വിറകിട്ടു കത്തിച്ച അടുപ്പുകളില്‍നിന്നും ഊതിയൂതി വളര്‍ന്നതാണ് ചെന്നൈയിലെ ചായക്കടകള്‍. പിന്നീട് ചായ തിളച്ചത് സമോവറിലെ കരിയുടെ ചൂടില്‍. അവിടെ നിന്ന് മണ്ണെണ്ണ സ്റ്റൗവിലേക്കും പിന്നീട് പാചകവാതക സിലിണ്ടറുകളിലേക്കും ചെന്നൈയുടെ ചായസംസ്‌കാരം മാറിമറിഞ്ഞപ്പോള്‍ അത് മലയാളികളുടെ കൂടി ചരിത്രമായി മാറുകയായിരുന്നു. ചെന്നൈയില്‍ മലയാളി ചായക്കട തുടങ്ങിയിട്ട് 150 വര്‍ഷമെങ്കിലുമായിക്കാണുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

പലരും നാടുവിട്ട് ഇവിടെയെത്തി ചായക്കടകളില്‍ ജോലിചെയ്യുകയും പിന്നീട് ഉടമകളായി മാറുകയുമായിരുന്നു. ഇന്ന് നഗരത്തിലുളള എണ്‍പത് ശതമാനം ചായക്കടകളും മലയാളികളുടെ ഉടമസ്ഥതിലുള്ളതാണ്. പ്രതിസന്ധികളുടെയും തിരസ്‌കരണങ്ങളുടെയും ഭീഷണികളുടെയും കൂറ്റന്‍ മതിലുകളോരോന്നും ചാടിക്കടന്ന് ഇന്നിപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കിതച്ചുനില്‍ക്കുകയാണ് ചെന്നൈയിലെ ചായക്കടകള്‍. ഇതിന് നന്ദിപറയേണ്ടത് മലയാളികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച 'ചെന്നൈ മെട്രോപൊളിറ്റന്‍ ചായക്കട ഉടമസ്ഥസംഘം' എന്ന സംഘടനയ്ക്കാണ്. 

തുടക്കം

1981-ലാണ് ചെന്നൈ ചായക്കട ഉടമസ്ഥസംഘം പ്രവര്‍ത്തനം തുടങ്ങുന്നത്. സംഘടനയുടെ ബലമില്ലെങ്കില്‍ നൂറുകണക്കിന് ചായക്കട തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടുമെന്ന അവസ്ഥ വന്നപ്പോഴാണ് തുടക്കം. സമൂഹദ്രോഹികളും ഗുണ്ടകളും വിളയാടിയിരുന്ന ഇടമായിരുന്നു അന്ന് ചായക്കടകള്‍. കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ണില്‍ക്കണ്ട നിയമങ്ങളുമായി ചായക്കടക്കാരെ ധര്‍മസങ്കടത്തിലാക്കി. തെളിയാത്ത കേസുകളില്‍ പ്രതികളാക്കിക്കൊണ്ടായിരുന്നു പോലീസ് ചായക്കടക്കാരെ 'തലോടി'യത്. പാല്‍ വില്‍പ്പനക്കാരുടെ ഭീഷണിയായിരുന്നു മറ്റൊരു പ്രശ്‌നം. കടകള്‍ക്കുമുന്നില്‍ പശുക്കളെ എത്തിച്ച് 'ലൈവായി' കറന്നായിരുന്നു അന്ന് പാല്‍ നല്‍കിയിരുന്നത്

