തൃശ്ശൂരിലെ സാധാരണ കുടുംബത്തില്‍ നിന്ന് വിവാഹശേഷം ഗള്‍ഫിലേക്കെത്തുമ്പോള്‍ വലിയ സ്വപ്‌നങ്ങളൊന്നും ചിത്രയ്ക്കുണ്ടായിരുന്നു. ചെറുപ്പം മുതലേ കൂട്ടായിരുന്നു പാചകമാണ് ചിത്രയ്ക്ക് ഒഴിവ് വേളകളില്‍ കൂട്ടായത്. ആ പാചകത്തെ കരിയറാക്കി മാറ്റാനുള്ള കരുത്ത് ഭര്‍ത്താവും കുടുംബവും തന്നതോടെ ചിത്രൂസ് റെസിപ്പീസിന് തുടക്കമായി. ഓണ്‍ലൈന്‍ ലോകത്തെ കുറിച്ച് ഒന്നും അറിയാതെ എത്തിയ ചിത്രയ്ക്ക് പാചകത്തോടുള്ള ഇഷ്ടം മാത്രമാണ് കൈമുതല്‍. ചിത്രൂസ് കിച്ചണ്‍ എന്ന യൂട്യൂബ് ചാനലിന്റെ സ്വന്തം ചിത്ര മാത്രഭൂമി ഡോട്ട് കോമിനോട് വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയാണ്.

അങ്ങനെ തുടങ്ങി

വിവാഹം കഴിഞ്ഞ് ഞങ്ങള്‍ അലൈനിലായിരുന്നു ആദ്യം താമസിച്ചത്. ആ സമയത്ത് ബോറടി മാറ്റാനായി നിരവധി കുക്കിങ്ങ് വീഡിയോസ് കാണുമായിരുന്നു എനിക്ക് കുക്കിങ്ങും വളരെയധികം ഇഷ്ടമായിരുന്നു. അപ്പോ അതൊക്കെ കാണുന്നത് വല്ലാത്ത ഹരമായിരുന്നു. ഒരുപാട് യുട്യൂബ് ചാനലുകള്‍ സ്ഥിരമായി കാണുമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും എനിക്കും ചെയ്യാലോ എന്താണ് പ്രശ്നമെന്ന്. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ഓരോന്ന് തയ്യാറാക്കി നല്‍കും. നന്നായിട്ടുണ്ടെന്ന് അവര്‍ പറയുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്. പിന്നെ ഭര്‍ത്താവും നന്നായി പ്രോത്സാഹിപ്പിക്കും. ഭര്‍ത്താവിന്റെ സഹോദരനും വലിയ സപ്പോര്‍ട്ടാണ്.

ആദ്യം ഞാന്‍ കുറേ വീഡിയോസ് ചെയ്ത് നോക്കിയിരുന്നു. ഒന്നും ശരിയായില്ല പ്രധാന പ്രശ്നം എന്റെ ഭാഷ തന്നെയായിരുന്നു ഞാന്‍ നല്ല അസ്സല്‍ തൃശ്ശൂര്‍ക്കാരിയായത് കൊണ്ട് ഫുള്‍സ്റ്റോപ്പില്ലാണ്ട് ഒരു പോക്കാണ് (ചിരിക്കുന്നു) എനിക്ക് എവിടെ നിര്‍ത്തി പറയണം എന്നറിയില്ല. അങ്ങനെ ഞാന്‍ അതൊക്കെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. എന്നാലും വിട്ടുകളയാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഞാന്‍ ഫെയ്സ്ബുക്കില്‍ കുക്കിങ്ങ് റെസിപ്പീസ് എഴുതിയിടാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ ചേട്ടന്‍ ഇത് കണ്ടിട്ട് എന്നോട് ചാനല്‍ തുടങ്ങി കൂടെയെന്ന് ചോദിച്ചു. ഫെയ്സ്ബുക്കില്‍ എഴുതിയിടുന്ന നേരം വീഡിയോ ആക്കികൂടേ നിന്നെ കൊണ്ട് അതിന് പറ്റും എന്ന് പറഞ്ഞു ഇത് തന്നെയായിരുന്നു ഭര്‍ത്താവിന്റെയും അഭിപ്രായം. അങ്ങനെ രണ്ടും കല്‍പ്പിച്ച് ചിത്രൂസ് റെസിപ്പീസ് എന്ന പേരില്‍ ചാനല്‍ തുടങ്ങി.

