രോഗ്യം കിട്ടുന്ന കുക്കിയും ബ്രഡും ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തിയാലോ. അതിന് ജീമോളുടെ ഈവാസ് ഹെല്‍ത്തി ബേക്ക്സ് എന്ന ഫേസ്ബുക്ക് പേജില്‍ കയറിയാല്‍ മതി.  കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ കഴിക്കാവുന്ന ആരോഗ്യം കേടാക്കാത്ത ഓര്‍ഗാനിക് ബ്രഡുകളും, കുക്കിയുമൊക്കെയാണ് ഈ കൊച്ചിക്കാരിയുടെ സംരംഭം. 

കൃഷിയില്‍ നിന്ന് കിട്ടിയ പാഠം
' വീട്ടുകാരെല്ലാം കര്‍ഷകരായിരുന്നു. സ്‌കൂളിലൊക്കെ പോകുമ്പോ നാട്ടിലുള്ള ഒരേയൊരു ബേക്കറിയുടെ മുന്നില്‍ ഒന്ന് നില്‍ക്കും. പലഹാരങ്ങളൊക്കെ നോക്കി കൊതിയോടെ. അതൊന്നും പപ്പ വീട്ടില്‍ കയറ്റില്ല.'  പക്ഷെ കല്യാണം കഴിഞ്ഞതോടെ ബെംഗളൂരിലും ബോംബെയിലുമൊക്കെയായി ജീമോളുടെ ജീവിതം. ആദ്യത്തെ കുഞ്ഞുണ്ടായപ്പോഴാണ് വീട്ടിലെ ഭക്ഷണം എന്ന ചിന്ത വീണ്ടും വന്നത്. എല്ലാ അമ്മമാരെയും പോലെ കിട്ടുന്നതില്‍ ഏറ്റവും നല്ല ഭക്ഷണം കുഞ്ഞിന് നല്‍കാനായി നെട്ടോട്ടം. ഭര്‍ത്താവ് കോരുത് വര്‍ഗീസിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരാണ്. അവര്‍ സഹായത്തിനെത്തി. 

'മോള്‍ക്ക് ബിസ്‌ക്കറ്റ് വലിയ ഇഷ്ടമായിരുന്നു. ഗോതമ്പ് ബിസ്‌ക്കറ്റ് അധികം നല്‍കുന്നത് നല്ലതുമല്ല. റാഗി, ചോളം, നവധാന്യങ്ങള്‍ എല്ലാം വീട്ടില്‍ ഇഷ്ടം പോലെയുണ്ട്. അങ്ങനെ കുക്കി പരീക്ഷണം തുടങ്ങി.  ആദ്യമൊക്കെ പരാജയമായിരുന്നു. ഓരോ തവണയും എന്താണ് തെറ്റ് വന്നതെന്ന് കുറിപ്പുകള്‍ സൂക്ഷിക്കും. അടുത്ത തവണ അത് ശരിയാക്കും. അന്നൊക്കെ അടുക്കള ഒരു പരീക്ഷണശാലയായിരുന്നു.' ജീമോള്‍ ചിരിയോടെ പറഞ്ഞു. 

ആദ്യ വിപണി
'മോള്‍ ഈവയാണ് എന്റെ ആദ്യ കുക്കികസ്റ്റമര്‍. വീട്ടില്‍ വരുന്ന അഥിതികള്‍ക്കൊക്കെ ചായക്കൊപ്പം നല്‍കിത്തുടങ്ങി. അവരൊക്കെ നല്ലതാണെന്ന് പറഞ്ഞപ്പോള്‍ ആത്മവിശ്വാസമായി. പിന്നെ ഭര്‍ത്താവിന്റെ ഓഫീസിലെ പാര്‍ട്ടികള്‍ക്കും ഈ ബിസ്‌ക്കറ്റായി താരം.' ഈ സമയത്ത് ജീമോളും കുടുംബവും കേരളത്തിലേയ്ക്ക് തിരിച്ചുപോന്നു. രണ്ട് മക്കള്‍കൂടി ജനിച്ചപ്പോള്‍ വീണ്ടും കുക്കി ബിസിനസ് ജീമോള്‍ പൊടി തട്ടിയെടുത്തു. ഈ സമയത്ത് ഫേസ്ബുക്കില്‍ 'ഈവാസ് ഹെല്‍ത്തി ബേക്ക്സ്' എന്ന പേജ് തുടങ്ങി. 'പാചകം പണ്ട് മുതലേ ഇഷ്ടമാണെങ്കിലും രുചി മാത്രമല്ല, ക്വാളിറ്റി കൂടി പ്രധാനമെന്ന തോന്നല്‍ ഉണ്ടായത് മക്കള്‍ക്കു വേണ്ടി സാധനങ്ങള്‍ വാങ്ങേണ്ടിവന്നപ്പോഴാണ്.' 