ഇടയ്ക്കിടെ പാല്‍വില കൂട്ടി ഇവര്‍ ചായക്കടക്കാരെ സമ്മര്‍ദത്തിലാക്കി. വെള്ളം കലര്‍ത്തിയ പാലിനെ ചോദ്യംചെയ്തവര്‍ക്ക് ഭീഷണി നേരിടേണ്ടിവന്നു. ഇതോടൊപ്പം പാല്‍ വില്‍പ്പനക്കാര്‍ യൂണിയന്‍ രൂപവത്കരിച്ചു. ചായക്കടകള്‍ക്ക് പാല്‍ നല്‍കില്ലെന്ന് ഇവര്‍ ഭീഷണി മുഴക്കി. അന്ന് പാല്‍ പാക്കറ്റുകളില്‍ ലഭ്യമല്ലായിരുന്നു. പാല്‍ക്കാരുടെ തലക്കനത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ തങ്ങള്‍ക്കും ഒരു കൂട്ടായ്മ അനിവാര്യമാണെന്ന തോന്നലില്‍നിന്നാണ് ചായക്കട ഉടമസ്ഥസംഘത്തിന്റെ ഉദയം.

ഉടമസ്ഥസംഘത്തിന്റെ ഉദയം

ആദ്യ പ്രസിഡന്റ് വി. ചൊക്കലിംഗവും സെക്രട്ടറി ടി. അനന്തനുമായിരുന്നു. ചായക്കട നടത്തണമെങ്കില്‍ അക്കാലത്ത് പോലീസ് ലൈസന്‍സ് ആവശ്യമായിരുന്നു. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത നിയമമായിരുന്നു ഇത്. ചായക്കടകളില്‍ പത്രം വായിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്യുന്നു എന്നുള്ള കാരണത്താലായിരുന്നു പോലീസ് ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്. 1992-ല്‍ സംഘടന ഇതിനെതിരെ പ്രക്ഷോഭം തുടങ്ങി. ഇതേത്തുടര്‍ന്ന് 1998-ല്‍ ചെന്നൈയിലെ ചായക്കടകള്‍ക്കുള്ള പോലീസ് ലൈസന്‍സ് റദ്ദാക്കി. ചായക്കടകള്‍ക്കുള്ള കോര്‍പ്പറേഷന്‍ ലൈസന്‍സ് നിരക്ക് 250 രൂപയില്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തിയപ്പോഴും സമരത്തിലൂടെ ആവശ്യം നേടിയെടുത്തു.

ചായക്കടകളില്‍ വടയും ബോണ്ടയും വിറ്റാല്‍ ആദ്യ കാലത്ത് പോലീസ് കേസെടുക്കുമായിരുന്നു. അതിനെതിരെയും പോരാടി വിജയം നേടി. അടുപ്പില്‍നിന്നും മണ്ണെണ്ണ സ്റ്റൗവില്‍നിന്നും കരിയില്‍നിന്നും പാചകവാതക സിലിണ്ടറിലേക്കുമുള്ള മാറ്റം അതിവേഗത്തിലാക്കിയതും സംഘടനയുടെ ഇടപെടലുകളിലൂടെയായിരുന്നു. 

ഏഴായിരത്തോളം ചായക്കടകള്‍, അമ്പതിനായിരത്തോളം തൊഴിലാളികള്‍

ഇന്നിപ്പോള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഏഴായിരത്തോളം ചായക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതിനായിരത്തോളം പേര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. ചായക്കടകളില്‍ ഭൂരിഭാഗവും അസോസിയേഷനില്‍ അംഗങ്ങളാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന 'കോടതി'യാണ് ചായക്കട ഉടമസ്ഥ സംഘം. ഓരോ വര്‍ഷവും രക്തദാനക്യാമ്പുകള്‍ നടത്തി സര്‍ക്കാര്‍ ആസ്പത്രികളിലേക്ക് രക്തമെത്തിക്കുന്നുണ്ട്. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 80,000 രൂപ വിലമതിപ്പുളള പരിശോധനായന്ത്രങ്ങള്‍ സംഭാവന ചെയ്തു. ചെന്നൈയില്‍ വെള്ളപ്പൊക്കം കൊടുംദുരന്തം വിതച്ചപ്പോള്‍ അവിടെയെത്തി ചായയും ബിസ്‌കറ്റും നല്‍കി ഒട്ടേറെ പാവങ്ങളുടെ താത്കാലിക വിശപ്പടക്കി. ഇങ്ങനെ എണ്ണിപ്പറയാവുന്നതില്‍ കൂടുതല്‍ സദ്കര്‍മങ്ങള്‍ സംഘടന നടത്തുന്നുണ്ട്. 