ആദ്യമായിട്ട് തയ്യാറാക്കിയ ബിരിയാണി

കുക്കിങ്ങ് പണ്ട് തന്നെ ഇഷ്ടമായിരുന്നു ചെറുപ്പത്തില്‍ പാചക പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നു. പക്ഷേ എന്ന് പാചകം ചെയ്യാന്‍ പോയാലും ഗ്യാസ് തീര്‍ന്നിട്ടുണ്ടാവും. അങ്ങനെ മിക്കവാറും എന്റെ പരീക്ഷണങ്ങള്‍ അടുപ്പില്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യമായി ഞാന്‍ ഉണ്ടാക്കിയത് ബിരിയാണിയാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യത്തെ പരീക്ഷണം.

അമ്മച്ചി തയ്യാറാക്കുന്നത് കണ്ട് ആഗ്രഹം തോന്നി ചെയ്യാന്‍ പുറപ്പെട്ടതാണ്. അമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഡബിള്‍ ഓക്കെ. ശരിക്കും അമ്മച്ചിയുടെ ഉദ്ദേശം എന്തായിരുന്നുവെന്നോ... ഗ്യാസ് ഇല്ലാത്തോണ്ട് കഷ്ടപ്പെട്ട് ഞാന്‍ ഈ പണി ചെയ്യില്ലെന്നായിരുന്നു. പക്ഷേ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാണ്ട് അടുപ്പില്‍ തന്നെ ബിരിയാണി വെച്ചു വേവ് അല്‍പ്പം കുറവായിരുന്നു എങ്കിലും നന്നായിരുന്നെന്നാണ്‌ എല്ലാവരും പറഞ്ഞത്. ഞാന്‍ അങ്ങനെ അമ്മച്ചിയെ സഹായിക്കുന്ന ടൈപ്പൊന്നുമല്ല. കൊല്ലത്തില്‍ ഒരിക്കല്‍ അടുക്കളയില്‍ കയറും പാചകം ചെയ്യും അത് അങ്ങോട്ട് അടിപൊളിയാക്കും. ചിക്കന്‍ കറി, പരിപ്പ് പായസം, സാമ്പാര്‍ അങ്ങനെ കുറച്ചൊക്കെ ചെയ്തുള്ളു. അവളെ പാചകം പഠിപ്പിച്ചോളോ കെട്ടിച്ച് വിടാനുള്ളതാണെന്ന് എന്റെ അപ്പച്ചന്‍ അമ്മച്ചിയോട് പറയും. പക്ഷേ അതൊന്നും അമ്മച്ചിക്ക് പ്രശ്നമില്ല അവള്‍ സമയാവുമ്പോള്‍ എല്ലാം അതിന്റെ രീതിക്ക് പഠിച്ചോളും എന്നാണ് പറയുക.

ചെറുപ്പത്തില്‍ ഞാന്‍ ചെറുപയര്‍ പരിപ്പ് പായസം വെച്ചു. എട്ടാം ക്ലാസിലാണ് സംഭവം . അമ്മച്ചിക്ക് അത് ഒരുപാട് ഇഷ്ടപ്പെട്ടു. ആദ്യം രുചിച്ചപ്പോള്‍ തന്നെ അമ്മച്ചി പറഞ്ഞു അടിപൊളി മോളെയെന്ന് പറഞ്ഞു. അതൊരു മറക്കാന്‍ പറ്റാത്ത അനുഭവമാണ്.
ഉരുളി എനിക്ക് പൊക്കാന്‍ പറ്റാത്തത് കൊണ്ട് കുക്കറിലാണ് വെച്ചത്. പായസത്തിന് വേണ്ട തേങ്ങയൊക്കെ ഞാന്‍ തന്നെയാണ് പിഴിഞ്ഞ്. അപ്പുറത്തെ വീട്ടിലുള്ളവര്‍ക്കൊക്കെ കൊടുക്കാന്‍ അമ്മച്ചി പറഞ്ഞു. അതാണ് എനിക്ക് മറക്കാന്‍ പറ്റാത്ത കുക്കിങ്ങ് അനുഭവം

