെല്ലാം കഴിയുമ്പോള്‍ എല്ലായിടത്തും പോകും, സാബു കൂട്ടിച്ചേര്‍ത്തു. ഒരു നാട്ടില്‍ വന്നാല്‍ അവിടെ പോയി കഴിക്കാന്‍ പറ്റിയ നല്ല ഭക്ഷണങ്ങളും സ്ഥലങ്ങളും ചേര്‍ത്ത് ഒറ്റ വീഡിയോ ചെയ്യണം. അത് ഒരിടത്തുനിന്നല്ല എല്ലാ നാട്ടിലെയും. അങ്ങനെ തിരഞ്ഞുനടക്കുന്ന എത്രയോ ആളുകളുണ്ട്. ഇത് അവര്‍ക്കൊരു സഹായവുമാകും. ഇത് കുറെ നാളുകളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണെന്നാണ് സാബു പറയുന്നത്. തത്കാലം വേട്ടയ്‌ക്കൊരു വിശ്രമം, ബാക്കി ലോക്ക്ഡൗണിന് ശേഷം പറയാമെന്ന് സാബു.

Content Highlights: Food Vlogger Foodhunter Sabu speaks about his food experiences