മലയാളികള്‍ കുറയുന്നു, ഉത്തരേന്ത്യക്കാര്‍ കൂടുന്നു

ചെന്നൈ നഗരത്തിലെ ചായക്കടകളില്‍ എണ്‍പതുശതമാനവും മലയാളികളുടെ ഉടമസ്ഥതയിലാണെങ്കിലും കേരളത്തില്‍നിന്നെത്തുന്ന തൊഴിലാളികള്‍ കുറയുന്നുണ്ടെന്ന് സംഘടനാഭാരവാഹികള്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ഉടമകളും തൊഴിലാളികളും മലയാളികളായിരുന്നു. എന്നാല്‍, അഭിമാനക്ഷതം മലയാളികളെ ഈ തൊഴില്‍നിന്നും പതുക്കെ അകറ്റിത്തുടങ്ങി. ചായക്കട തൊഴിലാളി എന്നാല്‍ സമൂഹത്തില്‍ വിലയില്ലെന്ന തോന്നല്‍ പലരിലുമുണ്ടായി.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിതേടുകയായി അവരുടെ ലക്ഷ്യം. കേരളത്തില്‍ കെട്ടിടനിര്‍മാണ ജോലിക്കുപോകുന്നതില്‍ പലരും താത്പര്യം കാട്ടി.  അങ്ങനെ പതുക്കെ മലയാളികളായ ചായക്കടത്തൊഴിലാളികള്‍ ചെന്നൈയിലേക്കുളള വരവുകുറച്ചു. മലയാളികള്‍ കുറഞ്ഞപ്പോള്‍ തമിഴ്നാട്ടുകാര്‍ ഈ രംഗത്തെത്തിയെങ്കിലും പതിയെ അവര്‍ക്കും ഇതില്‍ താത്പര്യം കുറഞ്ഞു. ഇപ്പോള്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ധാരാളമായി ചെന്നൈയിലെ ചായക്കടകളില്‍ ജോലിചെയ്യുന്നു. തമിഴ്നാട്ടുകാര്‍ ചായക്കടതൊഴിലാളികളായി എത്തിയപ്പോള്‍ സ്വന്തമായി കട തുടങ്ങണമെന്നതായിരുന്നു അവരുടെ ആഗ്രഹമെന്നും എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്നെത്തുന്നവര്‍ തൊഴിലാളികളായി തുടരാന്‍ മാത്രമാണ് താത്പര്യം കാട്ടുന്നതെന്നും ചില ചായക്കട ഉടമകള്‍ പറയുന്നു. അതേസമയം, ഇവര്‍ സംഘമായി ചേര്‍ന്ന് മുറി വാടകയ്‌ക്കെടുത്ത് ചായയുണ്ടാക്കി ഫ്‌ലാസ്‌കുകളിലാക്കി തെരുവുകളില്‍ വില്‍പ്പന നടത്തുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്.

എളുപ്പമല്ല, ചായക്കട ഉടമയാകാന്‍ 

ചെന്നൈയില്‍ ചായക്കട സ്വന്തമായി തുടങ്ങുക അത്ര എളുപ്പമുളള കാര്യമല്ലെന്നാണ് ചായക്കട ഉടമസ്ഥസംഘത്തിന്റെ നിരീക്ഷണം. ചായക്കടകള്‍ നടത്താന്‍ കെട്ടിട ഉടമകള്‍ കട നല്‍കുന്നത് കുറഞ്ഞു എന്നതാണ് വാസ്തവം. ശുചിത്വമില്ലായ്മയും ആളുകള്‍ കൂട്ടംകൂടുമെന്നും പറഞ്ഞാണ് പലരും കടകള്‍ നല്‍കാത്തത്. ആള്‍ത്തിരക്കുളള സ്ഥലത്ത് കടയ്ക്കുള്ള മുറി കണ്ടെത്തുന്നത് വലിയ കടമ്പയാണ്. ഇത്തരം സ്ഥലങ്ങളില്‍ കട തുടങ്ങണമെങ്കില്‍ വാടകയായി ഏറ്റവും ചുരുങ്ങിയത് പത്തായിരം രൂപയെങ്കിലും നല്‍കണം.