കൈ തെറ്റി വീണ എണ്ണ പാത്രം

പത്തില്‍ പഠിക്കുമ്പോള്‍ ചിക്കന്‍ കട്ലറ്റ് പരീക്ഷിക്കാനായി മോഹം തോന്നി. അങ്ങനെ കടലറ്റ് തയ്യാറാക്കാന്‍ തുടങ്ങി അടുക്കളയില്‍ ഞാന്‍ മാത്രമേയുള്ളു. അടുപ്പിന്റെ തൊട്ടുമുകളിലായിരുന്നു വെളിച്ചെണ്ണ വെച്ചത്. ഒരു റൗണ്ട് കട്ലറ്റ് തയ്യാറാക്കിയപ്പോഴേക്കും എണ്ണ വീണ്ടും ആവശ്യം വന്നു. ഞാന്‍ കുപ്പി എടുത്തു കൈയില്‍ എണ്ണ പറ്റിയിരുന്നത് കൊണ്ട് ഈ എണ്ണ പാത്രം എന്റെ കൈയില്‍ നിന്ന് വഴുതി നേരെ അടുപ്പിലേക്ക് വീണു. തീ ആളിപടരാന്‍ തുടങ്ങി. എന്ത് ചെയ്യണമെന്ന് യാതൊരു ഐഡിയയുമില്ല ശബ്ദം കേട്ട് അപ്പച്ചന്‍ ഓടിയെത്തി. അപ്പോഴേക്കും അടുക്കള മൊത്തം തീ ആളാന്‍ തുടങ്ങി. അപ്പച്ചന്‍ എങ്ങനെയോ ഗ്യാസിന്റെ നോബ് ഓഫ് ആക്കി തീ കെടുത്തി. ഗ്യാസ് പൊട്ടിത്തെറിക്കുമോ എന്ന് പേടിച്ച് വീടിന് പുറത്ത്  നിന്നു. പക്ഷേ ഭാഗ്യത്തിന് അങ്ങനൊയൊന്നും സംഭവിച്ചില്ല. അതൊരിക്കല്ലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്.

ഞാനൊരു ത്യശ്ശുര്‍ക്കാരി

ഞങ്ങളുടെ വീട്ടിലൊക്കെ  നല്ല ജോളിയായി സംസാരിക്കുന്ന ആള്‍ക്കാരാണ് അതും നല്ല അസ്സല്‍ തൃശ്ശൂര്‍ ശൈലിയില്‍. ഭര്‍ത്താവും ഏകദേശം എന്നെ പോലെ തന്നെ. നിര്‍ത്തി പറയാനൊന്നും എനിക്കറിയില്ല .പിന്നീട് വീഡിയോ എടുക്കുന്ന സമയത്ത് നല്ല കോണ്‍ഫിഡന്‍സ് കുറവ് വന്നു അതുകൊണ്ട് തന്നെ ആദ്യം ചെയ്ത കുറച്ച് വീഡിയോസൊക്കെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. പിന്നീടെപ്പോഴോ എന്നെ കൊണ്ടും ചെയ്യാന്‍ പറ്റും എന്നൊരു ഉറച്ച ചിന്ത വന്നു. അങ്ങനെയങ്ങ് തുടങ്ങി ഭാഗ്യത്തിന് ആരും എന്റെ വീഡിയോ കണ്ട് ഭാഷയെ കുറ്റം പറയാറില്ല. തൃശ്ശൂര്‍ഭാഷ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നോട് ഇങ്ങനെ തനതായ ഭാഷയില്‍ സംസാരിക്കാനാണ് എല്ലാവരും പറയുക. എന്റെ സ്പീഡിനെ കുറിച്ചാണ് എല്ലാവരും പറയുന്നത്. ഇതെന്തൂട്ടാ തീവണ്ടിയാണോ. ജെറ്റ് സ്പീഡാണല്ലോ എന്നൊക്കെ അല്ലാതെയുള്ള കമന്റ്സൊന്നും അധികം വരാറില്ല. അതൊക്കെ ഈ കുട്ട്യോള്‍ പരസ്പരം വിളിക്കില്ലേ അത്തരത്തിലേ ഞാന്‍ എടുത്തിട്ടുള്ളൂ.