2013 ല്‍ കൊച്ചി കടവന്ത്രയിലേയ്ക്ക് താമസം മാറി. ബേക്കിങും വീണ്ടും ചെറുതായി തുടങ്ങി. 'അടുത്ത ഫ്ളാറ്റുകളിലും വീടുകളിലും പരിപാടികള്‍ വരുമ്പോള്‍ കുക്കികള്‍ കൊടുത്തു. ചെറിയ എക്സിബിഷനുകള്‍ നടത്തി. ഷുഗര്‍ ഫ്രീ കുക്കികള്‍ക്കൊക്കെ ആവശ്യക്കാരും ഏറെയായിരുന്നു. അമ്മയുടെ പരിചയത്തിലുള്ള കുറച്ച് ഡോക്ടര്‍മാരും കസ്റ്റമേഴ്സായി. അങ്ങനെ റെനെ മെഡിസിറ്റിയിലെ കഫെയില്‍ കുക്കീസ് നല്‍കാനുള്ള ഓര്‍ഡറും കിട്ടി.' ഈ സമയത്ത് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഓര്‍ഡറുകളും എത്തിത്തുടങ്ങിയിരുന്നു. 

വീട്ടമ്മമാര്‍ക്ക് ബേക്കിങ് ക്ലാസും

കുക്കി ഫേമസ് ആയതോടെ വീട്ടമ്മമാര്‍ പലരും പഠിപ്പിക്കാമോ എന്ന് ചോദിച്ചെത്തി. ചെറിയ ഫീസില്‍ ഹോം മെയ്ഡ് ബ്രഡ്ഡിന്റെ ട്രെയിനിങ് ക്ലാസ് തുടങ്ങി. കടവന്ത്രയില്‍ സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടത്തിലായി സംരംഭം. ' ബ്രഡും കുക്കിയുമുണ്ടാക്കാനുള്ള സാധനങ്ങളുടെ ലഭ്യതക്കുറവും വിലയും പലപ്പോഴും ടെന്‍ഷനുണ്ടാക്കാറുണ്ട്. ഓണ്‍ലൈന്‍ വിപണികൊണ്ട് മാത്രം സംരംഭം വിജയമാവില്ല. അങ്ങനെ ഒരു ചെറിയ ഔട്ട് ലെറ്റ് കൂടി തുറന്നു.

ക്ലാസുകളുടെ രജിസ്ട്രേഷനും പ്രൊമോഷനുമെല്ലാം ഫേസ്ബുക്കിലൂടെ തന്നെ. കൊച്ചിയില്‍ നിന്ന് മാത്രമല്ല, കോഴിക്കോട്, തൃശ്ശൂര്‍, ബെംഗളൂര്‍... പഠിക്കാനെത്തുന്നവര്‍ ഏറെയുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ തന്നെ അഞ്ചോളം കടകളും കുറച്ച് സ്‌കൂളുകളും ഈവാസ് ഹെല്‍ത്തി ബേക്ക്സ് പ്രോഡക്ട് വാങ്ങുന്നുണ്ട്. ഗിഫ്റ്റിങ് കമ്പനികള്‍, പ്രവാസികള്‍... നിരവധിപ്പേരാണ് ആവശ്യക്കാര്‍. ഇപ്പോള്‍ വര്‍ഷം 56 ലക്ഷം രൂപയാണ് ജീമോളുടെ വിറ്റുവരവ്. 

സ്വപ്നങ്ങള്‍
ഇഷ്ടമുളള കാര്യം വരുമാനമാര്‍ഗമാകുന്നതാണ് ജീവിതത്തിലെ വലിയ സന്തോഷമെന്ന് ജീമോള്‍ പറയുന്നു. 'പഠിച്ചത് ഫാഷന്‍ ഡിസൈനിങാണ്. വിവാഹത്തിനു ശേഷം വരുമാനമൊന്നുമില്ലാതെ വീട്ടമ്മയായി മാത്രം കഴിയാനും തോന്നിയില്ല.' ക്വാളിറ്റി നഷ്ടപ്പെടാതെ എങ്ങനെ സംരംഭം വലുതാക്കാം എന്ന ആലോചനയിലാണ് ജീമോള്‍ ഇപ്പോള്‍. 'ഓര്‍ഗാനിക്ക് കേക്കും കുക്കീസും ബ്രഡ്ഡും സപ്ലൈ ചെയ്യുന്ന ഓണ്‍ലൈന്‍ സ്റ്റോര്‍  എന്റെ സ്വപ്നത്തിലുണ്ട്. 

ഫുഡ് അലര്‍ജിയുളള കുട്ടികള്‍ക്ക് പ്രത്യേക വിഭവങ്ങളുണ്ടാക്കി വില്‍ക്കണം. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന തേന്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ന്യായ വിലയ്ക്ക് വിപണിയിലെത്തിക്കണം... ജീമോളുടെ ബിസിനസ് സ്വപ്നങ്ങള്‍ ഏറെയാണ്. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
gപുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

 

Content Highlights: Evas Healthy Bakes