ഇതോടൊപ്പംതന്നെ കെട്ടിട ഉടമ പറയുന്ന പണം മുന്‍കൂറായി കെട്ടിവെക്കുകയും വേണം. ചിലയിടങ്ങളില്‍ രേഖകളൊന്നുമില്ലാതെ 'പകിട'യായി പണം ഈടാക്കാറുമുണ്ടത്രെ. അഡ്വാന്‍സും പകിടയും തന്നെ ചിലപ്പോള്‍ ലക്ഷങ്ങള്‍ വരും. കട ലഭിച്ചാല്‍ ചായമടിച്ച് മോടിപ്പെടുത്തണം. ആകര്‍ഷകമായ ടൈല്‍സുകളോ, ഗ്രാനൈറ്റുകളോ പതിപ്പിക്കാനും ചെലവുണ്ട്. ചായ ഉണ്ടാക്കുന്ന പാത്രങ്ങള്‍ ഗ്ലാസുകള്‍, പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സജ്ജീകരിക്കണം.

ഇതൊക്കെ പൂര്‍ത്തിയായാല്‍ കുറച്ചു പാലും തേയിലയും പഞ്ചാസാരയുമുണ്ടെങ്കില്‍ കട പ്രവര്‍ത്തനം തുടങ്ങാം. പക്ഷേ, വിശ്വസ്തതയും ആത്മാര്‍ഥതയുമുള്ള തൊഴിലാളികളെ കിട്ടിയില്ലെങ്കില്‍ കാര്യം കുഴഞ്ഞതുതന്നെ. ചായക്കട തുടങ്ങാനുള്ള കോര്‍പ്പറേഷന്‍ ലൈസന്‍സിന് പ്രയാസമില്ലെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ ഭാരിച്ചതാണ്. ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കേണ്ടിയും വന്നേക്കാം. 1500 രൂപ മാത്രമാണ് ലൈസന്‍സ് നിരക്ക്.

കച്ചവടത്തിനനുസരിച്ച് പ്രതിവര്‍ഷം ചുരുങ്ങിയത് 1300 രൂപ മുതല്‍ മുകളിലോട്ടുള്ള തുക തൊഴില്‍നികുതിയായി കെട്ടണം. സാധാരണഗതിയില്‍ ചായ ഉണ്ടാക്കുന്ന തൊഴിലാളികള്‍ രണ്ടു ഷിഫ്റ്റുകളിലായാണ് ജോലിചെയ്യുക. പുലര്‍ച്ചെ നാലുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഒന്നുമുതല്‍ രാത്രി ഒമ്പതുവരെയുമാണിത്. ഇവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കേണ്ടതും ചായക്കട ഉടമസ്ഥര്‍തന്നെ. ചായ ഉണ്ടാക്കുന്ന ഒരു തൊഴിലാളിക്ക് ഒരു ഷിഫ്റ്റില്‍ 500 മുതല്‍ 800 രൂപ വരെ വേതനം നല്‍കേണ്ടി വരുന്നു.

വട, ബജി, ബോണ്ട ഉണ്ടാക്കുന്നവരുടെ ശമ്പള നിരക്കും ഏതാണ്ടിത്രത്തോളം വരും. സാധാരണനിലയില്‍ ചായക്കടകളില്‍ നഷ്ടം സംഭവിക്കല്‍ അപൂര്‍വമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ലാഭവും നഷ്ടവും അതതു ദിവസങ്ങളില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് ഈ ബിസിനസ്സിന്റെ ഏറ്റവുംവലിയ ഗുണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ചായക്കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം

ചെന്നൈ പോലെ ഉറക്കമില്ലാത്ത നഗരത്തില്‍ ചായക്കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നാണ് ചായക്കട ഉടമസ്ഥസംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ചായക്കടകള്‍ മുന്നറിയിപ്പില്ലാതെ സീല്‍വെക്കുന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിയമത്തിന് വിധേയമായിട്ടല്ല മറിച്ച് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് ചായക്കടകള്‍ക്ക് സീല്‍വെക്കുന്നത്.