എന്റെ എനര്‍ജി, എന്റെ ഗുരു, എല്ലാം ​അമ്മച്ചി

അമ്മച്ചിയെ കുറിച്ച്  എന്ത് പറഞ്ഞാലും മതിയാവില്ല. എനിക്ക് എല്ലാ തരത്തിലും പ്രചോദനം നല്‍കിയ വ്യക്തിയാണ് അമ്മച്ചി. എന്നോട് ഇതുവരെ ഒരുകാര്യത്തിനും അമ്മച്ചി നിര്‍ബന്ധിച്ചിട്ടില്ല. അടുക്കളയില്‍ കേറ് അല്ലെങ്കില്‍ ഇത് ചെയ്യ്, അത് ചെയ്യ് അങ്ങനെയൊന്നും പറയില്ല. ഞാന്‍ പണിയെടുക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ്. ചിലപ്പോ പറഞ്ഞ പണി മടി കാരണം ചെയ്യില്ല. തിരിച്ച് വരുമ്പോള്‍ പറഞ്ഞ പണി ചെയ്യാത്തത് കണ്ടാല്‍ ഒന്നും പറയില്ല. ചിരിച്ചിട്ട് പറയും 'നീ നിനക്ക് സമയമാവുമ്പോള്‍ ചെയ്യുമെന്ന് എനിക്കറിയാം. എന്നാലും അമ്മച്ചിക്ക് വയ്യ ട്ടാ ഇടയ്ക്കൊക്കെ ചെയ്തോളോന്ന്'. അത് കേള്‍ക്കുമ്പോള്‍ നെഞ്ചിലൊരു കൊളുത്താണ്. അപ്പോ ഞാന്‍ ഒരോന്ന് ചെയ്യും. കറിക്ക് എത്ര ഉപ്പ് ഇടണം എന്ന് വരെ പഠിപ്പിച്ച് തന്നത് അമ്മച്ചിയാണ്. വീട്ടില്‍ ആളുകള്‍ അധികം വരുമ്പോള്‍ കൂടുതല്‍ കുക്ക് ചെയ്യേണ്ടി വരും അപ്പോള്‍ അമ്മച്ചിയുടെ അടുത്ത് നിന്ന് ഒരോന്ന് പഠിച്ചെടുത്തു. എന്റെ ഭര്‍ത്താവിന്  അമ്മച്ചിയുടെ പോര്‍ക്ക് കറി നല്ല ഇഷ്ടമാണ്. ഞാന്‍ എത്ര വെച്ചാലും ശരിയാവില്ല. പിന്നെ ഞാന്‍ അമ്മ ചെയ്യണത് നോക്കി അത് പഠിച്ചു. അമ്മ തക്കാളി അരിയുന്നത് തന്നെ പ്രത്യേക സ്റ്റെലിലാണ്. എന്റെ ഗുരു അമ്മച്ചിയാണ്. ഇന്നും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ ആദ്യം വിളിക്കുക അമ്മച്ചിയെയാണ്.

എളുപ്പത്തില്‍ ചെയ്യാവുന്ന വിഭവങ്ങള്‍

എല്ലാത്തരം വിഭവങ്ങളും ചെയ്യാന്‍ ഇഷ്ടമാണ്. എല്ലാത്തരത്തിലുമുള്ള വിഭവങ്ങളുടെ റെസിപ്പീസ് യൂട്യൂബില്‍ ലഭ്യമാണ്. അപ്പോള്‍ അത് തന്നെ ആവര്‍ത്തിക്കുന്നതില്‍ എനിക്ക് താത്പര്യമില്ല. കാരണം ആളുകള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം എന്റെ ചാനലില്‍ എന്തെങ്കിലും വ്യത്യസ്തത വേണമല്ലോ. എല്ലാവരും തിരക്ക് പിടിച്ച ലോകത്താണ് അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന റെസിപ്പീസാണ് ഞാന്‍ തിരഞ്ഞടുക്കുക. എങ്ങനെ ഈ വിഭവം എളുപ്പത്തില്‍ തയ്യാറാക്കാം എന്നാണ് എന്റെ ചിന്ത. എനിക്ക് അമ്മച്ചിയാണ് ഇങ്ങനത്തെ ഈസി വിഭവങ്ങള്‍ പറഞ്ഞു തരുക. ഞാന്‍ അമ്മച്ചിയെ വിളിച്ച് മണിക്കൂറുകളോളം റെസിപ്പീസിനെ കുറിച്ച് സംസാരിക്കാറുണ്ട്.

ഒരാള്‍ നമ്മളോട് ഒരു റെസിപ്പി ചോദിച്ചാല്‍ എങ്ങനെയാണ് അവര്‍ക്ക് പറഞ്ഞുകൊടുക്കുക ആ രീതിയിലാണ് ഞാന്‍ റെസിപ്പി അവതരിപ്പിക്കുക. എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ പെട്ടെന്ന് എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങളാണ് പരിചയപ്പെടുത്തുക. അല്ലാതെ ക്യാമറയാണ് മുന്നിലെന്ന് വിചാരിക്കാറില്ല. അത് എനിക്ക് ഇഷ്ടമുള്ളൊരാളാണ് എന്ന ഫീലിലാണ് ഞാന്‍ പറയുന്നത്. അങ്ങനെയല്ലാതെ വെറുതെ നിന്ന് പറഞ്ഞാല്‍ എഡിറ്റിങ്ങിന് വല്ലാതെ ബുദ്ധിമുട്ടും. ഞാന്‍ പറഞ്ഞ് കൊടുക്കുന്നത് കാണുന്നവര്‍ക്ക് മനസില്ലാവുന്നണ്ടെന്ന് അറിയുന്നത് തന്നെ വലിയ സന്തോഷമാണ്. അത്തരത്തില്‍ എനിക്ക് ഒരുപാട് മെസേജുകള്‍ വരാറുണ്ട് ഇതൊക്കെയാണ് ഈ ഫീല്‍ഡിന്റെ സന്തോഷം.

എനിക്ക് വേണ്ടി സമയം മാറ്റിവെയ്ക്കുന്ന ഭര്‍ത്താവ്

എന്റെ ശക്തി എന്റെ ഭര്‍ത്താവാണ്. ഞാന്‍ മൂഡ് ഔട്ടായാലും നീ ചെയ്യ് നിനക്ക് പറ്റും എന്ന് പറയും. എന്തെങ്കിലും റെസിപ്പി ചെയ്ത് വിജയിച്ചാല്‍ ഞാന്‍ ആളെ വിളിച്ച് പറയും. ഓഫീസില്‍ എത്ര തിരക്കാണെങ്കിലും ഞാന്‍ പറയുന്നതെല്ലാം ക്ഷമയോടെ കേള്‍ക്കും നന്നായി, ഇനിയും നന്നായി ചെയ്യു എന്നൊക്കെ പറയും അത്രയ്ക്കും സപ്പോര്‍ട്ടാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ അതിനേക്കാള്‍ സപ്പോര്‍ട്ടാണ്. അവര്‍ തന്നെ എല്ലാവരോടും  ചിത്രൂസ് റെസിപ്പി സബ്സ്‌ക്രൈബ് ചെയ്യാന്‍ പറയും. എന്റെ വീട്ടുകാരെ പറ്റി പറയണ്ടല്ലോ എന്നെ നന്നായി കാണാലോ എന്നാണ് അവര്‍ക്ക് സന്തോഷം

Content Highlights: Chitroos recipes interview