ആസ്പത്രി, ഐ.ടി. കമ്പനികള്‍ തുടങ്ങിയവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ബസ്സുകള്‍, തീവണ്ടികള്‍ എന്നിവ ദിവസം മുഴുവന്‍ ഓടുന്നുണ്ട്. ജനങ്ങള്‍ക്ക് ഉന്മേഷം പകര്‍ന്നു നല്‍കുന്ന ചായക്കടകള്‍ മാത്രം എന്തിനാണ് രാത്രി അടച്ചിടാന്‍ പറയുന്നത് എന്നാണ് അസോസിയേഷന്റെ ചോദ്യം. അടുത്തിടെ അഭിരാമപുരത്ത് രാവിലെ ആറുമണിക്ക് ചായക്കട തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസെത്തി കട പൂട്ടിച്ച് കേസെടുത്ത സംഭവം ഗൗരവപരമായിട്ടാണ് സംഘടന കാണുന്നത്. സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാത്തതിന്റെ പേരില്‍ മൈലാപ്പൂരില്‍ ചായക്കട പൂട്ടിച്ച പോലീസ് നടപടിയിലും ഇവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. രാത്രി 11-നും പുലര്‍ച്ചെ നാലിനുമിടയില്‍ ചായക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നാണ് നിലവിലുള്ള നിയമം. 

സംഘടനയുടെ തേരാളികള്‍

ചായക്കട ഉടമസ്ഥസംഘത്തെ ചലനാത്മകമായി ഇന്നും നിലനിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിരവധി മലയാളികളുണ്ട്. സ്ഥാപക സെക്രട്ടറിയായിരുന്ന ടി. അനന്തന്‍ സംഘടനയുടെ തുടക്കംമുതല്‍ സജീവമായി രംഗത്തുണ്ട്. നിലവില്‍ അദ്ദേഹം പ്രസിഡന്റാണ്. ഇ. സുന്ദരവും സി.കെ. ദാമോദരനുമാണ് യഥാക്രമം സെക്രട്ടറിയും ട്രഷററും. സി.പി. അച്യുതന്‍, മണി, കെ.ടി.കെ. അരവിന്ദന്‍, പ്രഭാകരന്‍, സി.കെ. ചാത്തു, സി. സുബ്രഹ്മണ്യന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പത്തു ജോയന്റ് സെക്രട്ടറിമാരും കമ്മിറ്റിയംഗങ്ങളും വേറെയും. എം. ഗോപാലന്‍, കെ.കെ. ബാലന്‍, വി.കെ. ബാലന്‍, വി.പി. വിജയന്‍, ടി.ടി. സുകുമാരന്‍, പി.പി. ശശി, കെ. പുരുഷോത്തമന്‍, പി.ജി. രാജന്‍, കെ.പി. സജീവന്‍, ഉണ്ണികൃഷ്ണന്‍, ടി.കെ. മനോജ്, സി. രാധാകൃഷ്ണന്‍, കെ. ഗോവിന്ദന്‍, കെ. രാജന്‍ തുടങ്ങിയവര്‍ എന്തു പ്രശ്‌നപരിഹാരത്തിനും ഏതുനേരത്തും സജീവമായി രംഗത്തുണ്ട്. അസോസിയേഷന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച മുന്‍ പ്രസിഡന്റുമാരായ വി.സി. ദാമോദരന്‍, കാര്‍ഗി, അഡ്വ. പി.വി. ഭക്തവത്സലം തുടങ്ങിയവരെ സംഘടന ഇന്നും സ്മരിക്കുന്നു. പ്രസിഡന്‍ായിരുന്ന വി.സി. ദാമോദരന്റെ മരണം റോയപ്പേട്ടയിലെ അസോസിയേഷന്‍ ഓഫീസില്‍ വച്ചു തന്നെയായിരുന്നു.